ദോഹ: ദേശീയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഷിംഗിൾസ് വാക്സിൻ സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അമ്പത് വയസ്സിന് മുകളിലുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരോ വിട്ടുമാറാത്ത രോഗങ്ങളുള്ളവരോ ആയ 19 വയസ്സിന് മുകളിലുള്ളവരുമാണ് ഷിംഗിൾസ് വാക്സിൻ സ്വീകരിക്കേണ്ടത്. രണ്ട് മുതൽ ആറ് മാസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്സിനാണ് എടുക്കേണ്ടത്. എല്ലാ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ സെന്ററുകളിലും വാക്സിൻ ലഭ്യമാകും. അർഹരായവർക്ക് അപ്പോയിൻമെന്റ് ഇല്ലാതെ തന്നെ പി.എച്ച്.സി.സി. സെന്ററിൽ ചെന്ന് വാക്സിൻ എടുക്കാം.
പകർച്ചവ്യാധി രോഗങ്ങളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ കുറക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഷിംഗിൾസ് വാക്സിൻ ദേശീയ പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പറഞ്ഞു. 45ലധികം രാജ്യങ്ങൾ ഈ വാക്സിൻ ദേശീയ പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഷിംഗിൾസ് രോഗത്തെ ഫലപ്രദമായി തടയുന്നതിലും മുതിർന്നവരിൽ രോഗബാധയുടെ സാധ്യത കുറക്കുന്നതിലും വാക്സിൻ മികച്ചതാണെന്ന് ലോകാരോഗ്യ സംഘടന, യുനൈറ്റഡ് സ്റ്റേറ്റ്സ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, യുനൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.