മാനസികാരോഗ്യ ബോധവത്കരണ പരിപാടികളുമായി പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് മാനസികാരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ബോധവൽക്കരണ പരിപാടികളും വിദഗ്ധ പരിശീലനങ്ങളുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഒക്ടോബർ മാസത്തിലുടനീളം വൈവിധ്യമാർന്ന പരിപാടികളാണ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.

ഖത്തറിന്റെ ആരോഗ്യ നയങ്ങളിൽ മാനസികാരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് പ്രിവൻഷൻ പ്രോഗ്രാംസ് ഡയറക്ടർ ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ജനങ്ങളുടെ നിലവിലെയും ഭാവിയിലെയും ആവശ്യങ്ങൾ മുൻനിർത്തി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാനസികാരോഗ്യ കാമ്പയിന്റെ ഭാഗമായി, ജോലിസ്ഥലങ്ങളിലെ സ്ത്രീകളുടെ മാനസികാരോഗ്യം സംബന്ധിച്ച ചർച്ചകളും ബോധവൽക്കരണ ശിൽപശാലകളും നടത്തി. മാനസികാരോഗ്യ പിന്തുണ നൽകുന്ന സിലാത്ത ആപ്ലിക്കേഷനും പരിചയപ്പെടുത്തി. മെന്റൽ ഹെൽത്ത് കണ്ടിന്യൂയിങ് മെഡിക്കൽ എജ്യുക്കേഷൻ പ്രോഗ്രാമിന് കീഴിൽ മാനസികാരോഗ്യ വിദഗ്ധരെ പങ്കെടുപ്പിച്ച് വെബിനാർ സംഘടിപ്പിച്ചു.

രോഗികളിലെ അപകടസാധ്യതകൾ വിലയിരുത്തൽ, പ്രതിരോധ മാർഗ്ഗങ്ങൾ, പരിചരണ ഘട്ടങ്ങളിലെ ആശയവിനിമയം എന്നിവ ചർച്ചയായി. മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനായി 'ഇഹ്സാൻ' കേന്ദ്രവുമായി സഹകരിച്ച് പ്രത്യേക പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്.

Tags:    
News Summary - Ministry Launches Mental Health Awareness Programs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.