ദോഹ: ഇസ്രായേലിന്റെ ആക്രമണം ഗസ്സ മുനമ്പിനെ മനുഷ്യവാസ യോഗ്യമല്ലാത്ത പ്രദേശമാക്കി മാറ്റിയതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഗസ്സയിലെ വെടിനിർത്തൽ ലംഘനത്തിൽ ഖത്തർ അമീർ അപലപിച്ചു. രണ്ട് വർഷമായി ഗസ്സ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്നത് വംശഹത്യയാണ്. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ അന്താരാഷ്ട്ര നിയമങ്ങൾക്ക് കഴിയുന്നില്ല എന്നത് ഖേദകരമാണെന്നും അമീർ പറഞ്ഞു.
ശൂറ കൗൺസിലിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര സമൂഹത്തിലെ സജീവ പങ്കാളി എന്ന നിലയിൽ അറബ്-ഇസ് ലാമിക സമൂഹം നേരിടുന്ന വെല്ലുവിളികളെ ഖത്തർ ഫലപ്രദമായി നേരിടുമെന്നും ഒരു ശ്രമവും പാഴാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷങ്ങൾ പരിഹരിക്കുന്നതിലും മാനുഷിക ശ്രമങ്ങളിലും മധ്യസ്ഥത വഹിക്കുന്ന ഖത്തർ, അന്താരാഷ്ട്ര തലത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. എങ്കിലും, രാജ്യത്തിന്റെ ശ്രമങ്ങൾക്ക് വലിയ വില നൽകേണ്ടി വന്നിട്ടുണ്ട്. ഖത്തറിന്റെ പരമാധികാരത്തിനുമേൽ രണ്ട് അതിക്രമങ്ങളുണ്ടായി. ആദ്യത്തേത് ഇറാനും രണ്ടാമത്തേത് ഇസ്രായേലുമാണ് നടത്തിയത്. ഹമാസ് ചർച്ചാ പ്രതിനിധി സംഘത്തെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണത്തിൽ, ഒരു റെസിഡൻഷൽ ഏരിയെയാണ് ലക്ഷ്യമിട്ടത്. ബോംബാക്രമണത്തിൽ ഒരു ഖത്തർ പൗരൻ ഉൾപ്പെടെ ആറു പേർ രക്തസാക്ഷികളായി.
മധ്യസ്ഥത വഹിക്കുന്ന രാഷ്ട്രത്തിനെതിരെയും ചർച്ച നടത്തുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളെ വധിക്കാൻ ശ്രമിച്ചതിലൂടെയും ഇസ്രായേൽ എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചു. ഇസ്രായേലിന്റെ ആക്രമണം ഭീകരവാദമാണെന്നും ഖത്തർ അമീർ പറഞ്ഞു.
ആഗോള പൊതുജനാഭിപ്രായവും ലോകമെമ്പാടുമുള്ള സമാധാനപ്രിയരായ എല്ലാവരും സ്വീകരിക്കുന്ന നിലപാടുകളുമായി ഞങ്ങൾ യോജിക്കുന്നു. എല്ലാ അധിനിവേശങ്ങളെയും അനീതിയെയും വംശീയതയെയും സെമിറ്റിക് വിരുദ്ധതയും ഇസ് ലാമോഫോബിയയും ഉൾപ്പെടെ ഒരുപോലെ നിരാകരിക്കുന്ന തത്വാധിഷ്ഠിത നിലപാടാണിത്.
നീതിയുക്തമായ പരിഹാരം കാണുന്നതുവരെ, അന്താരാഷ്ട്ര സമൂഹം ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകണം. അവരുടെ ന്യായമായ അവകാശങ്ങൾക്കായി ഐക്യദാർഢ്യം പ്രകടിപ്പിക്കണം. വംശഹത്യക്ക് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുകയും വേണമെന്നും അമീർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.