ഐ.സി.ബി.എഫ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ സംസാരിക്കുന്നു
ദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഇന്ത്യൻ പ്രവാസി സമൂഹത്തിലെ തൊഴിലാളികൾക്കായി, ഇന്ത്യൻ എംബസിയുമായി ചേർന്ന് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. അബു ഹമൂറിലെ ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി സംബന്ധിച്ചു. എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറുമായ ഈഷ് സിങാൾ, ലേബർ ഓഫിസർ രവി രഥി എന്നിവർ അതിഥികളായി ചടങ്ങിൽ പങ്കെടുത്തു.
സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ അരങ്ങേറിയ നൃത്തം
സാമൂഹികസേവനരംഗത്തെ സ്തുത്യർഹമായ സംഭാവനകൾക്ക് ജനസേവകരായ വിവിധ മേഖലകളിലുള്ളവർക്ക് എംബസി പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. അവരുടെ പ്രവർത്തനങ്ങളെ അംബാസഡർ ശ്ലാഘിക്കുകയും ഇത്തരം അംഗീകാരങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാവുമെന്നും പ്രത്യാശിച്ചു. ആഘോഷ പരിപാടികൾക്ക് മുന്നോടിയായി നൂറോളം മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകൾ അംബാസഡർ വിതരണം ചെയ്തു.ഐ.സി.ബി.എഫ് അഡ്വൈസറി കൗൺസിൽ ചെയർമാൻ പ്രസാദ് ഗാരു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ, ഐ.സി.സി ജനറൽ സെക്രട്ടറി ഏബ്രഹാം ജോസഫ്, ഐ.സി.സി അഡ്വൈസറി കൗൺസിൽ ചെയർമാൻ പി.എൻ. ബാബുരാജൻ, ഐ.സി.ബി.എഫ് മുന്‍ പ്രസിഡന്റ് നീലാങ്ഷു ഡെയ്, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ എന്നിവരും വിവിധ അസോസിയേറ്റഡ് സംഘടന സാരഥികളും സമൂഹ നേതാക്കളും പങ്കെടുത്തു.
ഐ.സി.ബി.എഫ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽനിന്ന്
പ്രസിഡന്റ് ഷാനവാസ് ബാവയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും ലേബർ ആൻഡ് ഫിഷർമാൻ വെൽഫെയർ ഹെഡ് ശങ്കർ ഗൗഡ് നന്ദിയും പറഞ്ഞു. പ്രസിഡന്റ് ഷാനവാസ് ബാവ, ഖത്തറിലെ വിവിധ പ്രവാസി വിഭാഗങ്ങൾക്കായി ഐ.സി.ബി.എഫും എംബസിയും നടത്തുന്ന വിവിധ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.ജയിൽ സന്ദർശന വിഭാഗം മേധാവി എസ്. നീലാംബരി, പ്രദീപ് പിള്ളൈ എന്നിവർ സാംസ്കാരിക പരിപാടികൾ ഏകോപിപ്പിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ അമർവീർ സിങ്, മിനി സിബി, മണി ഭാരതി, ഇർഫാൻ അൻസാരി എന്നിവർ ചടങ്ങുകൾ ഏകോപിപ്പിച്ചു.തൊഴിലാളികൾക്കായി നടത്തിയ സ്പോട്ട് ക്വിസ് മത്സരം വർക്കി ബോബൻ നിയന്ത്രിച്ചു. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്ക് ഒത്തുകൂടാനും ആഘോഷിക്കാനും അവസരമൊരുക്കുന്ന ഇത്തരം പരിപാടികൾ ഐ.സി.ബി.എഫിന്റെ സാമൂഹികപ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.