ദോഹ: ഹജ്ജ് സീസണിന് തുടക്കം കുറിക്കാനിരിക്കെ ഖത്തറിൽനിന്നുള്ള തീർഥാടകർക്ക് മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. മെനിഗോകോക്കൽ ഉൾപ്പെടെ പ്രതിരോധ കുത്തിവെപ്പ് നിർബന്ധമായും സ്വീകരിക്കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ ആരോഗ്യ നിർദേശത്തിൽ വ്യക്തമാക്കി. ഇതോടൊപ്പം 65 വയസ്സിന് മുകളിൽ പ്രായമുള്ളവരും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരും കോവിഡ് വാക്സിനും സ്വീകരിക്കണം.
എല്ലാ തീർഥാടകരും സീസണൽ ഇൻഫ്ലുവൻസ വാക്സിനും സ്വീകരിക്കണം. പ്രമേഹം, പ്രതിരോധശേഷിക്കുറവ്, ശ്വസന, ഹൃദയരോഗങ്ങൾ ഉള്ളവർ ന്യൂമോകോക്കൽ വാക്സിൻ എടുക്കുന്നതിനും നിർദേശമുണ്ട്. 60 വയസ്സിന് മുകളിലുള്ളവർക്ക് ആർ.എസ്.വി വാക്സിനും മന്ത്രാലയം ശിപാർശ ചെയ്തു. എല്ലാ ഹജ്ജ് വാക്സിനുകളും രാജ്യത്തുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ ലഭ്യമാണ്.
യാത്ര ചെയ്യുന്നതിന് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്. ഉംറ നിർവഹിക്കുന്നവർക്കും മെനിംഗോകോക്കൽ വാക്സിൻ നിർബന്ധമാണെന്ന് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. അന്വേഷണങ്ങൾക്കും മറ്റും മന്ത്രാലയത്തിന്റെ കോൾ സെന്റർ നമ്പറായ 16000ൽ ബന്ധപ്പെടാം. ഔഖാഫ്, ഖത്തർ റെഡ് ക്രസന്റ് എന്നിവരുമായി ചേർന്ന് തീർഥാടകർക്കുള്ള ആരോഗ്യ ഗൈഡ് മന്ത്രാലയം പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.