ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസശ്കിയാൻ
ദോഹ: മേഖലയെ യുദ്ധഭീതിയിലേക്ക് നയിച്ച് ഇറാൻ -ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇറാൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. സംഘർഷം രൂക്ഷമാവുന്നതിനിടെ ശനിയാഴ്ചയാണ് അമീർ പ്രസിഡന്റ് ഡോ. മസ്ഊദ് പെസശ്കിയാനെ വിളിച്ചത്.ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നതായി അമീർ സംഭാഷണത്തിൽ ആവർത്തിച്ചു.
ഇറാന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും തത്ത്വങ്ങളുടെയും വ്യക്തമായ ലംഘനവുമാണ് ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷം അവസാനിപ്പിച്ച് മേഖലയെ സമഗ്രവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുന്ന നയതന്ത്ര പരിഹാരങ്ങളിൽ എത്തിച്ചേരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അമീറുമായി സംസാരിച്ചിരുന്നു. നേരത്തേ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ട് ഖത്തറിന്റെ നിലപാട് അറിയിച്ചിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും കഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.