സൂഖ് വാഖിഫിൽ നടക്കുന്ന അന്താരാഷ്ട്ര തേൻ വിപണന മേളയിൽ നിന്ന്
ദോഹ: കൊതിയൂറും മധു നുകർന്ന് സൂഖ് വാഖിഫിലെ അന്താരാഷ്ട്ര തേനുത്സവം തുടരുന്നു. ഫെബ്രുവരി രണ്ടിന് ആരംഭിച്ച ആറാമത് അന്താരാഷ്ട്ര തേനുത്സവം ഫെബ്രുവരി എട്ട് വരെ നീണ്ടുനിൽക്കും.
27 രാജ്യങ്ങളിൽ നിന്നായി 107 പ്രദർശകർ പങ്കെടുക്കുന്ന തേനുത്സവത്തിൽ പ്രാദേശികവും അന്തർദേശീയവുമായ 60 തരം തേനുകളാണ് സന്ദർശകർക്കായി വിൽപനക്കും പ്രദർശനത്തിനുമായി അണിനിരത്തിയിരിക്കുന്നത്. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രൈവറ്റ് എൻജിനീയറിങ് ഓഫിസ് മാനേജിങ് ഡയറക്ടർ റാഷിദ് അൽ നുഐമി നിർവഹിച്ചു. ചടങ്ങിൽ സൂഖ് വാഖിഫ് മാനേജ്മെന്റ് പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഫ്രാൻസ്, ബോസ്നിയ-ഹെർസഗോവിന എന്നീ രണ്ട് രാജ്യങ്ങൾ ആദ്യമായി പങ്കെടുക്കുന്നുവെന്ന സവിശേഷതയും ഈ പതിപ്പിനുണ്ട്. ഒമ്പത് പ്രാദേശിക ഫാമുകൾ ഉൾപ്പെടെ 54 പ്രാദേശിക കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് റാഷിദ് അൽ സുവൈദി പറഞ്ഞു. എല്ലാ ജി.സി.സി രാജ്യങ്ങളുടെയും പങ്കാളിത്തമുള്ള മേളയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദർശകർ പങ്കാളിത്ത നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും തേനിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടെന്നും പരിശോധന നടത്താനായി പൊതുജനാരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അൽ നുഐമി പറഞ്ഞു. തേൻ ഇനങ്ങളിൽ പ്രസിദ്ധിയാർജിച്ച കിർഗിസ്താൻ തേനുകളുമായി കിർഗിസ്താൻ കമ്പനികളുടെ പങ്കാളിത്തം പ്രദർശനത്തിന് മികവ് നൽകുമെന്നും ഗുണനിലവാരത്തിലും ആവശ്യകതയിലും മുൻനിരയിലാണ് ഇതെന്നും ഖത്തറിലെ കിർഗിസ്താൻ അംബാസഡർ മറാത് നൂറലിയേവ് പറഞ്ഞു.
ദോഹ: ഈത്തപ്പഴവും പച്ചക്കറികളും ഉൾപ്പെടെ തദ്ദേശീയ കാർഷിക ഉൽപാദനം എന്നപോലെ തേൻ ഉൽപാദന ഫാമുകൾക്കും മികച്ച പിന്തുണയുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. മന്ത്രാലയത്തിനു കീഴിലെ കാർഷിക വിഭാഗമാണ് രാജ്യത്തെ തേനീച്ച കൃഷിക്ക് പ്രോത്സാഹനവുമായി രംഗത്തെത്തുന്നത്. തേനീച്ചക്കൂടുകൾ സ്ഥാപിക്കുക, വേനൽക്കാല ശീതീകരണ സൗകര്യങ്ങൾ ഒരുക്കുക, തേൻ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സഹായിക്കുക എന്നിവയുമായി മന്ത്രാലയം കർഷകർക്ക് മികച്ച സേവനങ്ങളാണ് ഒരുക്കുന്നതെന്ന് കാർഷിക വിഭാഗത്തിലെ കാർഷിക ഉപദേശക -സേവന വിഭാഗം മേധാവി അഹമ്മദ് അൽ യാഫി അറിയിച്ചു.
സൂഖ് വാഖിഫിൽ അന്താരാഷ്ട്ര തേൻ പ്രദർശനവും വിൽപനയും ആരംഭിച്ച പശ്ചാത്തലത്തിൽ ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശക്തമായ ചൂടുകാലത്ത് ഇവക്ക് വളരാനുള്ള ആവാസ വ്യവസ്ഥ ഒരുക്കലാണ് ഏറ്റവും വലിയ വെല്ലുവിളി. കൂടുകൾക്ക് തണലൊരുക്കിയും അവയിലേക്ക് വെള്ളമെത്തിക്കാൻ പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്യും. മരുഭൂമിയിൽ കൂളറുകൾ സ്ഥാപിച്ചും തേനീച്ചക്ക് തങ്ങാൻ പറ്റിയ അന്തരീക്ഷമൊരുക്കുന്നു. ഖത്തറിലേതുപോലെ സമാനമായ കാലാവസ്ഥയുള്ള നാടുകളിലെ തേനീച്ച വളർത്തൽ രീതികൾ കൂടി പിന്തുടർന്നാണ് ഏറെ ശാസ്ത്രീയ മാർഗങ്ങളിലൂടെ കർഷകർക്ക് പിന്തുണ നൽകുന്നതെന്നും അഹമ്മദ് അൽ യാഫി പറഞ്ഞു. തേനീച്ച കർഷകർക്ക് തേനുൽപാദനത്തിലും വിളവെടുപ്പിലുമുള്ള പരിശീലനം, തേൻ ശേഖരണം പൂർത്തിയാക്കിക്കഴിഞ്ഞാൽ ഇവക്ക് തദ്ദേശീയ വിപണി കണ്ടെത്താൻ മുനിസിപ്പാലിറ്റി മന്ത്രാലയം നേതൃത്വത്തിൽ വിവിധ ഏജൻസികളുമായി ചേർന്ന് വിൽപന സൗകര്യവും ഒരുക്കുന്നുണ്ട്. സിദ്ർ, സമുർ, അൽ റാബി എന്നീ മൂന്ന് ഇനങ്ങളിലുള്ള തേനുകളാണ് ഖത്തറിൽ ഉൽപാദിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നതും ആവശ്യക്കാരുള്ളതും സിദ്ർ തേനിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.