വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് സർക്കാർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് ഫൈനൽ റിസൾട്ട്
പ്രഖ്യാപിക്കുന്നു
ദോഹ: സർക്കാർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് ഫൈനൽ പരീക്ഷയിൽ മുഴുവൻ മാർക്കും നേടി 30 വിദ്യാർഥികൾ. 15,672 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 9,534 പേർ 70 ശതമാനത്തിലധികം മാർക്കും നേടി.
വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിർ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന ഔദ്യോഗിക യോഗത്തിൽ 2024-2025 അധ്യയനവർഷത്തെ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷാ ഫലങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും മന്ത്രി അഭിനന്ദിച്ചു. പിന്നിൽ പ്രവർത്തിച്ച അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന്റെയും ശ്രമങ്ങളെയും അവർ പ്രശംസിച്ചു.
കുട്ടികൾക്കുവേണ്ടി മാതാപിതാക്കളും കുടുംബങ്ങളും, പ്രത്യേകിച്ച് പരീക്ഷാ കാലയളവിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതും പിന്തുണയും വിജയത്തിൽ സുപ്രധാന പങ്കുവഹിച്ചു. വിദ്യാഭ്യാസ പ്രക്രിയയിലെ കൂട്ടായ ശ്രമങ്ങളുടെ ഫലമാണ് വിജയമെന്നും അവർ കൂട്ടിച്ചേർത്തു. പരീക്ഷയിൽ വിജയിക്കാത്ത വിദ്യാർഥികളെ അഭിസംബോധന ചെയ്ത മന്ത്രി, അക്കാദമിക പ്രകടനം മെച്ചപ്പെടുത്തുന്നതിന് ലഭ്യമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തി തുടർന്നും പരിശ്രമിക്കാൻ അവരോട് അഭ്യർഥിച്ചു.
സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷാ ഫലങ്ങൾ അംഗീകരിച്ചശേഷം, ഫലങ്ങൾ പ്രഖ്യാപിക്കുന്നതിനും വിശദീകരിക്കുന്നതിനുമായി മന്ത്രാലയം ഒരു പത്രസമ്മേളനം നടത്തി. മൂല്യനിർണയ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല അൽ ഹർഖാൻ സംസാരിച്ചു. പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ മറിയം അബ്ദുല്ല അൽ മുഹന്നദി വാർത്തസമ്മേളനം നിയന്ത്രിച്ചു.വാർത്തസമ്മേളനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചു. രണ്ടാംഘട്ട പരീക്ഷകൾ ആഗസ്റ്റിൽ നടക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.