ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇന്ത്യാ സന്ദർശനത്തിനിടെ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടൊപ്പം

ഇന്ത്യയും ഖത്തറും സൗഹൃദ കിസ്സ തുടരുന്നു

1800കളിൽ ഗുജറാത്തിൽനിന്നെത്തിയ വ്യാപാരികൾ, ഖത്തറിലെ മുത്തുവ്യാപാരികൾക്ക് പണം വായ്പ നൽകിയിരുന്നെന്നാണ് ചരിത്രം. ബ്രിട്ടന്റെ കോളനിയായിരുന്ന ഖത്തറിൽ ഇന്ത്യൻ കറൻസിയായ രൂപ ഏറെക്കാലം വിനിമയമായി ഉപയോഗിച്ചിരുന്നു. 1966ൽ റിയാൽ പുതിയ കറൻസിയായി അവതരിപ്പിക്കുന്നതുവരെ ഇന്ത്യൻ രൂപ ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിന്റെ അടയാളമായി നിലകൊണ്ടു. 1970 കളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധത്തിന് തുടക്കമിടുന്നത്

വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയുടെ ജനാധിപത്യ സങ്കൽപങ്ങളും സാഹോദര്യവും നമ്മുടെ മഹത്തായ പൈതൃകങ്ങളും ഇന്നും ലോകജനത അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. പ്രകൃതി, മാനുഷിക വിഭവങ്ങളിൽ എക്കാലത്തും ലോകത്തിന്റെ കണ്ണ് ഭാരതത്തിലേക്കായിരുന്നു. അതായിരുന്നു ഇന്ത്യയിലേക്കുള്ള വൈദേശികാധിനിവേശത്തിന്റെ ഹേതുവും.

ഒടുങ്ങാത്ത ഈ അഭിനിവേശമാണ് പോർച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും നമ്മുടെ രാജ്യത്തെ അവരുടെ കോളനികളാക്കി തീർക്കാൻ ഇടവരുത്തിയത്. അവരിൽ നിന്നെല്ലാം സ്വതന്ത്രമായ ഇന്ത്യ നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ സൂക്തം ആത്മാവാക്കി പ്രയാണം തുടങ്ങിയിട്ട് 78 വർഷങ്ങൾ കഴിഞ്ഞിരിക്കയാണ്. സമാനതകളില്ലാത്ത വ്യക്തികളും ഗ്രൂപ്പുകളും തമ്മിലുള്ള ഐക്യത്തിന്റെയും ഒരുമയുടെയും പ്രതീകമായാണ് ഈ വാക്യം ഉപയോഗിക്കുന്നത്. ഇന്ത്യയുടെ മഹത്വത്തിന്‍റെ മറ്റൊരദ്യായവും ഈ വാക്കുകൾ തന്നെയായിരുന്നു. പിന്നിട്ട കാലങ്ങൾ ഇന്ത്യയെന്ന രാജ്യത്തിന്‍റെ വളർച്ചയുടെയും ഉ‍യർച്ച‍യുടെയും നാളുകളായിരുന്നു.

ഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നിലപാട് വിശദീകരിക്കുന്നതിനായി സുപ്രിയ സുലേ എം.പിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം ഖത്തറിലെത്തിയപ്പോൾ

ലോക രാജ്യങ്ങളുമായി മികച്ച ബന്ധങ്ങൾ സ്ഥാപിച്ചും സഹകരണം നടത്തിയും രാജ്യം അന്നും ഇന്നും മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു. അതിൽ മുന്നിട്ട് നിൽക്കുന്നത് ജി.സി.സി രാജ്യങ്ങളുമായുള്ള വ്യാപാരമാണ്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം അനുദിനം വർധിച്ചു വരുകയാണ്. രാജ്യത്തിനായി അവർ നൽകുന്ന സംഭാവനകളും വർധിച്ചു കൊണ്ടിരിക്കുന്നു. വർഷങ്ങളോളം അന്യരാജ്യത്ത് താമസിച്ച് പരിചയിച്ചവർ നാട്ടിലേക്ക് കൊണ്ടുവരുന്നതും ആ സംസ്കാരങ്ങളും ബിസിനസ് ചിന്തകളുമാണ്. അതിന്‍റെ ഫലമായി ഒരു കാലത്ത് ഗൾഫ് രാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന പല സംരംഭങ്ങളും ഇന്ന് നമ്മുടെ നാട്ടിലുമുണ്ട്. നമ്മളാൽ അന്യരാജ്യം മാത്രമല്ല വളരുന്നത്, അതുവഴി നമ്മളും സ്വന്തം വീടും നാടും രാജ്യവുമാണ്.

