ദോഹ: അടിമുടി പൊള്ളുന്ന ചൂടുകാലം വിട്ട്, നഗരവും മരുഭൂമിയും തണുപ്പിനെ പുണരാൻ തുടങ്ങുന്നു. ഖത്തറിലെ പൗരന്മാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശൈത്യകാല കാമ്പിങ് സീസണ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചു. ആറുമാസത്തോളം നീളുന്ന 2025-26 വർഷത്തെ ശൈത്യകാല ക്യാമ്പിങ് സീസൺ ഒക്ടോബർ 15 മുതൽ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 2026 ഏപ്രിൽ 15 വരെയാണ് ക്യാമ്പിങ് സീസൺ.
പരിസ്ഥിതി സംരക്ഷിക്കാനും പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാതെയും രാജ്യത്തിന്റെ വന്യജീവി-പരിസ്ഥിതി മേഖലകൾക്ക് കോട്ടംവരുത്താതെയും ജാഗ്രത പുലർത്തിയുമാണ് ക്യാമ്പ് സംഘടിപ്പിക്കുക. ഈ വർഷത്തെ സീസണുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും മാർഗനിർദേശങ്ങളും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
രാജ്യത്തെ പരിസ്ഥിതിയുമായുള്ള സമൂഹത്തിന്റെ പങ്കാളിത്തം വളർത്തുന്നതിലും പരിസ്ഥിതികാവബോധം പ്രോത്സാഹിപ്പിക്കുന്നതിലും ശൈത്യകാല ക്യാമ്പിങ്ങിന് പ്രാധാന്യമുണ്ടെന്ന് മന്ത്രാലയത്തന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഡോ. ഫർഹൂദ് ഹാദി അൽ ഹജ്‌രി പറഞ്ഞു.
കഴിഞ്ഞ സീസണിൽ ആകെ 2,860 ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 1315 ലാൻഡ് ക്യാമ്പുകൾ, 433 സീ ക്യാമ്പുകൾ, കൂടാതെ സംരക്ഷിത പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലായി 1112 ക്യാമ്പുകളുമാണ് ഉണ്ടായിരുന്നത്.
ഇത്തവണത്തെ ശൈത്യകാല ക്യാമ്പിങ്ങിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ ഒന്നു മുതൽ 14 വരെ നീളും. അപേക്ഷകർ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനം വഴി രജിസ്ട്രേഷൻ ഫീസും ഇൻഷുറൻസും അടക്കണം. വൃത്തി പരിപാലിക്കുകയും പരിസ്ഥിതിക്ക് ദോഷം വരുത്താതിരിക്കുകയും വേണം. ഏതെങ്കിലും നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യും.
സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ സീസൺ ഉറപ്പാക്കാൻ ക്യാമ്പർമാർ പാരിസ്ഥിതിക നിയമങ്ങൾ പാലിക്കേണമെന്ന് ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്‌വിയയുടെ എൻവയോൺമെന്റൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ അസിസ്റ്റന്റ് ഹെഡ് ലെഫ്റ്റനന്റ് കേണൽ എൻജിനീയർ മുഹമ്മദ് ഇബ്രാഹിം അൽ നുഐമി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.