ദോഹ: ഖത്തറിലുടനീളം വേനൽച്ചൂട് അതിരൂക്ഷമായി തുടരുന്നു. ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ചൂടാണ് അനുഭവപ്പെട്ടതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
ഖത്തർ യൂണിവേഴ്‌സിറ്റി, മിഖൈനിസ് (48 ഡിഗ്രി) എന്നിവിടങ്ങളിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഷഹാനിയ, മീസൈമീർ, കരാന, തുറൈന (47), ദോഹ എയർപോർട്ട് (46) അൽ ഖോർ, ഗുവൈരിയ, ജുമൈലിയ (45), ഹമദ് എയർപോർട്ട് (44) എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിൽ ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയിട്ടുള്ളത്.
ആഗസ്റ്റ് മാസത്തിലുടനീളം കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം, ഈ മാസത്തിൽ മഴക്ക് സാധ്യതയില്ല.
അന്തരീക്ഷ ഉപരിതലത്തിലുണ്ടാകുന്ന ന്യൂനമർദ്ദമാണ് ആഗസ്റ്റിലെ കാലാവസ്ഥയെ പ്രധാനമായും സ്വാധീനിക്കുന്നത്. കിഴക്കൻ കാറ്റ് ശക്തമാകുന്നതോടെ അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വർധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദമാക്കി. ഈ മാസത്തെ ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
ചരിത്രത്തിൽ, ആഗസ്റ്റ് മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 2002-ലെ 48.6 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 1971-ലെ 22.4 ഡിഗ്രി സെൽഷ്യസുമാണ്. കടുത്ത വേനൽച്ചൂടും ഈർപ്പവും നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.