ദോഹ: മൂന്നാമത് കതാറ രാജ്യാന്തര അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവലിന് ഇന്ന് കതാറ ബീച്ചിൽ തുടക്കമാകും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ, ഖത്തർ ഇക്വസ്ട്രിയൻ ഫെഡറേഷൻ, റേസിങ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേള ഫെബ്രുവരി ഒന്നുമുതൽ 11 വരെ നടക്കും.
18 രാജ്യങ്ങളിൽനിന്നുള്ള കുതിരകൾ ഫെസ്റ്റിവലിൽ മാറ്റുരക്കാനെത്തും. അറേബ്യൻ പെനിൻസുല ഹോഴ്സ് ചാമ്പ്യൻഷിപ്പിനാണ് ആദ്യദിനം സാക്ഷ്യം വഹിക്കുക. ഇത് ഫെബ്രുവരി നാലുവരെ നീളും. ഫെബ്രുവരി ആറിന് കുതിരലേലവും ഫെബ്രുവരി എട്ടുമുതൽ 11 വരെ ടൈറ്റിൽ ഷോയും നടക്കും.
ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രദർശനങ്ങൾ, കലാ ശിൽപശാലകൾ, മത്സരങ്ങൾ, തത്സമയ കലാപരിപാടികൾ എന്നിവയുൾപ്പെടെയുള്ള 30ലേറെ സാംസ്കാരിക പരിപാടികൾ നടക്കും. കതാറ കോർണിഷിൽ ഹോഴ്സ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട കരകൗശലവസ്തുക്കൾ, കട്ടിങ് ആൻഡ് പേസ്റ്റിങ് വർക്ക് ഷോപ്പുകൾ, തയ്യൽ കുതിരപ്പാവകൾ, പേപ്പിയർ-മാഷെ, നെയിൽ ആൻഡ് ത്രഡ് വർക് ഷോപ്പ് എന്നിവയടക്കമുള്ള ആറ് വർക്ക് ഷോപ്പുകൾ നടക്കും. സ്റ്റെയിൻ ഗ്ലാസിൽ സാധാരണ കുതിരയുടെ വലുപ്പത്തിൽ ചിത്രകാരൻ താരിഖ് മാർകേഷ് നടത്തുന്ന കലാസൃഷ്ടിയുടെ തത്സമയ പ്രകടനവും അരങ്ങേറും. ഇബ്നു അൽ റീബ് സ്ട്രീറ്റിലെ 15 പൂക്കടകളുടെ പങ്കാളിത്തത്തോടെ ‘വീലിങ് ഓഫ് റോസസ്’സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.