ഓടക്കുഴൽ സമ്മാനിച്ച: വികൃതി പയ്യൻ

അധ്യാപന പരിശീലന കാലത്തുണ്ടായ ഒരനുഭവത്തിലൂടെ തുടങ്ങാം. അധ്യാപന പരിശീലനത്തിന് വളരെ ആശങ്കകളോടെയാണ് പോയിരുന്നത്. എന്നാൽ, ബി.എഡ് പഠനകാലത്ത് മറക്കാനാവാത്ത ഒരേടായിരുന്നു അധ്യാപന പരിശീലനം. മലയാളം ക്ലാസിൽ ഒരു വികൃതിക്കുട്ടി ഉണ്ടായിരുന്നു. എന്തു പറഞ്ഞാലും അനുസരിക്കില്ല. അവൻ ഒരു ദിവസം ജനലിലൂടെ ചാടി പുറത്തുപോയി. മാനം കാക്കണ്ടേ? അവനോട് കർശനമായി പെരുമാറേണ്ടിവന്നു. ക്ലാസൊക്കെ വളരെ രസകരമായി കടന്നുപോയി. ഒരു ദിവസം കുട്ടികളെ സന്തോഷിപ്പിക്കാൻ ക്ലാസിൽ ഞാൻ ഓടക്കുഴൽ വായിച്ചു. പിരിഞ്ഞുപോകേണ്ട സമയമായി. കുട്ടികൾ സ്നേഹസമ്മാനങ്ങളുമായി കാത്തുനിന്നു. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ഒരു കുട്ടി കടലാസിൽ പൊതിഞ്ഞ് എനിക്കൊരു സമ്മാനം തന്നു, അതൊരു ഓടക്കുഴലായിരുന്നു. നമ്മുടെ വികൃതിക്കുട്ടി.

പുസ്തകത്തിലൂടെ വന്ന് പുസ്തകത്തിലൂടെ പോകുന്ന അധ്യാപകർ, ക്ലാസിലെ ഏറ്റവും മിടുക്കരായ കുട്ടികളെ മാത്രം പരിഗണിക്കുന്ന അധ്യാപകർ. ഇങ്ങനെയുള്ള അധ്യാപകർ എനിക്കുണ്ടായിരുന്നു. അവരെപ്പോലെ ആവരുതെന്ന് ഞാൻ ആഗ്രഹിച്ചു. ഒരു കുട്ടിയെയും മാറ്റിനിർത്താൻ പാടില്ല, ഓരോ കുട്ടിയും ഓരോ വ്യക്തിത്വമാണ്. പഴയ അനുഭവം കുട്ടികളെ മനസ്സിലാക്കാൻ എന്നെ കൂടുതൽ സഹായിച്ചു.

കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം കിട്ടും എന്നതിന് തെളിവായിരുന്നു സ്വന്തം അനുഭവം. മലയാള ഭാഷയിൽ ബിരുദവും ബിരുദാനന്തര ബിരുദവും അധ്യാപന യോഗ്യതയും നേടിയപ്പോൾ വലിയ അഭിമാനം തോന്നി. പക്ഷേ തൊഴിലവസരങ്ങളെപ്പറ്റി സംസാരിക്കുമ്പോൾ കൂടെയുള്ളവർ പറയും, നീ തിരഞ്ഞെടുത്ത വഴി തീരെ ശരിയായില്ല എന്ന്. എന്താ നിന്റെ യോഗ്യത എന്ന് കുശലം ചോദിക്കുന്നവർ ഓ മലയാളാ.. എന്നൊരു ചോദ്യമുണ്ട്. തോറ്റുകൊടുക്കാൻ മനസ്സില്ലാത്തതുകൊണ്ട് അവസരങ്ങൾക്ക് വേണ്ടി ശ്രമിച്ചുകൊണ്ടേയിരുന്നു. ഒരു വ്യാഴവട്ടം നാട്ടിലെ വിവിധ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് അറിവ് പകർന്നുകൊടുത്തു. നിരന്തര ശ്രമഫലമായി ഖത്തറിലെ ഒരു ഇന്ത്യൻ സ്കൂളിൽ അധ്യാപകനാവാൻ സാധിച്ചു. ഇതിനിടയിൽ കൺമുന്നിലൂടെ കടന്നുപോയ തലമുറകൾ, അനുഭവങ്ങൾ ഈ അധ്യാപക ദിനത്തിൽ എല്ലാം ഒരുവട്ടം കൂടി മനസ്സിലൂടെ കടന്നുപോവുകയാണ്. മലയാളത്തിന്റെ കരുത്തുകൊണ്ടുതന്നെ ജീവിതത്തിലെ വലിയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്നതും ഇവിടെ സാന്ദര്‍ഭികമായി പറഞ്ഞുകൊള്ളട്ടെ.

