ജനീവ: ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ മേഖലയിൽ അത്യന്തം അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് ഖത്തർ. സംഘർഷഭരിതമായ ലോകക്രമത്തിൽ സമാധാനം രൂപപ്പെടുത്തുന്നതിൽ നയതന്ത്രത്തിനും സുരക്ഷക്കും വലിയ പങ്കുണ്ടെന്നും യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുറഹ്മാൻ അൽ മുഫ്താ വ്യക്തമാക്കി. ജനീവ സെന്റർ ഫോർ സെക്യൂരിറ്റി പോളിസിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഇറാന്റെ ഊർജ നിലയങ്ങൾക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഖത്തർ ആദ്യം തന്നെ അപലപിച്ചിരുന്നു. എന്നാൽ ഖത്തറിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ഇറാൻ പ്രത്യാക്രമണം മേഖലയിലെ സ്ഥിരത തകർക്കുന്ന നടപടിയാണ്. ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റവുമാണ്.
ഖത്തറിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. മേഖലയിൽ യുദ്ധം ഒഴിവാക്കാൻ ഖത്തർ ആത്മാർത്ഥമായി ശ്രമിച്ചു. പക്ഷെ, ആ ശ്രമങ്ങൾക്കിടയിലും ഖത്തറിന്റെ ഭൂപ്രദേശത്തിനു നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായെന്നും അവർ വ്യക്തമാക്കി.
തർക്കങ്ങൾ നയതന്ത്രത്തിലൂടെ മാത്രമേ പരിഹരിക്കാവൂ എന്നതാണ് ഖത്തറിന്റെ ഉറച്ച നിലപാട്. നിലവിലെ സാഹചര്യത്തിൽ പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങൾ സമഗ്രമായി പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. മേഖലയുടെ സുരക്ഷക്കായി ഗൾഫ് രാജ്യങ്ങൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്നും മനുഷ്യാവകാശങ്ങളും സുരക്ഷയും കൈകോർത്ത് പോകണമെന്നും അവർ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഡോ. ഹിന്ദ് അൽ മുഫ്താ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.