ബജീല ഐജാസ്,

സ്വർണ്ണത്തിളക്കമുള്ള സന്തോഷം; ഖത്തർ യൂണിവേഴ്സിറ്റിയിൽ സ്വർണ്ണമെഡൽ നേട്ടവുമായി മലയാളികൾ

ഖത്തർ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഗവേഷണം പൂർത്തീകരിച്ച് സ്വർണ്ണമെഡൽ നേട്ടത്തിന്റെ മികവുമായി പ്രവാസി മലയാളി ബജീല ഐജാസ്. ഗവേഷണ പഠനം പൂർത്തീകരിച്ചതിനൊപ്പം, ഖത്തർ അമീറിന്റെ പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയിൽനിന്ന് സ്വർണ്ണ മെഡൽ വാങ്ങാനായതിന്റെ ഇരട്ടി സന്തോഷത്തിലാണ് അവർ.

സ്ഥിരോത്സാഹവും ലക്ഷ്യബോധവും കൂടെയുണ്ടെങ്കിൽ വിജയം ഉറപ്പാണെന്ന് ഇവരുടെ അനുഭവം വ്യക്തമാക്കുന്നു. കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും നേടിയ വിജയം പ്രവാസി മലയാളി സമൂഹത്തിനും അഭിമാനമായി മാറി.

'ഒരുപാട് കാലത്തെ അധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് പുരസ്കാരം നേട്ടം. തുടക്കം മുതൽ തന്നെ കഠിനമായ പരിശ്രമം ആവശ്യമായിരുന്നു -പഠന വിഷയത്തെ കുറിച്ചും മറ്റ് ഗവേഷണ അനുഭവങ്ങളും ബജീല ഐജാസ് ഗൾഫ് മാധ്യമത്തോട് പങ്കുവെച്ചു.

നേച്ചർ ലാംഗ്വേജ് പ്രോസസിങ്ങിൽ (Smart contract generation by applying Natural language processing) പ്രൊഫ. അബ്ദുൾ അസീസ് ബൗറസിന് കീഴിലാണ് ഗവേഷണം പൂർത്തീകരിച്ചത്. ലീഗൽ കോൺട്രാക്ട്സിൽ നിന്ന് ആവശ്യമായ വിവരങ്ങൾ വേർതിരിച്ചെടുക്കുന്ന ഇൻഫർമേഷൻ എക്‌സ്‌ട്രാക്ഷൻ എന്ന മേഖലയിൽ പ്രധാന ശ്രദ്ധ നൽകിയാണ് ഗവേഷണ പ്രബന്ധം സമർപ്പിച്ചത്.

സ്വർണ്ണമെഡൽ ലഭിക്കുന്നതിന് യൂണിവേഴ്‌സിറ്റിക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്ന് ബജീല ഐജാസ് വിശദീകരിച്ചു. പി.എച്ച്.ഡി. പൂർത്തിയാക്കാൻ വേണ്ട മിനിമം റിക്വയർമെന്റ്‌സിന് പുറമേ, കൂടുതൽ ഗവേഷണ പ്രബന്ധങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ നിർണ്ണായകമാണ്. പിഎച്ച.ഡി നേടിയാലും അതിൽനിന്ന് സെലക്ട് ചെയ്യപ്പെടുക എന്നത് വലിയൊരു കടമ്പയാണ്.

സ്വർണ്ണമെഡൽ ലഭിക്കുമെന്ന് ഉറപ്പില്ലായിരുന്നു. എന്നാൽ, ദൈവാനുഗ്രഹത്താൽ ആ നേട്ടം തേടിയെത്തി. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയിലാണ് ഗവേഷണം പൂർത്തിയാക്കാനായതെന്നും ഡോ. ബജീല ഐജാസ് സന്തോഷം പങ്കുവെച്ചു.

മന്നായിൽ ഐ.ടി കൺസൾട്ടാന്റായ കോഴിക്കോട് വടകര സ്വദേശി ഐജാസ് അഹമ്മദ് അസ്ലം ആണ് ഭർത്താവ്. ഹാസിം അഹമ്മദ്, ഇഹ്‌സാൻ അഹമ്മദ്, ഹംദാൻ അഹമ്മദ് എന്നിവർ മക്കളാണ്. 

റിഫാനക്ക് "അഭിമാന നേട്ടം'

ഖത്തർ യൂണിവേഴ്സിറ്റിയിൽനിന്ന് ബി.ബി.എ ഇൻ അക്കൗണ്ടിങ് ആൻഡ് ബിസിനസ് അനലിറ്റിക്സിൽ ഡിസ്റ്റിങ്ഷനോടെ ഉന്നത വിജയം സ്വന്തമാക്കി സ്വർണ്ണമെഡൽ നേട്ടവുമായി റിഫാന ബഷീർ. ചൊവ്വാഴ്ച നടന്ന ബിരുദദാന ചടങ്ങിൽ ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയിൽനിന്നാണ് ബിരുദം ഏറ്റുവാങ്ങിയത്. ഉയർന്ന വിജയം കരസ്ഥമാക്കിയ 525 വിദ്യാർഥിനികൾക്കാണ് അവർ മെഡൽ വിതരണം ചെയ്തത്.

ഉയർന്ന ഗ്രേഡോടെ വിജയിക്കാനായതിനൊപ്പം ഖത്തർ അമീറിന്റെ പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിയിൽനിന്ന് നേരിട്ട് അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞതും അതിയായ സന്തോഷമുണ്ടെന്ന് റിഫാന പറഞ്ഞു. പഠനകാലത്തെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണിതെ്, നേട്ടം അഭിമാനകരമാണെന്നും തുടർപഠനം തന്നെയാണ് ലക്ഷ്യമെന്നും റിഫാന കൂട്ടിച്ചേർത്തു. ദോഹയിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ റിഫാന, കോഴിക്കോട് നാദാപുരം പറക്കടവ് സ്വദേശിയും ദോഹയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ മജ് ലിസ് ഹൈപ്പർമാർക്കറ്റ്, ദുബൈ ഷോപ്പിങ് സെന്റർ, മലബാർ പാലസ് റെസ്റ്റാറന്റ് എന്നിവയുടെ ഉടമയായ ബഷീർ ചോരങ്ങോടിന്റെയും -ഹജറ കെ.കെ.യുടെയും മകളാണ്.

Tags:    
News Summary - Golden Joy: Keralites Clinch Gold Medals at Qatar University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.