ദോഹ: കുവൈത്തിൽ നടക്കുന്ന 23ാമത് അറേബ്യൻ ഗൾഫ് കപ്പിലെ ഖത്തറിെൻറ ആദ്യ മത്സരത്തിലെ പ്രകടനത്തിൽ പരിശീലകൻ ഫെലിക്സ് സാഞ്ചസിന് സംതൃപ്തി. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലാണ് സാഞ്ചസ് ടീമിെൻറ പ്രകടനത്തിൽ സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തിയത്. ഇതൊരു മികച്ച തുടക്കമാണ്. പ്രതീക്ഷക്കൊത്ത പ്രകടനം തന്നെ ടീം പുറത്തെടുത്തു. അടുത്ത മത്സരങ്ങളിലേക്കുള്ള ആത്മവിശ്വാസവും ഉൗർജ്ജവും നൽകാൻ ഈ വിജയത്തിനാകും. സാഞ്ചസ് പറഞ്ഞു.
ആദ്യ 18 മിനുട്ടിനുള്ളിൽ തന്നെ ഖത്തർ മൂന്ന് ഗോളുകൾ എതിർവലയിലെത്തിച്ചിട്ടുണ്ട്. നിരവധി അവസരങ്ങളും താരങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ യമൻ ടീം ഞങ്ങളെ പ്രതിരോധത്തിലാക്കിയെങ്കിലും നമ്മുടെ ടീം കരുത്തരായി അതിനെയെല്ലാം നേരിട്ടു. കളിയിലുടനീളം മേധാവിത്വവും ഖത്തറിന് തന്നെയായിരുന്നുവെന്നും ഖത്തർ പരിശീലകൻ കൂട്ടിച്ചേർത്തു.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നമ്മൾ തന്നെയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ഖത്തർ ആക്രമണങ്ങളുടെ മുനയൊടിക്കാൻ ചില സമയങ്ങളിൽ എതിർടീമിന് സാധിച്ചെങ്കിലും മത്സരം ഞങ്ങളുടേതായിരുന്നു. താരങ്ങളെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവരുടെ ആക്രമണാത്മക ഗെയിമിൽ സന്തോഷവാനാണ്. ഫെലിക്സ് സാഞ്ചസ് അവസാനിപ്പിച്ചു. യമനിനെ എതിരില്ലാത്ത നാല് ഗോളിനാണ് ഖത്തർ കഴിഞ്ഞ ദിവസം നിലംപരിശാക്കിയത്. ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത അക്രം അഫീഫാണ് കളിയിലെ താരം. ചൊവ്വാഴ്ച ഇറാഖിനെതിരെയാണ് ഖത്തറിെൻറ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.