ഫോർമുല വൺ മത്സരം
ദോഹ: ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രിക്സിനോടനുബന്ധിച്ച് ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട് (എൽ.ഐ.സി) വിവിധ വിനോദ പരിപാടികൾ അറങ്ങേറും. നവംബർ 28 മുതൽ 30 വരെ നടക്കുന്ന ഫോർമുല വൺ ഖത്തർ എയർവേസ് ഗ്രാൻഡ് പ്രിക്സ് മത്സരങ്ങളോടനുബന്ധിച്ചുള്ള വിനോദ പരിപാടികൾ പ്രഖ്യാപിച്ചു. നവംബർ 28ന് ഫാൻ സോൺ പരിപാടിയിൽ എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള വിനോദ പരിപാടികൾ ഉൾപ്പെടുത്തും. ലോകപ്രശസ്ത ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സീൽ അന്നേദിവസം ലൈവ് സ്റ്റേജ് പരിപാടി അവതരിപ്പിക്കും.
കൂടാതെ, ഇന്ററാക്ടിവ് പരിപാടികൾ, മ്യൂസിക്, ഫാൻ സോൺ വേദിയിലെ വിനോദ പരിപാടികൾ, ഫോർമുല വൺ താരങ്ങളുമായി നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന എഫ് വൺ ഫാൻ ഫോറം എന്നിവ ഉൾപ്പെടെ വിവിധ പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. 2025ലെ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ 57 ലാപ്പുകളുള്ള, 308.6 കിലോമീറ്റർ സ്പ്രിന്റ് ഫോർമാറ്റിലാണ് നടക്കുക.
പരിശീലന സെഷനുകൾ, സ്പ്രിന്റ് യോഗ്യത, സ്പ്രിന്റ് റേസ്, ഗ്രാൻഡ് ഫിനാലെ അടക്കമുള്ള മത്സരങ്ങൾ അരങ്ങേറും. 2025 സീസണിൽ ഫോർമുല വൺ സ്പ്രിന്റ് ഇവന്റുകൾ നടക്കുന്ന ആറ് വേദികളിൽ ഒന്നാണ് ഖത്തർ. സീസണിന്റെ സമാപനവും ലുസൈൽ സർക്യൂട്ടിലാണ്. എഫ്.ഐ.എ ഫോർമുല വൺ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ 75ാം വാർഷികാഘോഷവും ഇതോടനുബന്ധിച്ച് നടക്കും. 10 വർഷത്തേക്ക് ഫോർമുല വൺ റേസുകളിലൊന്നിന് ആതിഥേയത്വം വഹിക്കാനുള്ള കരാർ നേരത്തെ ഖത്തർ ഒപ്പുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.