ഇൻഡസ്ട്രിയൽ ഏരിയയിൽ മൂന്നാം ഘട്ടം നവീകരണം പൂർത്തിയാക്കിയ മലിനജല ശുദ്ധീകരണ പ്ലാന്റ്
ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ മലിനജല ശുദ്ധീകരണ പ്ലാൻറിന്‍റെ മൂന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. ഇതോടെ പ്രതിദിന പ്രവർത്തന ശേഷി 30,000 ക്യുബിക് മീറ്റർ കൂടി വർധിപ്പിച്ചു. പ്രതിദിനം പ്ലാൻറിൽ ശുദ്ധീകരിച്ച് സംഭരിക്കാനുള്ള ശേഷി 90,000 ക്യൂബിക് മീറ്ററായാണ് ഉയർന്നത്. ഇൻഡസ്ട്രിയൽ ഏരിയയിലെ രണ്ടു കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് പ്ലാന്റുള്ളത്. 2014ൽ പ്രതിദിനം 12,000 ക്യൂബിക് മീറ്റർ പ്രവർത്തന ശേഷിയിലായിരുന്നു പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഘട്ടംഘട്ടമായി നവീകരണം പൂർത്തിയാക്കിയ അശ്ഗാൽ 2015ലും, 2017ലുമായി ശേഷി വർധിപ്പിച്ച് 60,000 ക്യൂബിക് മീറ്റർ കപ്പാസിറ്റിയിലെത്തിച്ചു.
ഇൻഡസ്ട്രിയൽ ഏരിയ പ്ലാൻറിന്‍റെ പ്രവർത്തനം ഘട്ടം ഘട്ടമായി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നവീകരണ പദ്ധതിയെന്ന് അശ്ഗാൽ ട്രീറ്റ്മെൻറ് പ്ലാൻറ് ആൻഡ് നെറ്റ്വർക് പ്രൊജക്സ് സെക്ഷൻ മേധാവി എൻജി. അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ സുലൈതി പറഞ്ഞു. ഇൻഡസ്ട്രിയൽ മേഖലയിലെ ജനസംഖ്യ വർധനവിനും നഗരവത്കരണത്തിനും ആനുപാതികമായി അടിസ്ഥാന സൗകര്യ വികസനവും ഇതുവഴി ഉറപ്പുവരുത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.