സിദ്റയിലെ ആദ്യ ആൺകുഞ്ഞിനെ അവർ ‘തമീം’ എന്ന് വിളിച്ചു
ദോഹ: സിദ്റയിൽ ജനിച്ച ആദ്യ ആൺ കുഞ്ഞ് ഇനി തമീം എന്ന് പേര് വിളിക്കപ്പെടും. ജനുവരി 14ന് പ്രധാന ആശുപത്രിയിലെ കിടത്തി ചികിത്സ ആരംഭിച്ചതിന് ശേഷം പിറന്ന ആദ്യ ആൺകുഞ്ഞാണ് തമീം. 15 വർഷത്തോളമായി ഖത്തറിൽ താമസിക്കുന്ന സുഡാൻ ദമ്പതികൾക്കാണ് കുഞ്ഞു തമീം പിറന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയോടുള്ള ആദരവും ബഹുമാനവും കണക്കിലെടുത്താണ് തമീം എന്ന് പേരിട്ടതെന്ന് പിതാവ് പറഞ്ഞു. സി–സെക്ഷൻ ശസ്ത്രക്രിയയിലൂടെയാണ് സിദ്റയിലെ ആദ്യ ആൺകുഞ്ഞ് പിറന്നത്. സ്വാഭാവിക പ്രസവം അസാധ്യമാകുന്ന സാഹചര്യത്തിൽ ചെയ്യപ്പെടുന്ന സിസേറിയൻ ആണ് സി–സെക്ഷൻ ശസ്ത്രക്രിയ. സിദ്റയിലെ മുതിർന്ന ഡോക്ടറായ ഡോ. ജോസഫ് ഷംവേ ആണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
നേരത്തെ ജനുവരി 14ന് ഉദ്ഘാടന ദിവസം തന്നെ ആദ്യ പെൺകുഞ്ഞ് സിദ്റയിൽ പിറന്നിരുന്നു. മർയം എന്ന് പേരിട്ട കുഞ്ഞിനെയും സി–സെക്ഷനിലൂടെയാണ് പുറത്തെടുത്തത്. ഡോ. ജസ്റ്റിൻ കോൻജെ, ഡോ. ആയിശ യൂസുഫ്, മഹാ അൽ ഗാനെം എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ജനുവരി 14നാണ് രാജ്യത്തെ ആരോഗ്യപരിരക്ഷാ മേഖലയിലെ പ്രധാന നാഴികക്കല്ലായി സിദ്റ ആശുപത്രിയുടെ പുതിയ കെട്ടിടം പ്രവർത്തനമാരംഭിക്കുകയും ഇൻപേഷ്യൻറ് സേവനത്തിന് തുടക്കം കുറിക്കുകയും ചെയ്തത്. സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും ചികിത്സയാണ് സിദ്റ മെഡിസിനിൽ നൽകുന്നത്. ജൂൺ അവസാനത്തോടെ കൂടുതൽ സ്പെഷ്യാലിറ്റിയോടെ കൂടുതൽ സങ്കീർണ്ണമായ പീഡിയാട്രിക് ശസ്ത്രക്രിയകളും ന്യൂറോളജി, കാർഡിയോളജി തുടങ്ങിയ വിഭാഗങ്ങളിൽ സ്പെഷ്യൽ പീഡിയാട്രിക് സേവനങ്ങളും കൂടുതൽ സങ്കീർണ്ണമായ പ്രസവ ശുശ്രൂഷാ കേസുകളും സിദ്റയിൽ ചികിത്സക്കെടുക്കും.
മേഖലയിൽ നിന്നും രാജ്യാന്തര തലത്തിൽ നിന്നുമുള്ള റഫറൽ കേസുകളും സിദ്റയിൽ സ്വീകരിക്കുന്നതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. പൂർണമായ രീതിൽ പ്രവർത്തന സജ്ജമാകുന്നതോടെ ഇത് കൂടുതൽ സജീവമാകും. ഇതിനകം തന്നെ ബഹ്റൈൻ, ഈജിപ്ത്, ഘാന, ഗ്രീസ്, ഇറാൻ, ജോർദാൻ, കുവൈത്ത്, ലബനാൻ, നൈജീരിയ, ഒമാൻ, പനാമ, സൗദി അറേബ്യ, സുഡാൻ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ നിന്നായി 117 കേസുകൾ സിദ്റയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. 2016 മാർച്ചിലാണ് സിദ്റയിൽ ഔട്ട്പേഷ്യൻറ് സേവനങ്ങൾ നൽകിത്തുടങ്ങിയത്. കാർഡിയോളജി, യൂറോളജി വിഭാഗങ്ങളിലാണ് ഇവയിൽ അധികവും ചികിത്സ തേടിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.