ദോഹ: അറബികൾക്ക് ഏറെ പ്രിയങ്കരമാണ് ഹുബാറ പക്ഷികൾ. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രധാനികളായ ഇവ, ഫാൽക്കൺ പക്ഷികളെ ഉപയോഗിച്ച് മുരഭൂമിയിൽ വേട്ടക്കിറങ്ങുന്ന അറബികൾക്കിടയിലും താരമാണ്. അന്താരാഷ്ട്ര തലത്തിൽ വംശനാശ ഭീഷണി കൂടി നേരിടുന്ന ഹുബാറ പക്ഷികളെ വളർത്താനും പ്രജനനം ചെയ്യാനും സംരക്ഷിക്കുന്നതിനുമായി ഖത്തറിലെ ഫാം ഉടമകൾക്കിടയിൽ പ്രിയം വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാരിസ്ഥിതികവും, ഒപ്പം സാമ്പത്തികമായും താൽപര്യമുള്ളതാണ് ഫാമുകളുടെ ഹുബാറ പരിചരണം.
ഹുബാറ പക്ഷികളെ പൗരന്മാർ ഇഷ്ടപ്പെടുന്നതായും ഔദ്യോഗിക വേട്ടയാടൽ സീസണുകളിൽ ഫാൽക്കൺ വേട്ടക്കായി ഇവയെ ഉപയോഗിക്കാൻ പലരും ആഗ്രഹിക്കുന്നതായും ഫാം ഉടമകൾ പ്രാദേശിക അറബി ദിനപത്രമായ അൽ റായയോട് പറഞ്ഞു. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന്റെയും പരിരക്ഷിക്കുന്നതിന്റെയും ഭാഗമായി ഹുബാറ പക്ഷികളെ വളർത്തുന്നതിനുള്ള ശരിയായ മാർഗങ്ങൾ പരിചയപ്പെടുത്തുന്നതിനും പ്രജനനം സംബന്ധിച്ചും ഖത്തർ പൗരന്മാർക്ക് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ശക്തമായ പിന്തുണയും സഹായവും നൽകിവരുന്നുണ്ട്.
പൗരന്മാർക്കിടയിൽ ഹുബാറ പക്ഷികളെ വളർത്തുന്നതിനുള്ള പദ്ധതികൾ ആരംഭിക്കുന്നതിന് അനുമതി നൽകുന്ന നടപടിക്രമങഅങൾ മന്ത്രാലയം സുഗമമാക്കിയിട്ടുണ്ട്. അവശ്യ പരിശോധനാ സേവനങ്ങൾ, തീറ്റ, മറ്റു ചികിത്സകൾ എന്നിവ നൽകുന്നതിന് പുറമേ അവയെ വളർത്തുന്നതിനാവശ്യമായ സൗകര്യങ്ങളുടെ രൂപകൽപ്പനയിലും നിർമാണത്തിലും മന്ത്രാലയം സഹായിക്കുന്നു.
ഹുബാറ പക്ഷികളെ വളർത്തുന്നത് എളുപ്പമല്ലെന്നും സ്വാഭാവിക ആവാസ വ്യവസ്ഥയോട് സാമ്യമുള്ള സ്വന്തം ഇടം അവക്ക് ആവശ്യമാണെന്നും മറ്റ് പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും അവയെ വേറിട്ട് തന്നെ സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനാൽ പക്ഷികൾക്ക് സ്വന്തം കൂടുകൾ അനുവദിക്കേണ്ടത് ഫാമുകളുടെ ആവശ്യമാണെന്നും ഉടമകൾ ചൂണ്ടിക്കാട്ടി.
പക്ഷികളെ വളർത്തുന്ന പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് മന്ത്രാലയത്തിൽ നിന്നുള്ള ടീമുകളെ ക്ഷണിച്ച് ഫാം പരിശോധിച്ച് സ്ഥലത്തിന്റെ അനുയോജ്യത ഉറപ്പാക്കാൻ അനുവദിക്കണമെന്ന് മന്ത്രാലയം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഫാമുകളിൽ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ വിവരങ്ങളും മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം. പക്ഷികളെ വാങ്ങാൻ അനുമതിയുള്ള ഏക സ്ഥാപനം മന്ത്രാലയമായതിനാലാണിത്. സ്വകാര്യ വ്യക്തികൾക്ക് ഹുബാറ പക്ഷികളെ വിൽക്കാൻ മന്ത്രാലയം അനുവദിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.