പ്രവാസികളുടെ പ്രധാന തൊഴിൽ ദാതാവായും നാടിന്‍റെ സാമ്പത്തിക വളർച്ചയിൽ മുഖ്യ പങ്കായും ഗൾഫ് രാജ്യങ്ങൾ വർത്തിക്കാൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ ഒഴിച്ചു കൂടാനാകാത്ത ദൃഢബന്ധവും ഈ രാജ്യങ്ങളുമായി ഇന്ത്യക്കുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) 2023-24 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെത്തിയ വിദേശ പണങ്ങളുടെ ആകെ മൂല്യത്തിന്‍റെ 38 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ഇതേ സാമ്പത്തിക വർഷത്തിൽ ഇന്ത്യക്ക് ലഭിച്ച ആകെ തുക 129.4 ബില്യൺ ഡോളറാണ്. ഇതിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള തുക മാത്രം ഏകദേശം 49 ബില്യൺ ഡോളർ വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പുതിയ കണക്കുകൾ പ്രകാരം ജി.സി.സി രാജ്യങ്ങളിലായി 90 ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പേർ യു.എ.ഇയിലാണ്. ഏകദേശം 35.5 ലക്ഷം ഇന്ത്യക്കാർ യു.എ.ഇയിലുണ്ടെന്നാണ് കണക്ക്. രണ്ടാമത് സൗദിയാണ് 26.4 ലക്ഷം. 13.75 ലക്ഷം പേരുമായി ഒമാനും 10 ല‍ക്ഷം പേരുമായി കുവൈത്തും യഥാക്രമം മൂന്നും നാലും സ്ഥാനത്തുണ്ട്. ഖത്തറിൽ 8.35 ലക്ഷത്തോളം ഇന്ത്യക്കാരാണുള്ളത്. അഥവാ ജനസംഖ്യയുടെ 30 ശതമാനത്തോളം പ്രവാസി ഇന്ത്യക്കാണുള്ളത്. ഏറ്റവും കുറവ് ബഹ്റൈനിലാണുള്ളത് -3.2 ലക്ഷം പേർ.

ഖത്തർ-ഇന്ത്യ ഭായി ഭായി

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്കും അറബ് മേഖലയിലെ കരുത്തരായ ഖത്തറിനും സൗഹൃദത്തിന്റെ കഥകൾ പറയാനേറെയുണ്ട്. പ്രാചീനകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രധാനമായും വാണിജ്യ -വ്യാപാര മേഖലകളിലായിരുന്നു. ജോലിയും കച്ചവടവും ലക്ഷ്യംവെച്ച് ഇന്ത്യയുടെ പലഭാഗങ്ങളിൽനിന്ന് ഖത്തറിലേക്ക് കുടിയേറ്റമുണ്ടായിട്ടുണ്ട്.

1800കളിൽ ഗുജറാത്തിൽനിന്നെത്തിയ വ്യാപാരികൾ, ഖത്തറിലെ മുത്തുവ്യാപാരികൾക്ക് പണം വായ്പ നൽകിയിരുന്നെന്നാണ് ചരിത്രം. ബ്രിട്ടന്റെ കോളനിയായിരുന്ന ഖത്തറിൽ ഇന്ത്യൻ കറൻസിയായ രൂപ ഏറെക്കാലം വിനിമയമായി ഉപയോഗിച്ചിരുന്നു. 1966ൽ റിയാൽ പുതിയ കറൻസിയായി അവതരിപ്പിക്കുന്നതുവരെ ഇന്ത്യൻ രൂപ ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിന്റെ അടയാളമായി നിലകൊണ്ടു. 1970 കളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധത്തിന് തുടക്കമിടുന്നത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുപ്പവും നയതന്ത്രബന്ധവും ഏറെ മുന്നോട്ടുപോയി. ഇന്ന് ഖത്തറിലെ ഏറ്റവും വലിയ പ്രവാസി ജനത ഇന്ത്യക്കാരാണ്. പ്രധാന കമ്പനികളിലും ബാങ്കുകളിലും ഗവൺമെന്റ് ജോലിയിലുമെല്ലാം ഇന്ത്യക്കാർ ധാരാളമായി ജോലിചെയ്യുന്നുണ്ട്.

