ഗ​യാ​ന പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ അ​ലി, പ്ര​ഥ​മ വ​നി​ത ആ​ര്യ അ​ലി​ എന്നിവർക്ക് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ുഫ​ലി,

ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ

ഗയാനയുടെ 60ാം സ്വാതന്ത്ര്യദിനം ലുലു ഹൈപ്പർമാർക്കറ്റിൽ ആഘോഷിച്ചു

ദോഹ: ഗയാനയുടെ 60ാം സ്വാതന്ത്ര്യദിനം ലുലു ഹൈപ്പർമാർക്കറ്റിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. അബു സിദ്ര മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഗയാന പ്രസിഡന്റ്‌ ഡോ. മുഹമ്മദ് ഇർഫാൻ അലിയെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 'ബിൽഡിങ് ഗയാനാ ഗ്ലോബൽ ബ്രാൻഡ്' എന്ന പ്രമേയത്തിൽ ഖത്തറിലെ ഗയാന എംബസിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഗയാനീസ് ഉൽപന്നങ്ങളെ തങ്ങളുടെ ആഗോള ശൃംഖല വഴി അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാൻ ലുലു ഗ്രൂപ്പ് നടത്തുന്ന ശ്രമങ്ങൾക്ക് പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി നന്ദി അറിയിച്ചു.

ഗയാന ഉൽപന്നങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വിപണിയും സ്വീകാര്യതയും ഉറപ്പാക്കുന്നതിനും വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ലുലു ഗ്രൂപ്പിന്റെ ശ്രമങ്ങൾ അഭിന്ദനാർഹമാണ്. റീട്ടെയിൽ, ഫുഡ് സോഴ്‌സിങ്, വിതരണം എന്നീ മേഖലകളിലെ ലുലുവിന്റെ പരിചയസമ്പത്ത് മുൻനിർത്തി ഗയാനയിലെ നിക്ഷേപ സാധ്യതകൾ പരിശോധിക്കാൻ യൂസഫലിയെ അദ്ദേഹം ക്ഷണിച്ചു.

ഗയാന സർക്കാറിനും ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്ന ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി, പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയുടെ നേതൃത്വത്തെയും വികസന കാഴ്ചപ്പാടുകളെയും പ്രശംസിച്ചു. ഡിജിറ്റൽ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) തുടങ്ങിയ മേഖലകളിൽ ഗയാന കൈവരിക്കുന്ന മുന്നേറ്റങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. അന്താരാഷ്ട്ര വ്യാപാരം, സാമ്പത്തിക സഹകരണം, പങ്കാളിത്തം എന്നിവ ശക്തമാക്കുന്നതിനും ഗയാന ഉൽപന്നങ്ങളെ ആഗോള വിപണിയിൽ എത്തിക്കുന്നതിനും ലുലു ഗ്രൂപ്പിന്റെ പിന്തുണ അദ്ദേഹം ഉറപ്പുനൽകി.

ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സാലിഹ് മാജിദ് അൽ ഖുലൈഫി, വിദേശകാര്യ മന്ത്രാലയത്തിലെ അമേരിക്കൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജാസിം ബിൻ മുഹമ്മദ് ഹസ്സൻ അൽ അസ്മഖ്, ഖത്തറിലെ ഗയാന അംബാസഡർ സഫ്രാസ് അഹമ്മദ് ഷാദൂദ്, ലുലു ഗ്രൂപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

നയതന്ത്ര പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, ഖത്തറിലെ ഗയാന പ്രവാസി സമൂഹം തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഖത്തറിലെ ഗയാന അംബാസഡർ സഫ്രാസ് അഹമ്മദ് ഷാദൂദ് സ്വാഗതം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ആറ് പതിറ്റാണ്ടുകളിലൂടെയുള്ള ഗയാനയുടെ യാത്രയും ആഗോള വേദിയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന അവസരങ്ങളും സാധ്യതകളും അദ്ദേഹം വിശദീകരിച്ചു.

ആഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയുടെയും പ്രഥമ വനിത ആര്യ അലിയുടെയും സാന്നിധ്യത്തിൽ ഗയാനീസ് ബ്രാൻഡായ 'ഉമാമി' (Umami) ഉൽപന്നങ്ങൾ ലുലു ഹൈപ്പർമാർക്കറ്റ് ലോഞ്ച് ചെയ്തു. ഗയാനയുടെ ആഗോള ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യവും ആഗോള ബ്രാൻഡിങ്ങിന്റെ പ്രാധാന്യവും ഉമാമി ഇൻകോർപ്പറേറ്റഡ് സി.ഇ.ഒ ക്രിസ് പെർസൗദ് ഗയാനയുടെ വിശദീകരിച്ചു.

ഗയാനയുടെ വികസന നേട്ടങ്ങളും സാംസ്കാരിക പാരമ്പര്യവും സാമ്പത്തിക സാധ്യതകളും അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടാൻ ലുലു ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച വേദി അവസരമൊരുക്കി. ലുലു ഗ്രൂപ്പിന്റെ ആഗോള സോഴ്‌സിങ് ശൃംഖല വഴി ലോകമെമ്പാടുമുള്ള നിർമാതാക്കളെയും ഉപഭോക്താക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ കമ്പനി മുൻനിരയിൽ തുടരുകയാണ്.

Tags:    
News Summary - Guyana's 60th Independence Day celebrated at Lulu Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.