അപൂർവമായ ഇസ് ലാമിക ശാസ്ത്രരചനകളുടെ കൈയെഴുത്തു പ്രതികളുമായി ഖത്തർ നാഷനൽ ലൈബ്രറി നടക്കുന്ന പ്രദർശനം
ദോഹ: അപൂർവമായ ഇസ് ലാമിക ശാസ്ത്ര രചനകളുടെ കൈയെഴുത്തുപ്രതി സമാഹാരവുമായി ഖത്തർ നാഷനൽ ലൈബ്രറിയുടെ (ക്യു.എൻ.എൽ) പ്രദർശനം തുടരുന്നു. ഓക്സ്ഫോർഡ് ഇസ് ലാമിക് സ്റ്റഡീസ് സെന്റർ (ഒ.സി.ഐ.എസ്) 40ാം വാർഷികാഘോഷത്തിന്റെ മുന്നോടിയായാണ്, ഖത്തർ നാഷനൽ ലൈബ്രറി (ക്യു.എൻ.എൽ) 'വിശ്വാസരേഖകൾ; ജോതിശാസ്ത്രവും അസ്ട്രോലേബും ഇസ് ലാമിക ലോകത്തിൽ' എന്ന പ്രമേയത്തിൽ പ്രദർശനം സംഘടിപ്പിച്ചത്.
ഒക്ടോബർ 15 വരെ നീണ്ടുനിൽക്കുന്ന പ്രദർശനം, ആസ്ട്രോലേബിന്റെ ശാസ്ത്രീയ പ്രാധാന്യവും ഇസ്ലാമിക ലോകത്തെ അതിന്റെ പൈതൃകവും ഉൾക്കൊള്ളുന്നതാണ്. മധ്യകാല ഇസ് ലാമിക സമൂഹങ്ങളിലെ ജ്യോതിശാസ്ത്ര ഉപകരണങ്ങളെ വിശദീകരിക്കുന്ന ക്യു.എൻ.എല്ലിന്റെ ഹെറിറ്റേജ് ലൈബ്രറിയിൽനിന്നുള്ള കൈയെഴുത്തുപ്രതികൾ പ്രദർശനത്തിൽ ഉൾപ്പെടുന്നു.
പ്രാർഥനാ സമയങ്ങൾ നിർണയിച്ചിരുന്ന രീതി, ഖിബ് ല നിരീക്ഷണ മാർഗം എന്നിവ വ്യക്തമാക്കുന്ന പ്രമുഖ ശാസ്ത്രജ്ഞരായിരുന്ന അബ്ദുൽ റഹ്മാൻ അൽ സൂഫി, അബൂ അലി അൽ ഹസൻ അൽ മരാകുഷി എന്നിവരുടെ കൃതികൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇസ്ലാമിക ലോകം ആസ്ട്രോണമിക്ക് നൽകിയ പ്രധാന സംഭാവനകൾ ലോകമെമ്പാടുമുള്ള ആളുകൾക്ക് എത്തിക്കുകയാണ് ഈ പ്രദർശനത്തിലൂടെയെന്ന് ക്യു.എൻ.എൽ ഇൻഫർമേഷൻ സർവിസ് ലൈബ്രേറിയനായ ഡോ. ഹുസൈൻ സെൻ പറഞ്ഞു. ഒ.സി.ഐ.എസ് ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയിലെ ഹിസ്റ്ററി ഓഫ് സയൻസ് മ്യൂസിയവുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.