ഈ രാജ്യത്തേക്ക് വരുന്നതിന് മുമ്പുതന്നെ പ്രവാസത്തിന്റെ നൊമ്പരങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. എന്നാലും ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞ നാളുകൾ സംഘർഷം നിറഞ്ഞതായിരുന്നു. നാടും വീടും വിട്ട് പുതിയ വിദ്യാലയ അന്തരീക്ഷത്തിലെത്തിയപ്പോൾ തിരിച്ചുപോക്കിനെപ്പറ്റിത്തന്നെ ചിന്തിച്ചു. പക്ഷേ, പതിയെ എല്ലാത്തിനോടും പൊരുത്തപ്പെട്ടു. കുട്ടികളുടെ മുന്നിൽ ചെന്നുനിൽക്കുമ്പോൾ, അവരോട് സംവദിക്കുമ്പോൾ എല്ലാ പ്രയാസങ്ങളും മറക്കും. ചുട്ടുപൊള്ളുന്ന പ്രയാസങ്ങൾ തണുപ്പിക്കാൻ കാട്ടരുവിയിൽ മുങ്ങിക്കുളിക്കുന്നത് ഓർമിക്കും. എന്നെപ്പോലുള്ളവർ എത്ര ഭാഗ്യവാന്മാരാണ്. പത്തുനാല്പത് വർഷം നാട്ടിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചവനാണ് ഞാൻ. എന്നാൽ, വിദേശത്ത് ജനിച്ച് വിദേശത്ത് വളർന്ന കുട്ടികൾക്ക് എന്തൊക്കെ നഷ്ടങ്ങളാണുള്ളത്.

മഴവെള്ളത്തിൽ കുളിക്കുന്നതും തോട്ടിലും മേട്ടിലും യഥേഷ്ടം നടക്കുന്നതും മരം കയറ്റവും നാട്ടിലെ ഉത്സവങ്ങൾ, കല്യാണം സാംസ്കാരികത്തനിമകൾ- നാട്ടറിവുകൾ എല്ലാം കുട്ടികൾക്ക് നഷ്ടമാകുന്നു. ആ നഷ്ടങ്ങൾ നികത്താനാവില്ലെങ്കിലും അവർക്ക് നമ്മളാലാവുന്ന അറിവുകൾ പകർന്നു കൊടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

വറുത്തിട്ട മണം പരക്കുമ്പോള്‍

ക്ലാസുകളെ സജീവമാക്കാൻ പലപ്പോഴും ഗൃഹാതുരത്വം തുളുമ്പുന്ന വിവരണങ്ങൾ ഉൾപ്പെടുത്താറുണ്ട്. മഴയെപ്പറ്റി പറയുമ്പോൾ മണ്ണുനനഞ്ഞ മണവും മഴയുടെ കുളിരും താളഭേദവും എല്ലാം ക്ലാസിൽ നിറയും. എണ്ണിച്ചുട്ട അപ്പംപോലെ ലഭിക്കുന്ന അവധിക്കാലത്തെ മഴയനുഭവങ്ങളെപ്പറ്റി പറയുമ്പോൾ കുട്ടികളും വാചാലരാവും. മറ്റൊന്ന് നാടൻ രുചിഭേദങ്ങളെപ്പറ്റി പറഞ്ഞ് അവരെ കൊതിപ്പിക്കുന്നതാണ്. നല്ല പച്ചമാങ്ങ ചെത്തിപ്പൂളി ഉപ്പും മുളകും ചേർത്ത് ഓരോന്നായി കടിച്ചുതിന്നുന്നതിനെപ്പറ്റി പറയുമ്പോൾ അവരുടെ വായിൽ വെള്ളമൂറും. അപ്പോഴാണ് ഒരു കുട്ടി എണീറ്റ് സാർ ഇത്തിരി വെളിച്ചെണ്ണയും കൂടി ചേർക്ക് എന്നുപറയുക. പിന്നെ ക്ലാസിൽ ചിരിപടരും. ഒന്നുകൂടി കടന്ന്, അടുക്കളയിലെ കടുക് വറുത്തിട്ട മണത്തെപ്പറ്റിയൊക്കെ പറയുമ്പോൾ, സാറേ കൊതിപ്പിക്കല്ലേ എന്ന് അവർ പറയും.


