1994 ലോകകപ്പിൽ ഇറ്റലിക്കുവേണ്ടി ഗോൾ നേടിയ റോബർട്ടോ ബാജിയോ
മലപ്പുറത്തുകാർക്ക് ഫുട്ബാൾ ഒരുവികാരമാണ്. ചെറുപ്പക്കാരും പ്രായമായവരും എല്ലാം ഒരുപോലെ നെഞ്ചേറ്റുന്ന കാൽപന്തുകളി. കാണുന്നിടത്തെല്ലാം പന്തുകളിയായിരിക്കും പ്രധാന പരിപാടി. 1994ലെ ലോകകപ്പ് ഫുട്ബാൾ ആയിരുന്നു ഞാൻ ആരാധനയോടെ കണ്ട ആദ്യ ലോകകപ്പ്. എല്ലാ വീടുകളിലും ടി.വിയില്ലാത്ത കാലം. കളി കാണണമെങ്കിൽ തൊട്ടടുത്തുള്ള അമ്മാവന്റെ വീട്ടിൽ പോവണം. അതും ഒരുപാട് കരഞ്ഞ് കാൽപിടിച്ചാൽ മാത്രമേ വീട്ടുകാർ സമ്മതിക്കൂ. അമ്മാവനാവട്ടെ ജീവിക്കുന്നതുതന്നെ പന്തുകളി കാണാൻ ആയിരുന്നു. കളി തുടങ്ങിയാൽപിന്നെ ചുറ്റുള്ളതൊന്നും അറിയില്ല.
അമേരിക്കയിൽ നടന്ന ലോകകപ്പ് നാട്ടിലുള്ളവർ ഉറക്കൊഴിച്ച് അർധരാത്രി ഇരുന്ന് കാണണം. പക്ഷെ നാട് മുഴുവൻ ഉണർന്നിരിക്കും ആ സമയം. എല്ലാരുംകൂടെ ഒരു വീട്ടിൽ കൂടിയിരുന്ന് കളികാണുന്ന കാലമൊന്നും മറക്കാനാവില്ല. ഇടക്കിടെ അമ്മായിയുടെ വകയെത്തുന്ന സുലൈമാനിയായിരുന്നു കളിയാവേശത്തിന് ചൂട് പകർന്നത്.
കാറ്റിലും മഴയിലും വന്നുംപോയുമിരുന്ന വൈദ്യുതിയായിരുന്നു എപ്പോഴും വില്ലൻ. കളിയുടെ നിർണായക നീക്കത്തിലേക്ക് പന്ത് കുതിക്കുമ്പോൾ കറണ്ട് പോയിരിക്കും. കാത്തിരുന്ന്, കറണ്ട് വരുമ്പോഴേക്ക് ചിലപ്പോൾ കളിയുടെ ഗതിതന്നെ മാറിയിട്ടുണ്ടാവും. ഇലക്ട്രിസിറ്റി ഓഫിസിൽ ഇരിക്കുന്നവന്റെ കഷ്ടകാലമായിരിക്കും അന്നൊക്കെ. പന്തയംവെക്കൽ ഒരു സ്ഥിരം പരിപാടിയായിരുന്നു. നാട്ടിൽ കള്ളന്മാർ സ്ഥിരം ഇറങ്ങുന്ന സമയം കൂടെയാണ് ഈ ലോകകപ്പ് സമയം. കാരണം ആണുങ്ങൾ എല്ലാവരും കളി കാണാൻ ഏതെങ്കിലും വീട്ടിലായിരിക്കും.
അങ്ങനെ മറക്കാൻ കഴിയാത്ത ഒരു രാത്രി എനിക്കുണ്ടായി. അമ്മാവന്റെ വീട്ടിലേക്ക് രാത്രി കളി കാണാൻ പോവുകയായിരുന്നു. കളി തുടങ്ങിയിട്ടുണ്ട്. ധിറുതിപിടിച്ച് പോവുന്നതിനിടയിൽ കള്ളൻ കള്ളൻ എന്ന ഒരു നിലവിളിയും കൂടെ മുന്നിലൂടെ ഒരുത്തൻ മിന്നൽപിണർ കണക്കെ ഓടിമറയുന്നതും കണ്ടു. ഞാൻ ഉടനെ മതിലിനോട് ചാരിനിന്നു. ഒരുപറ്റം ആളുകൾ കള്ളന്റെ പിറകെ ഓടുന്നതും കണ്ടു. ആ നിൽപിൽ എന്നെ അവരുടെ കൈയിൽ കിട്ടിയിരുന്നേൽ പൊടിപോലും ഉണ്ടാവുമായിരുന്നില്ല കണ്ടുപിടിക്കാൻ. അന്ന് രക്ഷപ്പെട്ടത് ഓർക്കുമ്പോൾ ഇന്നും ഒരു ഉൾകിടിലമാണ്.
ഒരിക്കൽ ഒരു വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ നേരത്ത് ഇംഗ്ലണ്ടും ജർമനിയും തമ്മിൽ ഒരുകളി വന്നു. അന്ന് ജുമുഅക്ക് പോകണോ കളി കാണാൻ പോകണോ എന്ന ഒരു കൺഫ്യൂഷൻ. പള്ളിയിലെത്തിയപ്പോൾ ഖുതുബക്ക് പതിവിലും ദൈർഘ്യം. സത്യം പറയാലോ അന്ന് ഖതീബിനോട് തോന്നിയ അത്രക്ക് ദേഷ്യം പിന്നെ ആരോടും തോന്നിയിട്ടില്ല.
1994ലെ ആ ലോകകപ്പിൽ മനസ്സിൽ കയറിക്കൂടിയ ടീമാണ് അസൂറിപ്പട (ഇറ്റലി). റോബർട്ടോ ബാജിയോ എന്ന അമാനുഷികന്റെ ഒറ്റയാൾ പോരാട്ടംകണ്ട് ഫുടബാൾ എന്ന കളിയെ ജീവനോളം സ്നേഹിച്ചുപോയി ഞാൻ. ഇറ്റലി പിന്നെ എന്റെ ഒരു സ്വപ്നനാടായി മാറി. കാർലോസ്, ബെബറ്റോ, റൊമാരിയോ, പാഗ്ലിയോക, ബാറ്റിസ്റ്റൂട്ട തുടങ്ങിയ ലോകതാരങ്ങൾ അന്ന് മനസ്സിൽ ഇടംപിടിച്ചു. കാൽപന്തുകളി ഒരു അത്ഭുതമായി തോന്നിയത് ഇവരുടെയൊക്കെ കളികൾ കണ്ടിട്ടായിരുന്നു.
വർഷങ്ങൾ പിന്നിട്ടപ്പോൾ ലോക കപ്പ് ഫുട്ബാൾ ഇതാ തൊട്ടുമുന്നിൽ. ഖത്തർ എന്ന രാജ്യം ആതിഥേയത്വം വഹിക്കാൻ പോവുന്നു. ആ രാജ്യത്തെ സ്ഥിരതാമസക്കാരൻ എന്നനിലയിൽ അഭിമാനനിമിഷം കൂടിയാണ് ഈ ലോകകപ്പ്. ലോകകപ്പ് സ്റ്റേഡിയവും കളിക്കാരെയും എല്ലാം നേരിട്ട് കാണാൻപോവുന്നു. ജീവിതത്തിൽ ഇതിലും വലിയ ഒരവസരം ഇനി ഉണ്ടായെന്ന് വരില്ല. ഈ ലോക മാമാങ്കത്തിന് വളന്റിയർ സേവനത്തിനും പേര് കൊടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.