ഖത്തറിൽ വിമാന സർവിസുകൾ സാധാരണ നിലയിലേക്ക്

ദോഹ: രാജ്യത്തെ വിമാന സർവിസുകൾ സാധാരണ നിലയിൽ പുനഃരാരംഭിക്കുന്നു. ഖത്തറിലേക്കും തിരിച്ചുമുള്ള വിദേശ വിമാനങ്ങളുടെ സർവിസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതായി ഖത്തർ സിവിൽ ഏവിയേഷൻ അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിദേശ വിമാനക്കമ്പനികളുടെ സർവിസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് (നോട്ടീസ് ടു എയർമെൻ - NOTAM) തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. എല്ലാ ദേശീയ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് നിലവിലെ സാഹചര്യങ്ങളെ വിലയിരുത്തിയ ശേഷമാണ് തീരുമാനം.

യാത്രക്കാരുടെയും എയർലൈൻ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും എല്ലാ വിമാന സർവിസുകളും നടപ്പിലാക്കുക. യാത്രക്കാരുടെ സുരക്ഷക്കും ക്ഷേമത്തിനുമാണ് മുൻഗണന നൽകുന്നതെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യൻ വിമാനക്കമ്പനികൾക്കും ഖത്തറിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്കും വലിയ ആശ്വാസമാണ് ഈ തീരുമാനം. ഖത്തർ വ്യോമപാത താൽക്കാലികമായി അടച്ചതിനാൽ നിർത്തിവെച്ചിരുന്ന സർവിസുകൾ എയർ ഇന്ത്യ, ഇൻഡി​ഗോ പോലുള്ള വിദേശ കമ്പനികൾക്ക് ഇനി ഘട്ടം ഘട്ടമായി തിരികെ കൊണ്ടുവരാനാകും. കേരളത്തിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും നേരിട്ടുള്ള ഫ്ലൈറ്റുകൾ പഴയതുപോലെ സജീവമാകും. സർവിസുകൾ കുറഞ്ഞപ്പോൾ വർധിച്ച ടിക്കറ്റ് നിരക്കുകൾ, വിദേശ വിമാനക്കമ്പനികൾ കൂടി സജീവമാകുന്നതോടെ സാധാരണ നിലയിലായേക്കുമെന്നാണ് പ്രതീക്ഷ.

മേഖലയിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ വ്യോമപാത അടച്ചതിനെ തുടർന്ന് ഖത്തറിലേക്കുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. തുടർന്ന്, മാർച്ച് ഏഴിന് വ്യോമപാത ഭാഗികമായി തുറന്നതോടെ ഖത്തർ എയർവേസ് വിവിധ ഭാഗങ്ങളിലേക്കുള്ള സർവിസുകൾ ഭാഗികമായി പുനഃരാരംഭിച്ചിരുന്നു.

Tags:    
News Summary - Flight services return to normalcy in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.