ദോഹ: കോവിഡിൻെറ പശ്​ചാത്തലത്തിൽ വിദേശത്ത്​ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പ്രക്രിയ മേയ്​ ഏഴിന്​ തുടങ്ങാനിരിക്കേ വിമാനടിക്കറ്റ്​ തുക​ അർഹരായ പ്രവാസികൾക്ക്​ കൂനിൻമേൽ കുരുവാകുന്നു. ദോഹയിൽ നിന്ന് ആദ്യ ആഴ്ച പോകുന്നത് രണ്ടു വിമാനങ്ങളാണ്​. ഏഴിന് കൊച്ചിയിലേക്കും പത്തിന് തിരുവനന്തപുരത്തേക്കുമാണ് ദോഹയിൽ നിന്ന്​ വിമാനം ഉണ്ടാവുക. ഓരോന്നിലും 200 പേരെ വീതമാണ്​ കൊണ്ടുപോവുക. ദോഹയിൽ നിന്ന്​ കൊച്ചിയിലേക്ക്​ ടിക്കറ്റിന്​ 16000 രൂപയാണ്​ നിലവിൽ ഈടാക്കുകയെന്ന്​ അധികൃതർ അറിയിച്ചിട്ടുണ്ട്​. ടിക്കറ്റുകൾ വിമാന കമ്പനികൾ നേരിട്ട് ആണ് നൽകുക. എംബസി നൽകുന്ന പേര്​വിവരങ്ങൾക്കനുസൃതമായിട്ടായിരിക്കും ഇത്​. ടിക്കറ്റ് തുക യാത്രക്കാർ വഹിക്കണം. നാട്ടിലെത്തിയാലുള്ള ചികിൽസയുമായി ബന്ധപ്പെട്ടുള്ള ചിലവുകളും പോകുന്നവർ തന്നെ വഹിക്കണമെന്നും കേന്ദ്രസർക്കാർ പറയുന്നുണ്ട്​. മിക്ക ഗൾഫ്​രാജ്യങ്ങളിലും കോവിഡ്​ തീർത്ത പ്രതിസന്ധിയിൽ നൂറുകകണക്കിന്​ പ്രവാസികൾക്കാണ്​ തൊഴിൽനഷ്​ടപ്പെട്ടുകൊണ്ടിരിക്കുന്നത്​.

ഇതിനുപുറമേയാണ്​ സാധാരണ തൊഴിൽചെയ്​ത്​ വരുമാനം കണ്ടെത്തിയിരുന്നവരുടെ സ്​ഥിതി. ടാക്​സി ഓടിച്ചും മറ്റും വര​ുമാനം കണ്ടെത്തിയിരുന്നവർ കോവിഡ്​ പ്രതിസന്ധി തുടങ്ങിയതുമുതൽ തൊഴിൽരഹിതരാണ്​. ഇവിടെ താമസിക്കാനും ഭക്ഷണം കഴിക്കാനുമടക്കം പ്രയാസത്തിലാണ്​ ഇവരിൽ നല്ലൊരുശതമാനവും. ഇതിനാൽ അർഹരായവർക്ക്​ വിമാനടിക്കറ്റ്​ സർക്കാർ തന്നെ എടുത്തുനൽകണമെന്ന​ ആവശ്യമാണ്​ ശക്​തമാകുന്നത്​. എല്ലാ എംബസികളിലും ഉള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽ​ഫെയർ ഫണ്ട്​ (ഐ.സി.ഡബ്ല്യു.എഫ്​) തുക തന്നെ ഇതിന്​ ഉപയോഗപ്പെടുത്തിയാൽ സാധാരണ പ്രവാസികൾക്ക്​ നിലവിലെ സാഹചര്യത്തിൽ അത്​ ഏറെ ആശ്വാസമാകും. വിവിധ ആവശ്യങ്ങൾക്കായി എംബസികളിലെത്തുന്ന ഇന്ത്യക്കാരിൽ നിന്നും സേവന തുകയായി ഇൗടാക്കുന്ന തുകയാണ് ഐ.സി.ഡബ്ല്യു.എഫിൽ ഉള്ളത്​. ലക്ഷക്കണക്കിന്​ റിയാൽ ഇത്തരത്തിൽ എംബസികളിലുണ്ട്​. ഇതിനുപുറമേ മറ്റ്​ മാർഗങ്ങളിലൂടെയും കേന്ദ്രസർക്കാറിന്​ ടിക്കറ്റ്​ തുകയുടെ ആശ്വാസം യാത്രക്കാർക്ക്​ നൽകാൻ കഴിയും.

