ചിത്രങ്ങൾ: വിഷുവിനെ വരവേറ്റ് ഖത്തറി​ലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളായ ലുലുവിലും സഫാരിയിലും ഒരുക്കിയ വിഷു വിപണി

കണിയൊരുങ്ങി; നാളെ വിഷു

ദോഹ: റമദാൻ വിശുദ്ധിയുടെ നാളിനിടയിൽ വിഷുവിനെയും ഈസ്റ്ററിനെയും വരവേറ്റ് പ്രവാസി സമൂഹം. കണിക്കൊന്ന പൂത്തുലയുന്ന ഗൃഹാതുര സ്മരണകളുമായി വെള്ളിയാഴ്ചയാണ് വിഷുവിനെ വരവേൽക്കുന്നത്. അതേദിനം ക്രൈസ്തവ സമൂഹം ദുഃഖവെള്ളിയും ഞായറാഴ്ച ഈസ്റ്ററും ആഘോഷിക്കുന്നു. സംഘടനകളുടെയും കൂട്ടായ്മകളുടെയും സ്ഥാപനങ്ങളുടെയുമെല്ലാം നേതൃത്വത്തിൽ റമദാൻ നോമ്പുതുറകൾ സജീവമാകുന്നതിനിടെയെത്തുന്ന വിഷുവും ഈസ്റ്ററും കൂടി ചേരുന്നതോടെ, പ്രവാസ മണ്ണിൽ ബഹുമതാഘോഷങ്ങളുടെ വേദികളുമാവുകയാണ്. കഴിഞ്ഞ രണ്ടുവർഷങ്ങൾ കോവിഡി‍െൻറ കെട്ടുപാടുകളിൽ പെട്ടുപോയെങ്കിൽ ഇക്കുറി ആഘോഷങ്ങൾ കൂടുതൽ കളറാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി മലയാളികൾ. നിയന്ത്രണങ്ങളെല്ലാം ഏറക്കുറെ ഒഴിവാകുകയും ആഘോഷങ്ങൾ സജീവമാവുകയും ചെയ്തതിനൊപ്പം വിഷുവെത്തുന്നത് അവധി ദിനമായ വെള്ളിയാഴ്ച കൂടിയായതിനാൽ കെങ്കേമവുമാവും.


കണി വിഭവങ്ങളും സദ്യകൂട്ടുകളും കണിക്കൊന്നയും ഉൾപ്പെടെയുള്ള വിഷു സ്പെഷലുമായി വിപണിയും സജീവമായി. പ്രധാന ഹൈപ്പർമാർക്കറ്റുകളായ ലുലു, സഫാരി, ഗ്രാൻഡ് ഉൾപ്പെടെയുള്ള ഷോപ്പുകൾ വിഷു സ്പെഷൽ വിപണിയും ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, കൂടുതൽ വിഭവങ്ങൾ വാഗ്ദാനം ചെയ്ത് സദ്യകളുമായി ഹോട്ടലുകളും രംഗത്തുണ്ട്. വിഷുവി‍െൻറ ഭാഗമായി ലുലു, സഫാരി ഹൈപ്പർമാർക്കറ്റുകളിൽ പായസമേളയും ആരംഭിച്ചു. പാലട, പരിപ്പു പ്രദമൻ, നെയ് പായസം എന്നിവക്ക് അരകിലോ ഗ്രാമിന് 11.50 റിയാലാണ് വില. ഒപ്പം, ഷുഗർ ഫ്രീ പായസവും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. പരിപ്പ്, സേമിയ, അടപ്രഥമൻ എന്നീ മൂന്ന് പായസങ്ങളുടെയും കോമ്പോ പാക്കേജായാണ് സഫാരി വിഷുവിനൊരുങ്ങിയത്. ഒാരോന്നും 250 ഗ്രാം വീതമായി മൂന്നിനങ്ങളും 15 റിയാലിന് ആവശ്യക്കാരന് ലഭിക്കും. ഇതിനുപുററെമ, വിവിധ കറി വിഭവങ്ങളും കുറഞ്ഞ വിലയിൽ സഫാരിയിൽ ലഭ്യമാവുന്നു.

22 ഇനം വിഭവങ്ങളുമായാണ് ലുലുവിൽ ഗംഭീര വിഷുസദ്യ ഒരുക്കിയിരിക്കുന്നത്. 29.75 റിയാലാണ് വില. ഹോട്ടലുകളിൽ 38 റിയാൽ വരെ വിഷുസദ്യക്ക് ഈടാക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി വരെയുള്ള മുൻകൂർ ബുക്കിങ്ങി‍െൻറ അടിസ്ഥാനത്തിലാണ് വിഷു ദിനത്തിൽ സദ്യ വിതരണം ചെയ്യുന്നത്. മലയാളി സമൂഹത്തിൽനിന്നും മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ചക്ക, പഴം, തേങ്ങ, മറ്റു പഴവർഗങ്ങൾ, നാണയങ്ങൾ ഉൾപ്പെടെ 45 റിയാലാണ് വിഷുക്കണി കിറ്റി‍െൻറ വില. കൊന്നപ്പൂവ് പാക്കറ്റിന് 7.50 റിയാലിലും ലഭ്യമാണ്. കസവ് മുണ്ടുകൾ, സാരി, കുർത്ത തുടങ്ങിയ പരമ്പരാഗത വസ്ത്രങ്ങളുടെയും വിപണി വിഷുവിന് മുന്നോടിയായി സജീവമായി. 

Tags:    
News Summary - Expatriate community prepares to celebrate Vishu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.