Photo: മുഹമ്മദ് സെയ്ൻ അബ്ദുറഹ്മാൻ)
ഹോബികളിൽ ഏറ്റവും ക്ഷമവേണ്ടത് ചെസ് കളിക്കാനായാണ് എന്ന് പറയാറുണ്ട്. അതിൽ കൂടുതൽ ക്ഷമ വേണ്ടത് ആറ്റുതീരത്തും കടൽക്കരയിലുമൊക്കെ ചൂണ്ടയിട്ട് കാത്തിരിക്കുന്നവർക്കല്ലേ എന്ന് പലപ്പോഴും ആലോചിച്ചിരുന്നു. അൽപനേരം കിട്ടിയാൽ മൊബൈൽ സ്ക്രീനിലേക്ക് തിരിയുന്ന ഈ കാലത്ത് മീൻചൂണ്ടയുമായി ധ്യാനനിശ്ശബ്ദതയിലിരിക്കാൻ ഒരാൾക്കെങ്ങനെ സാധിക്കും എന്നത് ഒരു സന്ദേഹമായിരുന്നു!
ശരത്കാല നവംബറിലെ ഒരു കോർണീഷ് പുലരി. ഖത്തറിലെ ഏറ്റവും സുഖമുള്ള ഈ കാലാവസ്ഥയിൽ ഔട്ട്ഡോർ ആക്ടിവിറ്റികളുമായി നിരവധിപേർ കടലോര പാതയെ ഉന്മേഷഭരിതമാക്കുന്നു. ജോഗ് ചെയ്യുന്നവരും, സൈക്കിൾ ചവിട്ടുന്നവരും ഗ്രൗണ്ട് വ്യായാമം ചെയ്യുന്നവരുമൊക്കെ കോർണീഷിലുണ്ട്. എന്റെ ശ്രദ്ധ ചെന്നുപെട്ടത് കടലിലേക്ക് നീട്ടിപ്പണിതിരിക്കുന്ന കൽക്കെട്ടുകൾക്കു ചുറ്റും ചൂണ്ടയിടുന്നവരിലേക്കാണ്. ഞാൻ കൗതുകപൂർവം അവരെ നോക്കിനിന്നു. ഒരാൾ ജലവിതാനത്തിലേക്ക് കാഴ്ചയെത്തുമാറ് മടക്കുകസേര ചേർത്തിട്ട് ചൂണ്ടയിൽ പിടിച്ച് നേരിയ ഒരനക്കം പോലുമില്ലാതെ ധ്യാനിയെപ്പോലെ ഇരിക്കുന്നു. ശബ്ദമുണ്ടാക്കാതെ ഞാനടുത്തുചെന്നു. കസേരക്കുചുറ്റും നിരവധി സാധനസാമഗ്രികൾ പലപല പെട്ടികളിൽ തുറന്നുവെച്ചിരിക്കുന്നു. പല തരത്തിലും വലുപ്പത്തിലുമുള്ള ചൂണ്ടക്കണ്ണികൾ, നൂൽചക്രങ്ങൾ, ചൂണ്ടനൂലുകൾ, കത്രികയും ബ്ലെയ്ഡും, ഞണ്ടും കൊഞ്ചുമൊക്കെ കൊത്തിയരിഞ്ഞ ചൂണ്ടയിൽ കോർക്കാനുള്ള ഇര. ഒപ്പം, പാവം മീനുകളെ വീഴ്ത്താനായി മൈദകൊണ്ടുള്ള കുഞ്ഞൻ അപ്പവും. സിഗററ്റ് പാക്കറ്റും ലൈറ്ററും ഒരു ഫ്ലാസ്കിൽ കട്ടൻ ചായയും ഗ്ലാസും ലഘു പലഹാരങ്ങളും. ശരിക്കും ഒരു പ്രഫഷനൽ മീൻപിടിത്തക്കാരന്റെ മട്ടും ഭാവവും.
ഇയാൾ എന്താവും ആലോചിക്കുന്നത്? ഇയാളുടെ മനസ്സ് ഏതൊക്കെ ലോകങ്ങളിലൂടെയാവും ഇപ്പോൾ സഞ്ചരിക്കുന്നത്?
കുറെനേരമായിട്ടും സമീപത്തു നിൽക്കുന്ന ഞാൻ പോകാതെയായപ്പോൾ അയാൾ തിരിഞ്ഞുനോക്കി. ഞാൻ സലാം പറഞ്ഞു. ചിരിച്ചുകൊണ്ട് അയാൾ എന്നെ സ്വാഗതം ചെയ്തു. തൊട്ടടുത്തായി ഞാൻ ചമ്രംപടിഞ്ഞിരുന്നു.
അയാൾ കഥ പറഞ്ഞുതുടങ്ങി.
