വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് മുഹമ്മദ് അൽ അൻസാരി
ദോഹ: യുദ്ധത്തിനും ഉപരോധത്തിനുമിടയിൽ വലയുന്ന ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കാനുള്ള സമുദ്ര ഇടാനാഴിയിൽ പങ്കുചേർന്ന് ഖത്തറും. വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ കടൽ വഴി നടക്കുന്ന ദൗത്യത്തിൽ ഖത്തറും ഭാഗമാകുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ അൻസാരി അറിയിച്ചു.
എന്നാൽ, കരമാർഗം ഗസ്സക്ക് ആവശ്യമായ സഹായമെത്തിക്കുന്നതിനുള്ള ബദൽ മാർഗമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. സയാഹ വസ്തുക്കളെത്തിക്കുന്നതിനായി താൽകാലിക തുറമുഖം നിർമിക്കുകയെന്ന പദ്ധതിയിൽ ഖത്തറിന്റെ പിന്തുണയും അദ്ദേഹം ആവർത്തിച്ചു.
മേഖലയിൽ ആക്രമണമുണ്ടായി ആദ്യ ദിനം മുതൽ ഗസ്സക്ക് ആവശ്യമായ സഹായങ്ങളെല്ലാം പല മാർഗങ്ങളിലായി ഖത്തർ നൽകുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഗസ്സയില്‍ വെടിനിര്‍ത്തലിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണെന്നും നോമ്പ് അവസാനിക്കും മുമ്പേ ലക്ഷ്യം കാണാനാണ് ശ്രമമെന്നും വാരാന്ത്യ വാർത്തസമ്മേളനത്തിൽ മന്ത്രാലയം വക്താവ് വിശദീകരിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരമാണ് ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കാന്‍ താല്‍ക്കാലിക സമുദ്ര ഇടനാഴി തുറന്നത്. ജര്‍മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലൻഡ്സ്, സൈപ്രസ്, യു.എ.ഇ, ബ്രിട്ടൻ, യു.എസ് തുടങ്ങിയ രാജ്യങ്ങളാണ് ആദ്യഘട്ടത്തില്‍ ദൗത്യത്തിന്റെ ഭാഗമായിരുന്നത്.
കഴിഞ്ഞ ദിവസം 200 ടണ്‍ ഭക്ഷ്യവസ്തുക്കളുമായി സൈപ്രസ് തീരത്തുനിന്നും ആദ്യ കപ്പല്‍ ഗസ്സയിലേക്ക് തിരിച്ചിരുന്നു. രണ്ട് ദിവസത്തിനകം ഈ കപ്പല്‍ ഗസ്സയിലെത്തും. കടൽ മാർഗമുള്ള ദൗത്യത്തിൽ ലോകരാജ്യങ്ങൾക്കൊപ്പം ഖത്തർ പങ്കാളിയാകുന്നുവെങ്കിലും റഫാ അതിര്‍ത്തി വഴി സഹായമെത്തിക്കുന്നതിന് ഇസ്രായേല്‍ സൗകര്യമൊരുക്കണമെന്ന് മാജിദ് അല്‍ അന്‍സാരി ആവര്‍ത്തിച്ചു.
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണ്. ഉന്നതതലത്തില്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടക്കുന്നുണ്ട്. പെരുന്നാളിന് മുമ്പ് ചര്‍ച്ചകള്‍ ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗസ്സയിലേക്ക് ഇതുവരെ 85 വിമാനങ്ങളിലായി 2506 ടണ്‍ അവശ്യ വസ്തുക്കള്‍ ഖത്തര്‍ അയച്ചതായും മാജിദ് അല്‍ അന്‍സാരി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.