ദോഹ: രാജ്യത്തുടനീളം 5,28,000 ത്തിലധികം സ്മാർട്ട് വൈദ്യുതി മീറ്ററുകളും 4,60,000ത്തിലധികം സ്മാർട്ട് ജല മീറ്ററുകളും സ്ഥാപിച്ച് കഹ്റമാ സേവന മുന്നേറ്റം തുടരുന്നു. തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായി രാജ്യവ്യാപകമായി നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയിൽ മികച്ച മുന്നേറ്റമുണ്ടാക്കിയതായി ഖത്തറിലെ ജല-വൈദ്യുതി വിഭാഗമായ കഹ്റമാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെ അറിയിച്ചു. സാധാരണ മീറ്ററുകൾക്ക് പകരം ഡിജിറ്റൽ സാങ്കേതികവിദ്യയുള്ള മീറ്ററുകൾ എല്ലാ ഉപഭോക്താക്കൾക്കും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പൊതു സേവനങ്ങൾക്കായി സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ ഖത്തറിന്റെ മികവ് ശക്തിപ്പെടുത്താൻ സാധിക്കും.ഖത്തർ നാഷനൽ വിഷൻ 2030ന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഇതിലൂടെ സാധ്യമാക്കുന്നു. 12ലധികം ഉപ പ്രോജക്ടുകൾ ഉൾപ്പെടുന്ന വലിയ പദ്ധതിയാണിത്.
2025 അവസാനത്തോടെ എല്ലാ വൈദ്യുതി മീറ്ററുകളും, 2027ഓടെ എല്ലാ ജല മീറ്ററുകളും സ്മാർട്ടാക്കി മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ അത്യാധുനിക സ്മാർട്ട് മീറ്ററുകൾ, പ്രവർത്തന കാര്യക്ഷമതയും ഒട്ടേറെ സാങ്കേതിക സവിശേഷതകളാലും സജ്ജീകരിച്ചിരിക്കുന്നു. ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്ററുകൾ വഴി ഉപയോഗിക്കുന്ന വൈദ്യുതിയുടെയും വെള്ളത്തിന്റെയും കൃത്യമായ തോത് അറിയാൻ സാധിക്കുന്നതോടൊപ്പം മീറ്റർ വഴി പ്രീ-പേമെന്റും നടത്താനും സാധിക്കും.
പ്രധാന ഡിജിറ്റൽ സിസ്റ്റം വഴി ലഭിക്കുന്ന പ്രോഗ്രാമുകൾ വിശകലനം ചെയ്യാനും അതുവഴി പ്രവർത്തന ക്ഷമത വർധിപ്പിക്കാനും സ്മാർട്ട് മീറ്ററുകൾ സഹായിക്കും. കൂടാതെ ഫീൽഡ് സേവനങ്ങളുടെ ചെലവ് വലിയ തോതിൽ കുറക്കാമെന്നതും ഇതിന്റെ സവിശേഷതകളിൽ പെടുന്നു. വൈദ്യുതിയും വെള്ളവും പാഴായി പോകുന്നത് കുറക്കാനും ഉപഭോഗ വിവരങ്ങൾ കൃത്യതയോടെ ഏത് സമയവും നിരീക്ഷിക്കാനും സ്മാർട്ട് മീറ്ററിൽ സംവിധാനമുണ്ട്. ജലവും വൈദ്യുതിയും പാഴാക്കുന്നവരെയും നിയമലംഘകരെയും കണ്ടെത്താൻ കഴിയുമെന്നതും നിയമലംഘനത്തിന്റെ ഉറവിടം കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുമെന്നതും ഇതിന്റെ മേന്മയാണ്.ജല-വൈദ്യുത ഉപഭോഗത്തിന്റെ ട്രാക്കിങ്, തകരാറുകൾ നേരത്തേ കണ്ടെത്തി ചെലവില്ലാതെ പരിഹരിക്കൽ, പ്രോപ്പർട്ടി കൈമാറ്റം, വേഗത്തിൽ ബില്ലിങ് നടപടിക്രമങ്ങൾ തുടങ്ങി വിവിധ സജ്ജീകരണങ്ങൾ സ്മാർട്ട് മീറ്ററിൽ ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ ഉപഭോഗം സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ മനസ്സിലാക്കാം. ഇതുവഴി കൂടുതൽ ഉത്തരവാദിത്തത്തോടെ ജല-വൈദ്യുതി ഉപഭോഗം നിർവഹിക്കാനും സാധിക്കും.
