ദോഹ: അടുത്തവർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ നാലാം റൗണ്ട് ഏഷ്യൻ യോഗ്യതാ മത്സരങ്ങൾക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി ഖത്തർ ഇന്ന് ബഹ്റൈനുമായി സൗഹൃദമത്സരം കളിക്കും. അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
സെപ്റ്റംബർ ഏഴിന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ റഷ്യയുമായി മറ്റൊരു സൗഹൃദമത്സരം കൂടി ഖത്തർ കളിക്കും. അടുത്തവർഷം നടക്കുന്ന ലോകകപ്പ് യോഗ്യതാ നാലാം റൗണ്ട് പോരാട്ടങ്ങളില്‍ ഖത്തറിന്റെ സാധ്യത വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ രണ്ട് രാജ്യങ്ങളുമായി സൗഹൃദമത്സരങ്ങൾ കളിക്കുന്നത്. പരിശീലന ക്യാമ്പിനും രണ്ട് സൗഹൃദമത്സരങ്ങൾക്കുമായി 26 അംഗ ടീമിനെയാണ് പരിശീലകനായ ജൂലൻ ലോപ്റ്റെഗി തിരഞ്ഞെടുത്തത്.
ലോകകപ്പ് യോഗ്യതാ നാലാം റൗണ്ട് പോരാട്ടങ്ങളില്‍ ഖത്തറിന് യു.എ.ഇയും ഒമാനുമാണ് എതിരാളികൾ. നാലാം റൗണ്ടിലേക്ക് യോഗ്യത നേടിയ ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചപ്പോള്‍ ഖത്തറിന് നേരിടാനുള്ളത് ശക്തരായ യു.എ.ഇയെയും ഒമാനെയുമാണ്. ഗ്രൂപ് ബിയിൽ സൗദി അറേബ്യ, ഇറാഖ്, ഇന്തോനേഷ്യ എന്നിവരാണുൾപ്പെടുന്നത്. ഗ്രൂപ് എയിലെ മത്സരങ്ങൾ ഖത്തറിലും ഗ്രൂപ് ബിയിലെ മത്സരങ്ങൾക്ക് സൗദി അറേബ്യയിലുമായിരിക്കും നടക്കുക. ഒക്ടോബർ എട്ടുമുതൽ 14വരെയാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ദോഹയിലാണ് ഖത്തറുള്പ്പെട്ട എ ഗ്രൂപ്പിലെ മത്സരങ്ങള്‍ നടക്കുന്നത്. ഒക്ടോബര്‍ എട്ടിന് ഖത്തര്‍ ഒമാനെയും പതിനൊന്നിന് യു.എ.ഇ ഒമാനെയും നേരിടും. പതിനാലിനാണ് ഖത്തറും യു.എ.ഇയും തമ്മിലുള്ള മത്സരം. ഗ്രൂപ്പിലെ ജേതാക്കള്‍ക്ക് നേരിട്ട് ലോകകപ്പ് യോഗ്യത ലഭിക്കും.
2022ൽ ആതിഥേയരായി അരങ്ങേറ്റം കുറിച്ച ഖത്തർ തുടർച്ചയായ രണ്ടാം തവണയും ഫിഫ ലോകകപ്പ് മത്സരത്തിന് യോഗ്യത നേടാനാണ് ലക്ഷ്യമിടുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സൂപ്പർ താരം ഹസൻ അൽ ഹൈദോസിനെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു. യു.എസ്.എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ ഇടം നേടുന്നതിനായി ടീം വരാനിരിക്കുന്ന വെല്ലുവിളികൾക്കായി തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.