വിമാനക്കമ്പനികൾ സർക്കാറിന്​ നൽകുന്ന വിവിധ നികുതികളിൽ കുറവ്​ വരുത്തിയാൽ തന്നെ ആ തുക ടിക്കറ്റ്​ നിരക്കിൽനിന്ന്​ കുറയാൻ സാധ്യതയൊരുങ്ങും. വിമാനത്താവളങ്ങളിൽ നിന്ന്​ യൂസേഴ്​സ്​ ഫീസ്​ ഇനത്തിലും മറ്റും ഈടാക്കുന്ന ഫണ്ടുകളും യാത്രക്കാരുടെ ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകുമെന്നും ദോഹയിലെ സാമൂഹിക പ്രവർത്തകനായ അബ്​ദുൽ റഊഫ്​ കൊണ്ടോട്ടി പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിലവിൽ യൂസേഴ്​സ്​ ഫീസ്​ ഈടാക്കുന്നുണ്ട്​. കോവിഡിൻെറ പശ്​ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള വിമാനങ്ങളെല്ലാം കേന്ദ്രസർക്കാർ നേരത്തേ റദ്ദാക്കിയിട്ടുണ്ട്​. ഇക്കാലയളവിൽ യാത്ര ചെയ്യാൻ നേരത്തേ ടിക്കറ്റെടുത്തവർക്ക്​ തുക തിരിച്ചുനൽകുമെന്നായിരുന്നു ആദ്യഘട്ടത്തിൽ വിമാനക്കമ്പനികൾ പറഞ്ഞിരുന്നത്​. എന്നാൽ തുക തിരിച്ചുനൽകാതെ ഇഷ്​ടമുള്ള സമയത്ത്​ ഇതേ കമ്പനികളുടെ വിമാനത്തിൽ യാത്ര ചെയ്യാമെന്നാണ്​ പിന്നീട്​ കമ്പനികൾ അറിയിച്ചത്​. ഖത്തർ എയർവേസ്​, ഇൻഡിഗോ തുടങ്ങിയ വിമാനങ്ങളിൽ ടിക്കറ്റെടുത്തവർ നിരവധിയുണ്ട്​. ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകാൻ​ എത്തുന്ന വിമാനങ്ങളിൽ തന്നെ ഇത്തരക്കാരും പോകേണ്ട അവസ്​ഥ വന്നാൽ നേരത്തേ ടിക്കറ്റിന്​ കൊടുത്ത പണം ഇവർക്ക്​ നഷ്​ടമാവും. പുതിയ ടിക്കറ്റ്​ എടുക്കേണ്ട അവസ്​ഥയും വരും.

ദുരിതമനുഭവിക്കുന്നവരുടെ യാത്രാ ചെലവ് സർക്കാറുകൾ വഹിക്കണമെന്ന്​ സി.െഎ.സി
ദോഹ: ഗൾഫ് രാജ്യങ്ങളിൽ അകപ്പെട്ട പ്രവാസികളിൽ ദുരിതമനുഭവിക്കുന്നവരുടെ യാത്രാ ചെലവ് കേന്ദ്ര- സംസ്​ഥാന സർക്കാറുകൾ വഹിക്കണമെന്ന്​ സ​​െൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി. ഐ. സി) കേന്ദ്ര കൂടിയാലോചന സമിതി ആവശ്യപ്പെട്ടു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര സർക്കാർ അനുമതി വലിയൊരാശ്വാസമായിരിക്കുകയാണ്. തിരിച്ചുവരുന്നവരെ സ്വീകരിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻെറ ഒരുക്കങ്ങളും സ്വാഗതാർഹമാണ്. എന്നാൽ യാത്രക്ക് വരുന്ന ചെലവുകൾ അവരവർ തന്നെ വഹിക്കണമെന്ന സർക്കാർ നിലപാട് എല്ലാം നഷ്​ടപ്പെട്ടു വലഞ്ഞവരെ സംബന്ധിച്ചിടത്തോളം കൂടുതൽ ദുരിതമാണ്​. 

ലോക്ഡൗൺ കാരണം തിരിച്ചു പോകാൻ കഴിയാതെയും തൊഴിൽ നഷ്​ടപ്പെട്ടും മാസങ്ങളായി വലിയ സമ്മർദ്ദങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന വലിയൊരു വിഭാഗം സാധാരണക്കാരുൾപ്പടെയുള്ളവർക്ക് ആശ്വാസമാകുന്ന സമീപനമാണ് സർക്കാറുകളുടെ ഭാഗത്ത് നിന്ന് ഈ ദുരിത കാലത്തുണ്ടാവേണ്ടത്. 
രോഗികളും ഗർഭിണികളും തൊഴിൽ രഹിതരുമുൾപ്പെടെ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന എല്ലാവരെയും സമയബന്ധിതമായി തിരിച്ചു കൊണ്ടുപോകാനുള്ള സത്വര നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്​.

അർഹർക്ക് സൗജന്യ ടിക്കറ്റ് അനുവദിക്കണം –കൾച്ചറൽ ഫോറം
ദോഹ: തൊഴിൽ നഷ്​ടപ്പെട്ട് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾക്കും ഓൺ അറൈവൽ വിസയിൽ ഖത്തറിലെത്തിയവർക്കും നാട്ടിലേക്ക് മടങ്ങാൻ സൗജന്യ എയർ ടിക്കറ്റ് അനുവദിക്കണമെന്ന് കൾച്ചറൽ ഫോറം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. എംബസികളുടെ കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ക്ഷേമ ഫണ്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക ഫണ്ടുകളും ഇതിനായി വിനിയോഗിക്കണം. കേരളത്തിലെ മുഴുവൻ എയർപോർട്ടിലേക്കും ദോഹയിൽ നിന്നും പ്രത്യേക വിമാന സർവീസ് ആരംഭിക്കണം. ഇപ്പോൾ പ്രഖ്യാപിച്ചത് തിരുവനന്തപുരം, കൊച്ചി സർവീസുകളാണ്. ഖത്തറിലെ മലയാളി പ്രവാസികളിൽ നല്ലൊരു ശതമാനം മലബാറിൽ നിന്നുള്ളവരാണ്. വിമാനമിറങ്ങിയ ശേഷം പ്രായമായവര്‍ക്കും രോഗികള്‍ക്കും ദീര്‍ഘ ദൂരം റോഡ് യാത്ര സുരക്ഷിതമല്ലെന്നതു കൂടി പരിഗണിച്ച് മലബാറിലെ വിമാനത്താവളങ്ങളിലേക്ക് കൂടി ഉടൻ വിമാന സർവീസ് ആരംഭിക്കണം.

 

Tags:    
News Summary - flight ticket-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.