ഈജിപ്തിലെ കൈറോക്കടുത്ത അൽമുനുഫിയ എന്ന സ്ഥലത്തുനിന്നാണ്. പേര് സിയാദ് എൽ സെയ്ദ് അഹ്മദ് അബ്ദുല്ല. 11 വർഷമായി ദോഹയിലെ ഖിഷ് സ്കൂളിൽ, സ്പെഷൽ എജുക്കേഷൻ അധ്യാപകനാണ്. അധ്യാപനം കഴിഞ്ഞാൽ ജീവിതവും ഹോബിയുമാണ് മീൻപിടിത്തം. പ്രധാനമായും ചൂണ്ടയിടൽ. വല്ലപ്പോഴും വലവീശൽ.
ഈജിപ്തിലെ തന്റെ ഗ്രാമാന്തരത്തെ തഴുകിയൊഴുകുന്ന നൈൽ നദിക്കരയിൽ വിദ്യാർഥി ജീവിതകാലത്ത് തുടങ്ങിയതാണ് ചൂണ്ടയിടൽ ശീലം. സഹോദരന്റെ ഭാര്യാപിതാവാണ് സിയാദിനെ ചൂണ്ടയിടാൻ പഠിപ്പിച്ചത്. പിന്നീടത് ഹോബിയായി. ശീലമായി. ആവേശമായി. ജീവിതാഭിലാഷമായി.
ഞാനാലോചിക്കുകയായിരുന്നു; ചൂണ്ടയിട്ട് മീൻപിടിക്കുന്നവരെക്കുറിച്ച, അവരുടെ ക്ഷമയെക്കുറിച്ച, അവരുടെ അവധാനതയെക്കുറിച്ച എന്റെ കൗതുകം കലർന്ന സന്ദേഹങ്ങൾ അതിൽ താൽപര്യമുള്ള ആരോടെങ്കിലും ചോദിച്ചുമനസ്സിലാക്കണമെന്ന് കാലങ്ങളായി ആഗ്രഹിച്ചിരുന്നല്ലോ! ഒരുപക്ഷേ, ആ ആളിലേക്കെത്താൻ പ്രപഞ്ചം എനിക്കായി ഗൂഢാലോചന നടത്തിയതുപോലുണ്ട്. ഇതാ, കൃത്യമായ വ്യക്തിയിലേക്ക് ഞാനെത്തിച്ചേർന്നിരിക്കുന്നു. ഈ വിഷയത്തിലെ ഒരു വിജ്ഞാനകോശമാണ് ഈ മനുഷ്യൻ എന്ന് സംസാരത്തിനൊടുവിൽ മനസ്സിലായി.
വെള്ളിയാഴ്ച ദിവസങ്ങളിൽ പുലർച്ച നാലര മുതൽ അഞ്ചു മണിക്കൂർ നേരം ഇതേ സ്ഥലത്ത് ഒരേയിരിപ്പാണ്. ചിലപ്പോൾ അറേബ്യൻ ഗൾഫിലെ ജലം സമൃദ്ധമായി കനിയും. ഓരോ വലിയിലും പിടക്കുംമീനുകളെ അന്തരീക്ഷത്തിലേക്കുയർത്തും. മറ്റു ചിലപ്പോൾ, ‘സിയാദേ, നീ പോയ് വരൂ’ എന്നു പറഞ്ഞ് കടൽ വെറും കൈയോടെ മടക്കും. രണ്ടായാലും സിയാദിന് പിണക്കമില്ല. കാരണം, അയാൾ ചൂണ്ടയിടുന്നത് മീനിനുവേണ്ടി മാത്രമല്ല. അയാൾക്കതൊരു ധ്യാനമാണ്. തപസ്സാണ്. ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ മനസ്സ് ശൂന്യമാക്കി നിർത്തുന്ന ഒരു ‘സീറോ അവറാണ്’.
ഞാൻ ചോദിച്ചു: ‘ഇത്രയും നേരം ഇങ്ങനെയിരിക്കുമ്പോൾ താങ്കളുടെ മനസ്സിൽ എന്തുതരം ചിന്തകളാണ് കടന്നുവരുന്നത്?’
സത്യമായും അയാൾ പറഞ്ഞത്, ചൂണ്ടയുമായി എത്ര നേരമിരുന്നാലും തന്റെ മനസ്സിൽ ഒരു ചിന്തയും കയറിവരാറില്ലെന്നും, വെള്ളത്തിലേക്ക് തുളച്ചിറങ്ങിയ ചൂണ്ടനൂലിനെ മാത്രം നോക്കി അനങ്ങാതങ്ങനെ ഇരിക്കുമെന്നുമാണ്. ആ അഞ്ചു മണിക്കൂറിൽ അധിക സമയവും അതേ നിശ്ചലാവസ്ഥയിലായിരിക്കും മനസ്സ്.
