ദോഹ: അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ദേശീയ കാൻസർ രജിസ്റ്റർ പരിഷ്‌കരിക്കാൻ തീരുമാനം. അർബുദ രോഗികളുടെ വിവര ശേഖരണവും വിശകലനവും കൂടുതൽ ഉയർത്തുന്നതിനായുള്ള രജിസ്ട്രിയുടെ പരിഷ്‌കരണം, രോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സാ സംവിധാനം കൂടുതൽ മെച്ചപ്പെടുത്താനും നിർണായകമായി മാറും. അർബുദ ഗവേഷണത്തിൽ മുൻനിര രാജ്യങ്ങളിലൊന്നായി ഖത്തറിന്റെ ആരോഗ്യ മേഖലയെ മെച്ചപ്പെടുത്താൻ കൂടി സഹായിക്കുന്നതായിരിക്കും നവീകരണം.
ഖത്തർ കാൻസർ പ്ലാൻ 2023-2026നും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റാ മാനേജ്‌മെന്റ് സ്ട്രാറ്റജിക്കും അനുസൃതമായാണ് ഖത്തർ ദേശീയ കാൻസർ രജിസ്ട്രി ഇ-പ്ലാറ്റ്‌ഫോം നവീകരിച്ചത്. വിവര ദാതാക്കൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാനും വിവരങ്ങൾ നൽകാനും കഴിയും. മേഖലയിലെ തന്നെ ഏറ്റവും മികച്ച കാൻസർ രജിസ്ട്രേഷൻ സംവിധാനമാണ് ഖത്തറിന്റേതെന്നും, അത് കൂടുതൽ നവീകരിക്കാനാണ് പദ്ധതിയെന്നും ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ വകുപ്പ് മേധാവി ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി ദേശീയ കാൻസർ പ്ലാൻ പ്രഖ്യാപന വേളയിൽ വ്യക്തമാക്കിയിരുന്നു.
ഖത്തർ നാഷണൽ കാൻസർ രജിസ്ട്രി ഖത്തർ ഹെൽത്ത് ഇൻഫർമേഷൻ എക്‌സ്ചേഞ്ച് ഹബ്ബിന്റെ ഭാഗമാകുന്നതോടെ അതിന്റെ വിവരങ്ങൾ ചേർക്കുന്ന പ്ലാറ്റ്‌ഫോം ഇതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാൻസർ രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തുമെന്നും ഡോ. ആൽഥാനി അറിയിച്ചു.
2022ൽ ആരംഭിച്ച ഖത്തർ ഹെൽത്ത് ഇൻഫർമേഷൻ എക്‌സേഞ്ച് ഹബ് പ്രോഗ്രാം പ്രകാരം, രോഗീ പരിചരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരക്ഷിതവും കേന്ദ്രീകൃതവുമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ പങ്ക് വെക്കാം.
2017-2022 ദേശീയ കാൻസർ പദ്ധതിക്ക് കീഴിലെ ശുപാർശക്ക് കീഴിൽ എച്ച്.എം.സി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മുഴുവൻ കാൻസർ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
2014ലാണ് ഖത്തർ നാഷണൽ കാൻസർ രെജിസ്ട്രി വിവരങ്ങൾ പ്രസിദ്ധീകരണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.