ഐ.എസ്.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇ.പി. അബ്ദുൽ റഹ്മാനെ അഭിനന്ദിക്കുന്ന നിലവിലെ ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായർ
ദോഹ: ഖത്തറിലെ പ്രവാസികൾക്കിടയിൽ കായിക സംഘാടകൻ എന്ന നിലയിൽ പരിചിത മുഖവുമായാണ് കെയർ ആൻഡ് ക്യൂവർ സ്ഥാപനങ്ങളുടെ സ്ഥാപകനും ചെയർമാനുമായ ഇ.പി. അബ്ദുറഹ്മാൻ ഇന്ത്യൻ സ്പോർട്സ് സെന്റർ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. ഖത്തർ ഇന്ത്യൻ അസോസിയേഷൻ (ഖിയ) പ്രസിഡന്റ്, ഖിഫ് സ്ഥാപകരിൽ ഒരാൾ, ആദ്യ കാലം മുതൽ ഇന്ത്യൻ സ്പോർട്സ് സെന്റർ സമിതികളിൽ അംഗം എന്നീ നിലകളിൽ കായിക സംഘാടനത്തിൽ സജീവമായിരുന്നു കോഴിക്കോട് േചന്ദമംഗലൂർ സ്വദേശിയായ ഇ.പി.
കായിക സംഘാടനത്തിൽ ദീർഘകാലത്തെ അനുഭവ സമ്പത്തുമായി ഐ.എസ്.സിയുടെ അധ്യക്ഷ പദവിയിലെത്തുമ്പോൾ സ്പോർട്സ് ഒരു സംസ്കാരമായി ജീവിതത്തിനൊപ്പം അലിഞ്ഞുചേർന്ന ഖത്തറിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു.
കഴിഞ്ഞ 12 വർഷമായി ലോകകപ്പ് ഫുട്ബാളിനൊപ്പമായിരുന്നു ഖത്തറും ഇവിടത്തെ പ്രവാസ സമൂഹവും. ലോകകപ്പ് ഒരുക്കവും സംഘാടനവും മുന്നിൽനിന്ന് നയിച്ചവരാണ് ഇന്ത്യൻ സമൂഹം. ഖത്തറിന് ലോകകപ്പ് വേദി ലഭിക്കുന്ന വേളയിൽ സ്റ്റേഡിയങ്ങളിലെത്തി കളി കാണാൻ താൽപര്യമുള്ളവർ വളരെ ചെറിയ വിഭാഗമായിരുന്നു. ക്ലബുകളുടെയും കളിക്കാരുടെയും എണ്ണവും കുറവായിരുന്നു.
എന്നാൽ, പിന്നീട് ടീമുകളും ടൂർണമെന്റുകളും കളിക്കാരും കൂടുകയും പതിനായിരങ്ങൾ ഗാലറികളിലെത്തുകയും ചെയ്തു. ഖത്തർ സ്റ്റാർസ് ലീഗ് ഉൾപ്പെടെ മത്സരങ്ങളിലേക്കും ഇന്ത്യക്കാർ ഉൾപ്പെടെ കാണികൾ സജീവമായി പങ്കെടുത്തു. അടിസ്ഥാന സൗകര്യങ്ങളും കളിയിടങ്ങളും വർധിച്ചത് ഈ മാറ്റത്തിന് സഹായകമായി. ലോകകപ്പിന് പന്തുരുളുന്നതിന് വർഷങ്ങൾ മുമ്പേതന്നെ ഖത്തർ കായിക ഹബായി മാറിയത് ഇന്ത്യൻ സമൂഹത്തിനും ഗുണകരമായി.
കളിക്കൊപ്പം ആരോഗ്യ പരിപാലനത്തിനും ജീവിത ശൈലി ക്രമപ്പെടുത്താനും സ്പോർട്സിന്റെ സ്വാധീനം സഹായിച്ചിട്ടുണ്ട്. ലോകകപ്പിന്റെ തുടർച്ചയായി ഏഷ്യൻ കപ്പ് ഫുട്ബാൾ ഉൾപ്പെടെ ടൂർണമെന്റുകൾ ഇനിയും ഖത്തറിലേക്ക് വരാൻ ഒരുങ്ങുന്നു. ഒരാഴ്ചക്കുള്ളിൽ ലെജൻഡ്സ് ക്രിക്കറ്റിനും ഖത്തർ വേദിയാവുന്നുണ്ട്. ഇവയിലെല്ലാം ഇന്ത്യക്കാരുടെ സാന്നിധ്യം ഉറപ്പാക്കാൻ ഐ.എസ്.സിക്ക് കഴിയും.
ഫുട്ബാൾ കഴിഞ്ഞാൽ കൂടുതൽ ടൂർണമെന്റ് നടക്കുന്ന ബാഡ്മിന്റൺ, വോളിബാൾ ഉൾപ്പെടെ കൂടുതൽ മത്സരങ്ങൾക്ക് കോഓഡിനേഷൻ നൽകുക, സ്ത്രീകൾ, കുട്ടികൾ, തൊഴിലാളികൾ ഉൾപ്പെടെ ബ്ലൂകോളർ വിഭാഗം എന്നിവരെ ആകർഷിക്കുന്ന കായിക പരിപാടികളിലേക്കും ശ്രദ്ധ നൽകും -ഇ.പി അബ്ദുൽറഹ്മാൻ പറയുന്നു.
30 വർഷമായി ഖത്തർ പ്രവാസിയാണ് ഇ.പി. തിരക്കുപിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും സാമൂഹിക പ്രവർത്തനത്തിൽ ശ്രദ്ധേയ സാന്നിധ്യമാണ്. സാഹിദ അബ്ദുറഹിമാനാണ് ഭാര്യ. ഷാന പർവീൺ, ഷബാന, ഷഹല, ഷസ്ന എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.