ഗസ്സ പുനർനിർമാണം: അറബ് പദ്ധതി അമേരിക്കൻ പ്രതിനിധിക്ക് മുമ്പാകെ അവതരിപ്പിച്ചു

ദോഹ: അറബ് രാജ്യങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗസ്സ പുനർനിർമാണ പദ്ധതി അമേരിക്കൻ പ്രസിഡന്റിന്റെ മധ്യപൂർവേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുമ്പാകെ അവതരിപ്പിച്ചു. ദോഹയിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ നേതൃത്വത്തിൽ അറബ് രാഷ്ട്ര പ്രതിനിധികൾ കൂടി ​പ​ങ്കെടുത്ത യോഗത്തിലാണ് ഗസ്സ പുനർനിർമാണ പദ്ധതി അവതരിപ്പിച്ചത്. മാർച്ച് നാലിന് ​കൈറോയിൽ ഈജിപ്തിന്റെ നേതൃത്വത്തിൽ നടന്ന അറബ് ഉച്ചകോടിയിലായിരുന്നു ഫലസ്തീനികളെയെല്ലാം സ്വന്തം മണ്ണിൽ തന്നെ നിലനിർത്തി കൊണ്ടുള്ള പുനർനിർമാണ പദ്ധതി തയ്യാറാക്കി, അറബ് രാജ്യങ്ങൾ അംഗീകാരം നൽകിയത്.

പദ്ധതി സംബന്ധിച്ച് ചർച്ചകളും കൂടിയാലോചനകളും തുടരുന്നതിൽ യു.എസ് പ്രതിനിധിയും അറബ് രാഷ്ട്ര മേധാവികളും ധാരണയായി. ഖത്തർ പ്രധാനമന്ത്രിക്കു പുറമെ, ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദി, സൗദിഅറേബ്യ വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലാ അൽ സൗദ്, ഈജിപ്ത് വിദേശകാര്യമന്ത്രി ഡോ. ബദർ അബ്ദുൽ അതി, യു.എ.ഇ വിദേശകാര്യമന്ത്രി ഖലീഫ ഷഹീൻ അൽ മറാർ, ഫലസ്തീൻ ലി​ബറേഷൻ ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ഹുസൈൻ അൽ ശൈഖ് എന്നിവർ പ​ങ്കെടുത്തു.

ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ സാധ്യമാക്കാനും, സ്വതന്ത്ര ഫലസ്തീൻ എന്ന പരിഹാരത്തിലൂടെ മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനും അറബ് രാഷ്ട്ര മേധാവികൾ ആവശ്യപ്പെട്ടു. അമേരിക്കൻ സാന്നിധ്യത്തിൽ ഹമാസ്-ഇസ്രായേൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. അ​റ​ബ് രാ​ജ്യ​ങ്ങളുടെ ഗസ്സ പുനർനിർമാണ പദ്ധതിക്ക് പ്ര​മു​ഖ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങൾ കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. 5300 കോ​ടി​യോ​ളം ഡോ​ള​ർ ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി​യെ ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, ബ്രി​ട്ട​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് സ്വാ​ഗ​തം ചെ​യ്ത​ത്.

ക​ടു​ത്ത ദു​രി​ത​ത്തി​ൽ​നി​ന്ന് ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ സു​സ്ഥി​ര​മാ​യ പു​രോ​ഗ​തി ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ച്ച് ഗ​സ്സ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കാ​നു​ള്ള യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ​ട്രം​പി​ന്റെ നീ​ക്ക​ത്തി​ന് ബ​ദ​ലാ​യാ​ണ് ഈ​ജി​പ്ത് നേതൃത്വത്തിൽ ഗ​സ്സ പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

അ​ഞ്ചു​വ​ർ​ഷം ​കൊ​ണ്ട് ഗ​സ്സ​യെ പൂ​ർ​ണ​മാ​യും ആ​ധു​നി​ക ന​ഗ​ര​മാ​ക്കി പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി ട്രം​പും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വും ത​ള്ളി​യി​രു​ന്നു. ഹ​മാ​സി​ന് പ​ക​രം ഗ​സ്സ​യു​ടെ ഭ​ര​ണ ചു​മ​ത​ല സ്വ​ത​ന്ത്ര​രാ​യ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യെ ഏ​ൽ​പി​ക്ക​ണ​മെ​ന്നാണ് പ​ദ്ധ​തി നി​ർ​ദേ​ശി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച ന​ട​ന്ന അ​റ​ബ് ലീ​ഗ് ഉ​ച്ച​കോ​ടി​യി​ൽ അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​യെ ഫ​ല​സ്തീ​ൻ അ​തോ​റി​റ്റി​യും ഹ​മാ​സും സ്വാ​ഗ​തം ചെ​യ്തി​രു​ന്നു.

Tags:    
News Summary - Gaza reconstruction: Arab plan presented to US envoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.