പിതാവ് ആമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി 1999, 2005, 2012 വർഷങ്ങളിൽ ഇന്ത്യയിൽ നടത്തിയ സന്ദർശനങ്ങൾ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തെ ദൃഢപ്പെടുത്തി. 2008ൽ പ്രധാനമന്ത്രയായിരുന്ന മൻമോഹൻ സിങ്ങും 2016, 2024 വർഷങ്ങളിൽ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ സന്ദർശിച്ചിരുന്നു. 2015ൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇന്ത്യ സന്ദർശനം ഇരുരാഷ്ട്രങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിൽ നാഴികകല്ലായി രേഖപ്പെടുത്തപ്പെട്ടു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ഊഷ്മളമായ വരവേൽപ്പാണ് ഒരുക്കിയത്. 10 വർഷത്തിനുശേഷമായിരുന്നു അമീറിന്റെ ഇന്ത്യ സന്ദർശനം. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ടായിരുന്നു. പതിവിനു വിപരീതമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമീറിനെ സ്വീകരിക്കാൻ നേരിട്ടെത്തിയതും സൗഹൃദബന്ധത്തിന്റെ അടയാളമാണ്. കൂടാതെ രാഷ്ട്രപതി ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിൽ അമീറിന് ഔദ്യോഗിക സ്വീകരണവും വിരുന്നും ഒരുക്കിയിരുന്നു.

കഴിഞ്ഞ മേയിൽ, പഹൽഗാം ഭീകരാക്രമണവും മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നിലപാട് വിശദീകരിക്കുന്നതിനായി സുപ്രിയ സുലേ എം.പിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം ഖത്തറിലെത്തിയിരുന്നു. ഇന്ത്യയിൽനിന്നുള്ള ബഹുകക്ഷി പ്രതിനിധി സംഘം ഖത്തറിലെ ശൂറ കൗൺസിൽ സന്ദർശിക്കുകയും ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ ബിൻത് ഹസൻ അൽ സുലൈത്തിയുടെ നേതൃത്വത്തിലുള്ള ഖത്തരി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. സഹകരണവും താൽപര്യങ്ങളും അടിസ്ഥാനമാക്കി ഇരു രാജ്യങ്ങളുടെയും പതിറ്റാണ്ടുകളായുള്ള സൗഹൃദം പരസ്പര വിശ്വാസത്തിലൂടെ മുന്നോട്ടുതന്നെയാണ്.

ഇന്ത്യയുടെ വ്യാപാര, നിക്ഷേപ പങ്കാളി

ഇന്ത്യയുടെ ഊർജ സുരക്ഷയുടെ പ്രധാനപങ്കാളി കൂടിയാണ് ഖത്തർ. 2022-23 വർഷങ്ങളിൽ 1900 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നത്. ഖത്തർ എനർജിയും ഇന്ത്യയുടെ ഊർജവിതരണക്കാരായ പെട്രോനെറ്റ് എൽ.എൻ.ജിയും 20 വർഷത്തെ ദ്രവീകൃത പ്രകൃതി വാതക വിതരണ കരാറിലെത്തിയിരുന്നു. 20 വർഷത്തേക്ക് 75 ലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം കൈമാറുന്ന കരാറാണ് പ്രാബല്യത്തിൽ വന്നത്. 'ഗെയ്‌ലി'ന് ദ്രവീകൃത പ്രകൃതിവാതകം' നൽകാൻ ഖത്തർ എനർജിയുമായി കരാറിലും ഒപ്പുവെച്ചിട്ടുണ്ട്.

ഫെബ്രുവരിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദർശനത്തിനിടയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് അനുകൂലമായ ഇടപെടലുണ്ടായി. ഉഭയകക്ഷി സഹകരണം തന്ത്രപ്രാധാനമായ പങ്കാളിത്തമാക്കി മാറ്റാനുള്ള കരാറിൽ ഇന്ത്യയും ഖത്തറും ഒപ്പുവെച്ചു. സന്ദർശനത്തിനിടെ രണ്ടു കരാറുകളിലും അഞ്ച് ധാരണാപത്രങ്ങളിലുമാണ് ഒപ്പുവെച്ചത്. വ്യാപാര നിക്ഷേപ, ഊർജ, സുരക്ഷ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ആഴത്തിലുള്ളതാക്കാനും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും വഴിയൊരുങ്ങുന്ന കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ഇതുവഴി ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ ഊർജ ആവശ്യകതകൾ നിറവേറ്റാൻ സഹായിക്കുമെന്നും ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി കയറ്റുമതി രാജ്യങ്ങളിലൊന്നായ ഖത്തറുമായുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്നും പ്രത്യാശിക്കാം.

Tags:    
News Summary - India and Qatar continue their friendly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.