ദോഹ: ഇസ്രായേലി ആക്രമണത്തെ തുടർന്ന് ഗസ്സയിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അപലപിച്ച് ദോഹയിലെ ഫ്രഞ്ച് എംബസി. മാധ്യമപ്രവർത്തകരെ സംരക്ഷിക്കേണ്ടതിന്റെയും അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കാൻ അനുവദിക്കേണ്ടതിന്റെയും ആവശ്യകത എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ ആവശ്യപ്പെട്ടു.
അൽ ജസീറ മാധ്യമപ്രവർത്തകർ ഗസ്സയിൽ റിപ്പോർട്ടിങ്ങിനിടെയാണ് കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകർക്കുനേരെയുള്ള ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച ഫ്രാൻസ് സംഘർഷത്തിന്റെ തുടക്കം മുതൽ 200ലധികംപേർ ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്നും വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, മാധ്യമ പ്രവർത്തകരുടെ സംരക്ഷണം എന്നിവ ഉറപ്പാക്കണം. അന്താരാഷ്ട്ര മധ്യമപ്രവർത്തകർക്ക് ഗസ്സ മുനമ്പിലേക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനം ഉറപ്പാക്കണമെന്നും സംഘർഷത്തിന്റെ യാഥാർഥ്യം രേഖപ്പെടുത്താൻ അവരെ അനുവദിക്കണമെന്നും ഫ്രാൻസ് ആവശ്യപ്പെട്ടു.
ഗസ്സ സിറ്റിയിലെ അൽ ശിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്തുള്ള ടെന്റിലാണ് ഞായറാഴ്ച വൈകീട്ടുണ്ടായ ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തകൻ അനസ് അൽ ശരീഫ് ഉൾപ്പെടെ നിരവധി സഹപ്രവർത്തകർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.