അടുത്തനാളിൽ ഖോർ അൽ ഉദൈദിൽ സുഹൃത്തുമായി ചൂണ്ടയിടാൻ പോയ അനുഭവം അയാൾ പറഞ്ഞു. സൗദിയുമായി അതിരിടുന്ന അതി വിജനവും, കടൽ മരൂഭൂമിയുടെ അഗാധതകളിൽ സംഗമിക്കുന്നതുമായ ലോകത്തെ രണ്ട് സ്ഥലങ്ങളിലൊന്ന് എന്ന പേരിൽ യുനെസ്കോ നാച്വറൽ റിസർവിൽ ഇടംപിടിച്ച ഖത്തറിന്റെ തെക്കൻ പ്രദേശത്തെ മരുഭൂമിയാണ് ഇൻലാന്റ് എന്നറിയപ്പെടുന്ന ഈ സ്ഥലം. പുലർച്ച അഞ്ചു മണിയോടെ ഇവിടെയെത്തിയ സിയാദ് പതിനഞ്ച് മണിക്കൂർ നീണ്ട ചൂണ്ടയിടലിനു ശേഷമാണ് രാത്രിയോടെ ദോഹയിലേക്ക് മടങ്ങിയത്!
ഒരു സ്പെഷൽ എജുക്കേഷൻ അധ്യാപകനായതുകൊണ്ടാവാം, മീനുകളെക്കുറിച്ച സിയാദിന്റെ സൂക്ഷ്മനിരീക്ഷണ കൗതുകങ്ങൾ നമ്മെ ആശ്ചര്യപ്പെടുത്തുന്നത്! അതിങ്ങനെ സംഗ്രഹിക്കാം: മനുഷ്യനെപ്പോലെ മീനുകൾക്കുമുണ്ട് സ്ട്രെസ്സും സ്ട്രെയ്നും ഡിപ്രഷനുമൊക്കെ. 110 ഡെസിബെൽ ശക്തിയുള്ള ശബ്ദവീചികൾ ജലോപരിതലത്തിൽ അനുഭവപ്പെട്ടാൽ മീനുകളെല്ലാം കൂട്ടത്തോടെ നാടുവിടും. പലതും നൊടിയിടയിൽ കടലിന്നഗാധതയിലേക്ക് പിൻവാങ്ങും. പഠിച്ച കള്ളന്മാരാണ് മീനുകൾ. തന്ത്രശാലികൾ. ജലോപരിതലം നിശ്ചലവും നിശ്ശബ്ദവും തെളിഞ്ഞതുമാണെങ്കിൽ മീൻ കബളിപ്പിച്ച് കടന്നുകളയും. കാരണം, ‘കുറുക്കന്റെ കണ്ണാ’ണ് മീനുകൾക്ക്. അല്ലെങ്കിൽ മീനിന്റെ കണ്ണാണ് കുറുക്കന്. വേട്ടക്കാരനെ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ ചൂണ്ടയിൽ കൊത്താതെ ഒറ്റ മുങ്ങലാണ്! നേരിയ കാറ്റിൽ കടൽജലം ഇളകുമ്പോഴാണ് ഏറ്റവും മീൻ കിട്ടുന്നത്. അപ്പോൾ മീനുകൾക്ക് ജലോപരിതലത്തിലേക്കുള്ള കാഴ്ച കുറയും.
ചതിയൻ ചന്തുവിനെ തിരിച്ചറിയാതെ നിഷ്കളങ്കമായി ഇരകൊത്തും. ദേ കിടക്കുന്നു, സിയാദിന്റെ കസേരച്ചുവട്ടിലെ പ്ലാസ്റ്റിക് കാരിബാഗിൽ. ‘കലക്കവെള്ളത്തിൽ മീൻപിടിക്കുക’ എന്ന പ്രയോഗം ഉണ്ടായതുതന്നെ മീനുകളുടെ ഈ ‘മനഃശാസ്ത്രം’ തിരിച്ചറിഞ്ഞിട്ടാവണം.
മേഘാവൃതമായ നേരങ്ങളിൽ മീൻലഭ്യത കൂടും. പൊടിയും കാറ്റുമൊക്കെയുള്ള ഖത്തർ കാലാവസ്ഥയിൽ മൂന്നുകിലോ മീനൊക്കെ ചൂണ്ടയിലാക്കാൻ അത്ര അധ്വാനമോ, അധികനേരമോ ഒന്നും വേണ്ട സിയാദിന്. പക്ഷേ, കണ്ണാടിപോലെ തെളിഞ്ഞ ജലോപരിതലമുള്ള നൈൽനദിക്കരയിൽ മണിക്കൂറുകളോളം തപസ്സിരിക്കണം ഒരു ചെറുമീനിനെക്കിട്ടാൻ. എങ്കിലും സിയാദ് പ്രത്യാശഭരിതനായി നൈൽതീരത്തിരിക്കും. കാരണം, അയാൾക്ക് ഇതൊരു ഹോബിയാണല്ലോ. ആസക്തിയും ലഹരിയുമാണല്ലോ!
