നിർമാണം പൂർത്തിയായ ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 33 റോഡ്
ദോഹ: ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 33 റോഡ് വികസനം പൂർത്തിയാക്കി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. എക്സ്പ്രസ് വേ പാതയാക്കി അഞ്ചു കിലോമീറ്റർ നീളത്തിലുള്ള റോഡ് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തതായി അഷ്ഗാൽ അറിയിച്ചു. ഈസ്റ്റ് സ്ട്രീറ്റ് 33 ഇന്റർചേഞ്ചിൽനിന്നും ഇൻഡസ്ട്രിയൽ ഏരിയ റോഡിൽനിന്നും വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിലേക്ക് അതിവേഗത്തിൽ യാത്ര ഉറപ്പാക്കികൊണ്ട് പുതിയ റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. മൂന്നുവരിയിൽനിന്ന് നാലുവരിയായി റോഡിനെ മാറ്റിയതോടെ ഒരു മണിക്കൂറിൽ 16,000 വാഹനങ്ങൾക്ക് അതിവേഗത്തിൽ തന്നെ കടന്നുപോകാൻ കഴിയും. ഇതിനു പുറമെ, രണ്ട് പുതിയ ഇന്റർചേഞ്ചുകളിലൂടെ സ്ട്രീറ്റ് 33 റോഡിനെ അൽ കസറാത് സ്ട്രീറ്റും വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നു. മേഖലയിൽ റോഡുയാത്ര വേഗത്തിലാക്കുന്നതിനൊപ്പം, ചെറുപാതകളിലെ സഞ്ചാരം ഒഴിവാക്കി യാത്ര എളുപ്പമാക്കാനും വഴിയൊരുക്കുന്നു.
ന്യൂ ഇൻഡസ്ട്രിയൽ ഏരിയ, നോർത്ത്, സൗത്ത് ഇൻഡസ്ട്രിയൽ ഏരിയകളിലേക്കും ഒപ്പം, അൽ കറജത്ത് സ്ട്രീറ്റ്, അൽ മനാജിർ സ്ട്രീറ്റ്, അൽ ബനാ, അൽ തഖ തുടങ്ങിയ പ്രധാന പ്രാദേശിക പാതകളുമായി ബന്ധിപ്പിച്ചും മേഖലയിലെ ഗതാഗതം കൂടുതൽ സുഗമമാക്കി മാറ്റും. രാജ്യത്തെ പ്രധാന റിങ് റോഡുകൾക്കൊപ്പം, ഇൻഡസ്ട്രിയൽ ഏരിയ, ജി റിങ്, ഈസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റ്, വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റ് എന്നിവയുടെ നിലവാരമുയർത്തി, ഗതാഗതം കൂടുതൽ എളുപ്പമാക്കുകയെന്നത് അഷ്ഗാലിന്റെ പ്രധാന ലക്ഷ്യമാണെന്ന് ഹൈവേ പ്രോജക്ട് വിഭാഗം മാനേജർ എൻജി. ബദർ ദാർവിഷ് പറഞ്ഞു. നിർമാണത്തിന്റെ 80 ശതമാനവും പ്രാദേശികമായ അസംസ്കൃത വസ്തുക്കളുടെ ഉപയോഗത്തിലൂടെയാണെന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.