ദോഹ: അടുത്തയാഴ്ച ഖത്തറിൽ കിക്കോഫ് കുറിക്കുന്ന ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ സംഘാടനത്തിനായി തയാറെടുത്ത് 400ലേറെ വളന്റിയർ സംഘം. ഖത്തർ ആതിഥേയത്വം വഹിച്ച ഐതിഹാസിക ടൂർണമെന്റുകളുടെ ഹൃദയമിടിപ്പായിരുന്ന വളന്റിയർമാർ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ വിജയത്തിലും നിർണായക ഘടകമായി പ്രവർത്തിക്കും.
17 മേഖലകളിലായി 450 വളന്റിയർമാരെയാണ് ടൂർണമെന്റ് സംഘാടനത്തിനായി ഫിഫ തെരഞ്ഞെടുത്തിരിക്കുന്നത്. ടൂർണമെന്റിന് മുമ്പുള്ള പ്രവർത്തനങ്ങൾ, ആരാധകർക്കായുള്ള സേവനം, മാധ്യമ പ്രവർത്തകർക്കുള്ള സേവനം, അക്രഡിറ്റേഷൻ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഖത്തർ വേദിയായ എല്ലാ ടൂർണമെന്റുകളുടെയും അടിത്തറയാണ് സന്നദ്ധ പ്രവർത്തകരെന്നും, ഓരോ ടൂർണമെന്റിനായും ഖത്തറിലെത്തുന്നവർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കാൻ സന്നദ്ധ പ്രവർത്തകരുടെ സംഭാവന പ്രധാനമാണെന്നും ടൂർണമെന്റ് പ്രാദേശിക സംഘാടക സമിതി അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഹയ അൽ നുഐമി പറഞ്ഞു.
ഫിഫ ലോകകപ്പിന് പുറമേ കഴിഞ്ഞ വർഷം ഖത്തർ വേദിയായ ഏഷ്യൻ കപ്പ് 2023ന്റെ വിജയത്തിലും ഈ സന്നദ്ധ പ്രവർത്തകർ വലിയ സംഭാവനയാണ് നൽകിയതെന്നും ഹയ അൽ നുഐമി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.