Ministry of Interior Organized Workshop for State Imams From
ദോഹ: യുവാക്കൾക്കിടയിൽ ധാർമികമൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ബന്ധങ്ങളും കുടുംബസുരക്ഷയും നിലനിർത്തുന്നതിനുമായി രാജ്യത്തെ ഇമാമുമാർക്ക് ആഭ്യന്തര മന്ത്രാലയം പരിശീലന ശിൽപശാല സംഘടിപ്പിച്ചു. ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് ഇമാമുമാർക്കും പ്രബോധകർക്കുമായി മൂന്ന് ദിവസം നീണ്ടുനിന്ന ശിൽപശാല സംഘടിപ്പിച്ചത്. പൊതു സുരക്ഷാവകുപ്പ് മേധാവി മേജർ ജനറൽ അബ്ദുല്ല മുഹമ്മദ് അൽ സുവൈദി, ദഅ്വ-മോസ്ക് അഫേഴ്സ് അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹമദ് അൽ കുവാരി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ശിൽപശാല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഇമാമുമാർക്കും പ്രബോധകർക്കും വേണ്ടിയുള്ള കമ്യൂണിറ്റി പൊലീസിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്നതിനും സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസിന്റെ പങ്ക് വ്യക്തമാക്കുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ശിൽപശാലയിൽ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള 250ലധികം ഇമാമുമാരും മതപ്രഭാഷകരും പ്രബോധകരും ഒത്തുചേർന്നു. പെരുമാറ്റ പ്രശ്നങ്ങളും കുടുംബസുരക്ഷയെക്കുറിച്ചും കുടുംബത്തിലും സമൂഹത്തിലും ഉള്ള അവയുടെ സ്വാധീനത്തെക്കുറിച്ചും ശിൽപശാലയിൽ വിഷയങ്ങളവതരിപ്പിച്ചു.
രക്ഷാകർതൃ നിരീക്ഷണം സജീവമാക്കുന്നതിനുള്ള രീതികൾ, കുടുംബ ഘടനയിൽ ഇതിന്റെ അഭാവവും അതിന്റെ അനന്തരഫലങ്ങളും, രക്ഷാകർതൃ നിരീക്ഷണമെന്ന ചുമതലയുടെ സംയോജനം, കുടുംബത്തെ സുസ്ഥിരമാക്കുന്നതിൽ അതിന്റെ സ്വാധീനം, ഇന്റർനെറ്റിന്റെ പ്രതികൂല സ്വാധീനം, യുവാക്കൾക്കിടയിലെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം എന്നീ വിഷയങ്ങളിലും ശിൽപശാല ശ്രദ്ധയൂന്നി.
ധാർമിക മൂല്യങ്ങളെ ശിഥിലമാക്കുന്ന പ്രശ്നങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് യുവാക്കളാണെന്നും സമൂഹത്തെ നവീകരിക്കുന്നതിലും അതിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും മാർഗനിർദേശം നൽകുന്നതിലും ഇമാമുമാരുടെയും പ്രബോധകരുടെയും പങ്ക് വലുതാണെന്നും ശിൽപശാല ഉദ്ഘാടനം ചെയ്ത കമ്യൂണിറ്റി പൊലീസ് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ ഡോ. ഇബ്റാഹിം മുഹമ്മദ് അൽ സാമിഹ് പറഞ്ഞു. ഇസ്ലാമികകാര്യ വിദഗ്ധനും ഔഖാഫ് മന്ത്രാലയത്തിലെ കുടുംബ-വിദ്യാഭ്യാസ ഉപദേഷ്ടാവുമായ ഡോ. അഹ്മദ് അൽ ഖാദർ അൽ ഫർജാബി, ദേശീയ സൈബർ സുരക്ഷ ഏജൻസിയിലെ ഇൻഫർമേഷൻ സെക്യൂരിറ്റി സ്പെഷലിസ്റ്റ് ജാസിം അബ്ദുൽ റഹ്മാൻ അൽ സഅ്ദി എന്നിവരും വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് ശിൽപശാലയിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.