എച്ച്.എം.സി സാംക്രമികരോഗ വിഭാഗം തലവൻ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ
ദോഹ: പകർച്ചപ്പനി സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ച് ആരോഗ്യമന്ത്രാലയം. ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവരുടെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ പകർച്ചപ്പനി വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ചത്. വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ചതോടെ രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ ചികിത്സ കേന്ദ്രങ്ങളിലും ഹമദ് മെഡിക്കൽ കോർപറേഷൻ ഔട്ട്പേഷ്യൻറ് ക്ലിനിക്കുകളിലും രാജ്യത്തുടനീളമുള്ള 45ലധികം സ്വകാര്യ, അർധ സ്വകാര്യ ക്ലിനിക്കുകളിലും പൊതുജനങ്ങൾക്ക് സൗജന്യ വാക്സിൻ ലഭ്യമാണ്.
ഫ്ലൂ സീസൺ അടുത്തുതുടങ്ങിയതോടെ ആരോഗ്യമേഖല ശക്തമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നതെന്നും അതിന്റെ ഭാഗമായാണ് സെപ്റ്റംബർ ആദ്യത്തിൽ തന്നെ വാക്സിനേഷൻ ആരംഭിക്കുന്നതെന്നും കോവിഡ് നാഷനൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാനും എച്ച്.എം.സി സാംക്രമികരോഗ വിഭാഗം തലവനുമായ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു. സാധാരണയായി എല്ലാ വർഷവും പല വിഭാഗത്തിലുള്ള ഫ്ലൂ വകഭേദങ്ങൾക്ക് ആളുകൾ വിധേയമാകുന്നതിനാൽ വൈറസിനെതിരായ പ്രതിരോധശേഷി വർധിപ്പിക്കാൻ കാരണമാകാറുണ്ട്.
എന്നാൽ, കോവിഡ് മഹാമാരിയുടെ തുടർച്ചയായി കഴിഞ്ഞ രണ്ട് സീസണുകളിൽ ചെറിയ പനി ബാധിച്ചാൽ രോഗപ്രതിരോധശേഷി കുറയുകയാണ് -ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ വ്യക്തമാക്കി. ഓരോ വർഷവും വൈറസിൽ മാറ്റം വരുന്നതിനാൽ എല്ലാ വർഷവും സീസണൽ ഫ്ലൂ വാക്സിൻ സ്വീകരിക്കേണ്ടത് ഏറെ പ്രാധാന്യത്തോടെ കാണണം. ഇതിനെ ഒരിക്കലും നിസ്സാരമായി നാം സമീപിക്കരുത്.
പനി ബാധിച്ചാൽ ചില സമയങ്ങളിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടതായും ചിലപ്പോൾ മരണം വരെ സംഭവിക്കാനിടയുണ്ടെന്നും അതിനാൽ രോഗത്തെ വില കുറച്ച് കാണരുതെന്നും ഡോ. അൽ ഖാൽ മുന്നറിയിപ്പ് നൽകി.
ഏറെ ഗൗരവമേറിയതാണ് പകർച്ചപ്പനിയെന്നും, ആറുമാസം പ്രായം കഴിഞ്ഞവരെല്ലാം സ്വയം സുരക്ഷ ഉറപ്പുവരുത്താനായി വാക്സിൻ സ്വീകരിക്കണമെന്നും ചില വിഭാഗക്കാർക്ക് ഏറെ അപകടകാരിയായി മാറാനിടയുണ്ടെന്നും ആരോഗ്യമന്ത്രാലയം ആരോഗ്യസുരക്ഷ, സാംക്രമികരോഗ വിഭാഗം മാനേജർ ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു.'ഏതു പ്രായക്കാർക്കും പനി ബാധിക്കാം. എന്നാൽ, ചില വിഭാഗക്കാർ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
50 വയസ്സ് പിന്നിട്ടവർ, മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവർ, ആറുമാസത്തിനും അഞ്ചു വയസ്സിനുമിടയിലുള്ളവർ, ഗർഭിണികൾ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ തുടങ്ങിയവരെല്ലാവരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു'-ഡോ. അൽ റുമൈഹി വിശദീകരിച്ചു. കഴിയുന്നതും വേഗത്തിൽ പനി വാക്സിൻ സ്വീകരിക്കണമെന്നും എല്ലാവരും വാക്സിൻ സ്വീകരിച്ച് സ്വയം സുരക്ഷ ഉറപ്പുവരുത്തണമെന്നും പി.എച്ച്.സി.സി ഡോ. ഖാലിദ് ഹാമിദ് അൽ അവാദ് പറഞ്ഞു. വാക്സിൻ സുരക്ഷിതമാണെന്നും പനി പിടിപെടാതിരിക്കാനും പകരാതിരിക്കാനുമുള്ള അവസരം കുറക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് വാക്സിനെന്നും ഡോ. അൽഅവാദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.