കലാഞ്ജലി യൂത്ത് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സംഘടിപ്പിച്ച പുസ്തകപ്രദർശനം ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അസം ഖാൻ, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അണ്ടർ സെക്രട്ടറി സാക്ഷി ദവാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ഖിയാഫ് പുസ്തകപ്രദർശനത്തിന് തുടക്കമായി
ദോഹ: കലാഞ്ജലി യൂത്ത് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം (ഖിയാഫ്) സംഘടിപ്പിക്കുന്ന പുസ്തകപ്രദർശനം ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അസം ഖാനും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അണ്ടർ സെക്രട്ടറി സാക്ഷി ദവാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ലിപ്സി സാബു സന്നിഹിതയായിരുന്നു. ഖിയാഫ് ചെയർമാൻ ഹുസൈൻ കടന്നമണ്ണ, പ്രസിഡന്റ് ഡോ. കെ.സി. സാബു, ജനറൽ സെക്രട്ടറി തൻസീം കുറ്റ്യാടി, ട്രഷറർ അൻസാർ അരീമ്പ്ര, മറ്റ് ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പ്രദർശനത്തിൽ ഖത്തറിൽ താമസിക്കുന്ന ഇന്ത്യൻ എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഥകൾ, നോവലുകൾ, ഗവേഷണഗ്രന്ഥങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ പ്രദർശനത്തിലുണ്ട്. പ്രശസ്തരായ എഴുത്തുകാരുടെ കൃതികൾക്കൊപ്പം വിദ്യാർഥികളായ പുതുതലമുറ എഴുത്തുകാരുടെ പുസ്തകങ്ങളും പ്രദർശനത്തിന്റെ പ്രത്യേകതയാണ്.
വായനക്കാരെയും പുസ്തകപ്രേമികളെയും എഴുത്തുകാരുമായി കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ പുസ്തകങ്ങൾ പരിചയപ്പെടാനും എഴുത്തുകാരുമായി നേരിട്ട് സംവദിക്കാനും സന്ദർശകർക്ക് ഇതിലൂടെ അവസരം ലഭിക്കും. പ്രദർശനത്തിലെ പുസ്തകങ്ങൾ ശ്രദ്ധാപൂർവം വീക്ഷിച്ച അസം ഖാൻ പുസ്തകങ്ങളുടെ വൈവിധ്യത്തെ അഭിനന്ദിച്ചു. സാക്ഷി ദവാർ ഇംഗ്ലീഷ് പുസ്തകങ്ങൾ പരിചയപ്പെടുകയും പ്രദർശനത്തിലെ പുസ്തകശേഖരത്തെ അഭിനന്ദിക്കുകയും ചെയ്തു. ഒക്ടോബർ 30 വരെ എല്ലാ ദിവസവും വൈകീട്ട് അഞ്ചു മുതൽ രാത്രി ഒമ്പതു വരെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.