ഹെമിങ് വേയുടെ ‘ദ ഓൾഡ് മാൻ ആൻഡ് ദ സീ’ എന്ന നോവൽ സിയാദ് വായിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, കടലിനോട് മല്ലിടുന്ന സാന്റിയാഗോ എന്ന വൃദ്ധകഥാപാത്രത്തെപ്പോലെ പ്രതീക്ഷയും പ്രത്യാശയും മാത്രമാണ് സിയാദിന്റെ സ്ഥായീഭാവം. ഒരുപക്ഷേ, മണിക്കൂറുകൾ നീളുന്ന ഹോബി, ഒരു ധ്യാനസന്ദർഭമായി പരിണമിക്കുന്നതിലൂടെ നേടിയെടുത്ത ഇച്ഛാശക്തിയും പോസിറ്റിവ് എനർജിയുമാവാം കാരണം.
കൈറോയിലെ കർഷകന്റെ മകനായ സിയാദിന് പരമ്പരാഗത രീതികളോടാണ് എപ്പോഴും താൽപര്യം. ചൂണ്ടയുടെ തെരഞ്ഞെടുപ്പിൽ പോലുമുണ്ട് ഈ പാരമ്പര്യവാദം. പെട്ടെന്ന് മീൻകിട്ടുന്നതും, അത്ര ശ്രദ്ധ വേണ്ടതില്ലാതെ അലസമായിരുന്ന് മീൻപിടിക്കാവുന്നതുമായ യന്ത്രചൂണ്ട ഒഴിവാക്കി പരമ്പരാഗത ശൈലിയിലുള്ള സാധാരണ ചൂണ്ടയാണ് സിയാദ് ഉപയോഗിക്കുന്നത്. അതിലാണ് പുള്ളിക്ക് ത്രില്ലുള്ളത്. നീളം കൂട്ടാവുന്നതും മടക്കാവുന്നതും അടക്കം പലതരത്തിലുള്ള ചൂണ്ടകൾ കൈയിലുണ്ട്. സകല ഗുലാബി സാധനങ്ങളുമായി ഫുൾ സെറ്റായാണ് വന്നിരിക്കുന്നത്.
‘മൊബൈൽ ഫോണിന്റെ ഉപയോഗമൊക്കെ എങ്ങനെ’ എന്ന് ഞാൻ സിയാദിനോട് ഒന്നു ചോദിച്ചുനോക്കി. ഫോൺവിളിക്കാൻ മാത്രമാണ് ഫോൺ! അല്ലാതെ തൊടാറില്ല. കുറച്ചുകാലം മുമ്പ് സുഹൃത്തുക്കളാരോ പറഞ്ഞതു കേട്ട് ടിക്ടോക് ഒന്ന് ഡൗൺലോഡ് ചെയ്തുനോക്കി.
പതിയെ പതിയെ താൻ അതിന്റെ അഡിക്റ്റാകുന്നത് വൈകിയാണെങ്കിലും സിയാദ് തിരിച്ചറിഞ്ഞു. ഏതാനും ആഴ്ചകളുടെ ഉപയോഗത്തിനൊടുവിൽ അൺ ഇൻസ്റ്റാൾ ചെയ്ത് തടി രക്ഷിച്ചു. ഫോണിൽ സമയം കളയരുതെന്ന് മക്കളോട് പറയണമെങ്കിൽ തനിക്ക് അതിന് യോഗ്യത വേണമല്ലോ! മക്കൾക്ക് ഫോൺ കൊടുക്കുന്നത് വെള്ളിയാഴ്ച ദിവസങ്ങളിൽ അരമണിക്കൂർ മാത്രം. ചൂണ്ടയിടീലും വലവീശലുമൊക്കെ അവർക്കും ഹോബിയായതോടെ ഫോൺ വേണ്ടെന്നായി മക്കളും. ദോഹയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള സിമെയ്സ്മ ബീച്ചിൽ ഈയടുത്ത് അർധരാത്രിയിൽ വലവീശിക്കിട്ടിയ വലിയൊരു കടലാമയുമായി ആറു വയസ്സുകാരൻ മകൻ യാസീൻ നടക്കുന്ന വിഡിയോയും ഫോട്ടോയുമൊക്കെ സിയാദ് എനിക്ക് കാണിച്ചുതന്നു. അതൊക്കെയാണ് അവരുടെ വലിയ വലിയ സന്തോഷങ്ങൾ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.