ദോഹ: പ്രതിരോധ നിരയിലെ പാളിച്ചയും ഫിനിഷിംഗിലെ പോരായ്മയും വിനയായപ്പോൾ 23ാമത് ഗൾഫ് കപ്പ് ചാമ്പ്യൻഷിപ്പിൽ ഇറാഖിനെതിരായ പോരാട്ടത്തിൽ ഖത്തറിന് തോൽവി പിണഞ്ഞു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇറാഖ് ഖത്തറിനെ പരാജയപ്പെടുത്തിയത്. കുവൈത്ത് സ്പോർട്സ് ക്ലബിൽ നടന്ന മത്സരത്തിൽ ആദ്യം ഗോൾ സ്കോർ ചെയ്തത് അന്നാബികളായിരുന്നു. മത്സരം തുടങ്ങി 17ാം മിനുട്ടിലാണ് അൽ മുഇസ് അലിയുടെ ഇടങ്കാലൻ ഷോട്ട് ഇറാഖ് വല തുളച്ചത്. ക്യാപ്റ്റൻ ഹസൻ അൽ ഹൈദൂസിെൻറ മനോഹര പാസിൽ നിന്നാണ് മുഇസിെൻറ ഗോൾ പിറന്നത്. സ്കോർ 1–0.
ഗോൾ വീണതോടെ ഇറാഖ് ഉണർന്നു. ലോക റാങ്കിംഗിൽ 79ാം സ്ഥാനത്തുള്ള ഇറാഖ് പതിയെ താളം കണ്ടെത്തിത്തുടങ്ങി. ഒരു ഗോളിെൻറ ലീഡിൽ ഖത്തറും മുന്നേറ്റങ്ങൾ പതിവാക്കി. ഇരുഭാഗത്തേക്കും പന്ത് കയറിയിറങ്ങിക്കൊണ്ടിരുന്നു. ഹുസൈൻ അലിയും അയ്മൻ ഹുസ്നിയും തുടരെത്തുടരെ ഖത്തർ ഗോൾ മുഖം വിറപ്പിച്ചു. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയിരിക്കെ ഖത്തർ ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഇറാഖിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കാണ് മത്സരം മാറ്റിയെഴുതിയത്. കിക്കെടുത്തത് പ്രതിരോധനിര താരം അലി ഫായിസ് അതിയ്യ. ഇടിവെട്ട് ഷോട്ട് നേരെ ഖത്തർ ഗോളി സഅദ് അൽ ദോസരിയെയും മറി കടന്ന് വലയിൽ. സ്കോർ 1–1. തൊട്ടുടനെ തന്നെ ഖത്തറിനനുകൂലമായി ഇറാഖ് ബോക്സിന് തൊട്ടടുത്ത് നിന്നും ഫ്രീകിക്ക് ലഭിച്ചെങ്കിലും ഹസൻ അൽ ഹൈദൂസിന് മുതലെടുക്കാനായില്ല.
രണ്ടാം പകുതിയിൽ ഒരു മാറ്റവുമായി ഇറങ്ങിയ ഇറാഖ് ഖത്തറിനെ അടുപ്പിച്ചില്ല. പലപ്പോഴും ഖത്തർ പ്രതിരോധം പാളുകയും ചെയ്തു. 65ാം മിനുട്ടിൽ അലി ഫാഇസ് അതിയ്യ തനിക്ക് ലഭിച്ച സുന്ദരമായ േക്രാസ് നേരെ ഖത്തർ വലയിലേക്ക് തിരിച്ചുവിട്ടു. സ്കോർ 2–1. രണ്ടാം ഗോളും വീണതോടെ ഖത്തർ ചെറുതായൊന്നു ഉണർന്നെങ്കിലും ഫിനിഷിം ഗിലെ പോരായ്മകൾ ഫെലിക്സ് സാഞ്ചസിെൻറ കുട്ടികൾക്ക് വിനയായി. മത്സരത്തിെൻറ ആദ്യ പകുതിയിൽ ഖത്തർ പുലർത്തിയ മേധാവിത്വം തുടരാൻ സാധിക്കാത്തതും പരാജയത്തിന് കാരണമായി. ഖത്തർ ഗോളി സഅദ് അൽ ദോസരിയുടെ മികവാണ് ഖത്തറിനെ വൻതോൽവിയിൽ നിന്നും രക്ഷിച്ചത്.
ഒരു ജയവും ഒരു സമനിലയുമായി നാല് പോയൻറുമായി ഇറാഖും ബഹ്റൈനുമാണ് ഗ്രൂപ്പിൽ മുന്നിൽ. ഇതോടെ അടുത്ത മത്സരത്തിൽ ഖത്തറിന് ജയം അനിവാര്യമായി. ഇന്നലത്തെ ആദ്യകളിയിൽ യമനെതിെര ബഹ്റൈൻ ഒരുഗോളിന് ജയിച്ചു (സ്കോർ 1-0).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.