ആശ്വാസങ്ങൾ, ആശങ്കകൾ

നാട്ടിലെ കുട്ടികളെ അപേക്ഷിച്ച് നിരവധി മികവുകൾ പ്രവാസി വിദ്യാർഥികൾക്ക് ലഭിക്കുന്നുണ്ട്. മികച്ച വിദ്യാഭ്യാസം, ഉപരിപഠനത്തിനുള്ള അവസരം, തൊഴിലവസരങ്ങൾ... എന്നിങ്ങനെ. നാടിനെ അപേക്ഷിച്ച് ഇവിടെ കുട്ടികൾ എന്തുകൊണ്ടും സുരക്ഷിതരാണ്. നമ്മുടെ നാട്ടിൽനിന്ന് ഇപ്പോൾ വരുന്ന വാർത്തകൾ വളരെയധികം അസ്വസ്ഥത ഉളവാക്കുന്നവയാണല്ലോ. ഇവിടത്തെ നിയമത്തിന്റെ പരിരക്ഷയും രക്ഷിതാക്കളുടെ കണ്മുന്നിലുള്ള ജീവിതവുമാണ് മറ്റൊരു സാഹചര്യത്തിലേക്ക് കുട്ടികൾ പോകാതിരിക്കാൻ കാരണം. ഒരു വിമർശനമായി പറയാനുള്ളത്, നാട്ടിലെ കുട്ടികളെ അപേക്ഷിച്ച് സ്വയം പര്യാപ്തത ഇല്ലാത്ത കുട്ടികൾ ഇവിടെയുണ്ട് എന്നുള്ളതാണ്. ശീതീകരിച്ച മുറിയിലിരുന്ന് നവമാധ്യമങ്ങളില്‍ മാത്രം അഭിരമിച്ച് സമയം കൊല്ലുന്ന രീതിയൊക്കെ മാറേണ്ടിയിരിക്കുന്നു. ലൈബ്രറിയില്‍ പോകുന്നവരും കലാകായിക പരിശീലനത്തില്‍ ഏർപ്പെടുന്നവരും ഇല്ലെന്നല്ല. പൊതുവിജ്ഞാനം വളരെ പ്രാധാന്യമുള്ളതാണ്. അതിന് വായന കൂടിയേ തീരൂ.


തുറന്നിട്ട വാതിലുകള്‍

കഴിവുള്ളവരെ അംഗീകരിക്കാന്‍ മടി കാണിക്കാത്ത ഒരു ജനത ഇവിടെയുണ്ട്. അധ്യാപകർക്ക്, ഇവിടെ അവസരങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. സാഹിത്യ ചർച്ചകള്‍, നാട്ടരങ്ങുകള്‍, പ്രഭാഷണങ്ങള്‍ എല്ലാറ്റിലും പങ്കെടുക്കാനുള്ള വേദിയുണ്ട്. പ്രവാസം നല്കിയ അനുഭവങ്ങള്‍ എഴുത്തുകളായും ചിത്രങ്ങളായും പരിണാമം കൊള്ളുന്നു. സാഹിത്യകാരന്മാരുമായി സംവദിക്കാം, റേഡിയോയില്‍ പരിപാടി അവതരിപ്പിക്കാം. ചുരുക്കത്തില്‍ പ്രവാസിയായ അധ്യാപകന്‍ എന്ന നിലയിലാണ് ജീവിതത്തില്‍ ഏറെ അവസരങ്ങള്‍ ലഭിച്ചത് എന്ന് പറഞ്ഞുകൊള്ളട്ടെ.


ചിറകുവിരിച്ച് പറന്നവര്‍

അധ്യാപകരുടെയും രക്ഷിതാക്കളുടെയും അടുത്തുനിന്ന് പുതിയ ആകാശങ്ങളിലേക്ക് ചിറകുവിരിച്ച് പറന്നുപോയവര്‍ പഴയ കൂട്ടിലേക്ക് തിരിച്ചുവരാറുണ്ട്. സാര്‍ എന്നെ ഓർമയുണ്ടോ എന്ന ഒറ്റ ചോദ്യം. മറന്നില്ല എന്ന് തിരിച്ചറിയുന്ന നിമിഷം എത്ര ധന്യമാണെന്നോ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍പോയി ഉന്നത വിദ്യാഭ്യാസം നേടി ജോലിയില്‍ പ്രവേശിച്ചുവരുന്ന മക്കളെ കാണുമ്പോള്‍, കുട്ടികളും രക്ഷിതാക്കളും നമ്മളെപ്പറ്റി നല്ല അഭിപ്രായം പറയുമ്പോള്‍ കിട്ടുന്ന സംതൃപ്തി എല്ലാ അവാർഡുകൾക്കും മേലെയാണ്. ഇനിയും ഒരുപാട് തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നുകൊടുക്കാനാവട്ടെ എന്നുമാത്രം ആഗ്രഹിക്കുന്നു. ശിഷ്യഗണങ്ങളെ ഓർക്കുന്നതോടൊപ്പം ഗുരുക്കന്മാരെയും ഈ അവസരത്തില്‍ സ്മരിക്കുന്നു.


വി.പി. ബൈജു
(ഐഡിയൽ ഇന്ത്യൻ സ്കൂൾ അധ്യാപകനാണ് ലേഖകൻ)




Tags:    
News Summary - Flute Presented by: Naughty Boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.