അഫ്ഗാൻ ഹ്യുമാനിറ്റേറിയൻ പാർട്ണേഴ്സ് വർക്ക്ഷോപ് സെഷനിടെ
ദോഹ: ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും ഗേറ്റ്സ് ഫൗണ്ടേഷനും സംയുക്തമായി അഫ്ഗാൻ ഹ്യൂമാനിറ്റേറിയൻ പാർട്ണേഴ്സ് വർക്ക്ഷോപ് സംഘടിപ്പിച്ചു. സർക്കാർ സ്ഥാപനങ്ങൾ, യു.എൻ ഏജൻസികൾ, ഇന്റർനാഷനൽ റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് മൂവ്മെന്റ്, അന്താരാഷ്ട്ര എൻ.ജി.ഒകൾ തുടങ്ങി 55ലധികം പേർ വർക്ക്ഷോപ്പിൽ പങ്കെടുത്തു. പോളിയോ നിർമാർജന പരിപാടിയുടെയും അഫ്ഗാനിസ്താനിലെ നിലവിലെ മാനുഷിക സാഹചര്യങ്ങളുടെയും പുതുക്കിയ വിവരങ്ങൾ പങ്കുവെക്കുക, ഭാവി പ്രവർത്തനങൾ തീരുമാനിക്കുക, പോളിയോ ഇതര വാക്സിനേഷൻ വിവരങ്ങൾ, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള പ്രത്യേക മാർഗനിർദേശങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടന്നു.
ക്യു.ആർ.സി.എസ്, ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവക്കു പുറമെ ഐ.എഫ്.ആർ.സി, വേൾഡ് ഫുഡ് പ്രോഗ്രാം, യു.എൻ.എഫ്പി.എ, ലോകാരോഗ്യ സംഘടന, ഐ.ഒ.എം, അഫ്ഗാൻ ആരോഗ്യ -വിദേശകാര്യ മന്ത്രാലയങ്ങൾ, നോർവീജിയൻ റെഡ് ക്രോസ് തുടങ്ങി നിരവധി അന്താരാഷ്ട്ര ഏജൻസികൾ എന്നിവർ വർക്ക് ഷോപ്പിൽ പങ്കെടുത്തു. ഖത്തർ റെഡ് ക്രസന്റിനെ സംബന്ധിച്ചിടത്തോളം അഫ്ഗാനിലെ പ്രവർത്തനങ്ങൾ ഒരു പുതിയ കാര്യമല്ലെന്നും മറിച്ച് ദീർഘകാലമായുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയാണെന്നും അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബദർ അൽ സാദ പറഞ്ഞു. ഒരു പതിറ്റാണ്ടിലേറെയായി, അഫ്ഗാനിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ അതിജീവന ശേഷി വർധിപ്പിക്കുന്നതിനും ആവശ്യമായ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന് പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾ എന്നിവയിലേക്ക് മാനുഷിക സഹായം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യം എന്നത് കേവലം ഒരു മാനുഷിക മുൻഗണന മാത്രമല്ല, അത് അന്തസ്സിനും സ്ഥിരതക്കും വികസനത്തിനുമുള്ള അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻനിർത്തി ദുരന്തബാധിത രാജ്യങ്ങളിലെ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ക്യു.ആർ.സി.എസും ഗേറ്റ്സ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.