ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഈഷ് സിംഗാളിന് യാത്രയയപ്പ്

ദോഹ: ഖത്തറിലെ സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറുമായ ഡോ. ഈഷ് സിംഗാളിന് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) യാത്രയയപ്പ് നൽകി. ചടങ്ങിൽ ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അപെക്സ് ബോഡി പ്രതിനിധികൾ, ഐ.സി.ബി.എഫുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സംഘടനകളുടെ ഭാരവാഹികൾ, കമ്മ്യൂണിറ്റി ലീഡേഴ്സ് എന്നിവർ പങ്കെടുത്തു.

അധ്യക്ഷ പ്രസംഗത്തിൽ ഡോ. സിംഗാളുമൊത്തുള്ള പ്രവർത്തന പരിചയം പങ്കുവെച്ച ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, അദ്ദേഹത്തിന്റെ സജീവമായ ഇടപെടലുകളും നൂതനമായ ആശയങ്ങളും പുതിയ പദ്ധതികൾ ആരംഭിക്കാൻ സഹായിച്ചുവെന്ന് വിശദീകരിച്ചു.

ഇത് ഇന്ത്യൻ സമൂഹത്തിലെ കൂടുതൽ പേർക്ക് ഐ.സി.ബി.എഫിന്റെ സേവനങ്ങൾ എത്തിക്കാൻ വഴിയൊരുക്കി. കമ്മ്യൂണിറ്റിയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിൽ ഡോ. ഈഷ് സിംഗാളിന്റെ കരുതലും ഉടനടിയുള്ള പ്രതികരണങ്ങളും കൃത്യമായ ഇടപെടലുകളും ഷാനവാസ് ബാവ എടുത്തുപറഞ്ഞു.

 

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും എജുക്കേഷൻ ആൻഡ് കൾച്ചർ വിഭാഗം മേധാവിയുമായ ഹരീഷ് പാണ്ഡെ, ഡോ. ഈഷ് സിംഗാളുമൊത്തുള്ള ദീർഘകാല സൗഹൃദം പങ്കുവെച്ചു. സമീപകാലത്തുണ്ടായ പ്രാദേശിക പ്രതിസന്ധി ഘട്ടങ്ങളിലും റാസ് ലഫാൻ അപകടസമയത്തും സമൂഹത്തിലെ അംഗങ്ങളിലേക്ക് നേരിട്ടെത്തി ആവശ്യക്കാർക്ക് സഹായം എത്തിക്കാൻ ഈഷ് സിംഗാൾ നടത്തിയ ശ്രമങ്ങളെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനും ചാർജ് ഡി അഫയേഴ്സുമായ സന്ദീപ് കുമാർ വിശദീകരിച്ചു.

ഇന്ത്യൻ എംബസി അപെക്സ് ബോഡികളുടെയും ഐ.സി.ബി.എഫുമായി സഹകരിക്കുന്ന സംഘടനകളുടെയും പ്രതിനിധികൾ ഡോ. സിംഗാളിന് പൂച്ചെണ്ടുകളും ഉപഹാരങ്ങളും നൽകി ആദരിച്ചു. ഖത്തറിലെ സേവനകാലം ഏറെ ആസ്വദിച്ചതായും കഴിവിന്റെ പരമാവധി ഇന്ത്യൻ സമൂഹത്തെ സഹായിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മറുപടി പ്രസംഗത്തിൽ ഡോ. ഈഷ് സിംഗാൾ പറഞ്ഞു. സേവനകാലത്തുടനീളം തനിക്ക് നൽകിയ പിന്തുണയ്ക്ക് ഇന്ത്യൻ എംബസിയിലെ സഹപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, ഐ.ബി.പി.സി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയർമാൻ കെ.എസ്. പ്രസാദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. ബോബൻ എന്നിവർ സംസാരിച്ചു.

ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി അവതാരകനായിരുന്നു. എംബസിയിലെ ലേബർ സെക്ഷൻ മേധാവി രവി രാതി, മുൻ ഐ.സി.ബി.എഫ് പ്രസിഡന്റുമാരായ പി.എൻ. ബാബുരാജൻ, അബ്ദുൽ ഖാദർ, അപെക്സ് ബോഡി ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അനുബന്ധ സംഘടനകളുടെ നേതാക്കൾ, കമ്മ്യൂണിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഐ.സി.ബി.എഫ് സെക്രട്ടറി മിസ്റ്റർ ജാഫർ തയ്യിൽ നന്ദി പറഞ്ഞു.

ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, ഇർഫാൻ അൻസാരി, നീലാംബരി സുശാന്ത്, അമർ വീർ സിങ്, ഖാജ നിസാമുദ്ദീൻ, ശങ്കർ ഗൗഡ്, ഉപദേശക സമിതി അംഗങ്ങളായ ജാവേദ് അഹമ്മദ്, നാസിയ സിയാവുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഈഷ് സിംഗാളിന് യാത്രയയപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.