എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഗ്രാൻഡ് പാരന്റ്സ് ഡേ പരിപാടിയിൽനിന്ന്
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ ജൂനിയർ വിഭാഗം വിദ്യാർഥികൾക്കിടയിൽ ഗ്രാൻഡ് പാരന്റ്സ് ഡേ സംഘടിപ്പിച്ചു. പരിപാടിയിൽ വിദ്യാർഥികളെയും അവരുടെ ഗ്രാൻഡ് പാരന്റ്സിനെയും ഒരുമിച്ചുകൊണ്ടുവന്നത് ശ്രദ്ധേയമായി. മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഫൈസലിന്റെ സ്വാഗതത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ജൂനിയർ വിഭാഗത്തിലെ വിദ്യാർഥികൾ അവതരിപ്പിച്ച സ്വാഗത നൃത്തം സദസ്സിനെ ആകർഷിച്ചു. തുടർന്ന് ചടങ്ങിൽ അഭിസംബോധന ചെയ്ത പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, ഭാവി തലമുറയെ വളർത്തിയെടുക്കുന്നതിൽ ഗ്രാൻഡ് പാരന്റ്സിനുള്ള പങ്കിനെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് നടന്ന ‘റാംപ് ആൻഡ് റോൾ: ജനറേഷൻസ് ഓൺ ദി റാംപ്’ പരിപാടിയിൽ, ഗ്രാൻഡ് പാരന്റ്സും രക്ഷിതാക്കളും വിദ്യാർഥികളും ഒരുമിച്ച് റാംപിൽ അണിനിരന്നത് മൂന്ന് തലമുറകൾ തമ്മിലുള്ള ബന്ധം ആഘോഷിക്കുന്ന അവിസ്മരണീയമായ നിമിഷമായി. കളിയും ചിരിയും സന്തോഷവും പകർന്ന് പാസിങ് ബോൾ, ലക്കി ഡ്രോ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു. നാലാം ക്ലാസ് വിദ്യാർഥി ആദിത്യ പ്രശാന്ത് നന്ദി പറഞ്ഞു. ഹെഡ് ബോയ് ജോന, ഹെഡ് ഗേൾ താരാ കമൽ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. മുഹ്സിന അജ്മൽ, ലിമി മോൾ, ഫെൻസി പത്രോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.