എല്ലാ സ്മാർട്ട് മീറ്ററുകളും കേന്ദ്രീകൃത സംവിധാനവുമായി ബന്ധിപ്പിക്കുകയും ഇതിലൂടെ കൃത്യമായ മീറ്റർ റീഡിങ്ങുകൾ, ഓട്ടോമേറ്റഡ് ബില്ലിങ് എന്നിവ സാധ്യമാകുന്നു.ഓട്ടോമാറ്റിക് ഉപഭോഗ നിരീക്ഷണവും ബില്ലിങ്ങും നടക്കുന്നതിലൂടെ കഹ്റമാ ജീവനക്കാർക്ക് സാങ്കേതിക നവീകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും. കൂടാതെ പദ്ധതിയലൂടെ കുറഞ്ഞ കാർബൺ ബഹിർഗമനം, പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം, കൂടുതൽ കാര്യക്ഷമമായ പ്ലാനിങ് എന്നിവ സാധ്യമാക്കാം.ദീർഘകാലാടിസ്ഥനത്തിൽ കണക്കാക്കുമ്പോൾ, ഈ പദ്ധതി ചെലവുകൾ കുറക്കുകയും നെറ്റ്വർക്കിന്റെ ശേഷി വർധിപ്പിക്കുയും ചെയ്യുന്നു. ജനസംഖ്യ വർധനയും നഗരമേഖല വികസിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൃത്യമായി ആവശ്യങ്ങൾ മനസ്സിലാക്കി ഇനി പദ്ധതികൾ രൂപവത്കരിക്കാം. പദ്ധതിയിലൂടെ ഉപഭോക്താക്കളുടെ ഡേറ്റ വിശകലം മെച്ചപ്പെടുത്താനും, അവരുടെ ആവശ്യങ്ങളും ഉപയോഗ രീതികളും തിരിച്ചറിയാനും, ഊർജ ഉൽപാദനം കാര്യക്ഷമമാക്കാനും കഹ്റമായെ സഹായിക്കുന്നു.
സാങ്കേതികതയുടെ വളർച്ച രാജ്യത്തിന്റെ ഊർജത്തിന്റെ ആവശ്യകതയും കൂട്ടിയിട്ടുണ്ട്. ഇതിനാൽ, കാര്യക്ഷമമായ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ആവശ്യമായി വരുകയാണ്.ഖത്തറിന്റെ കാലാവസ്ഥക്കും ഊർജ ഉത്തരവാദിത്തങ്ങൾക്കും ഇത് അത്യാന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ മേഖലയിലെ ഡിജിറ്റൽ മുന്നേറ്റത്തിൽ ഒരു നാഴികക്കല്ലായി കഹ്റമായുടെ സ്മാർട്ട് മീറ്റർ പദ്ധതി നിലകൊള്ളുന്നു. എല്ലാ താമസക്കാരും സംരംഭകരും ഈ ഡിജിറ്റൽ മാറ്റത്തിന്റെ ഭാഗമാകണമെന്ന് കഹ്റമാ ആവശ്യപ്പെട്ടു. സ്മാർട്ട് മീറ്ററിന്റെ നേട്ടങ്ങൾ കൈവരിക്കാൻ ഉപഭോക്താക്കളുടെ പങ്കാളിത്തം അനിവാര്യമാണെന്നും ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.