അബൂസംറ അതിർത്തി
ദോഹ: ചെറിയ പെരുന്നാൾ അവധിക്കാലത്ത് ഖത്തറിന്റെ കര അതിർത്തിയായ അബൂസംറ കടന്നെത്തിയത് നാലുലക്ഷത്തിനടുത്ത് സന്ദർശകർ. അയൽരാജ്യങ്ങളിൽനിന്ന് വാഹനങ്ങളും സന്ദർശകരും കുതിച്ചെത്തിയ അവധി നാളുകൾക്കായിരുന്നു ഖത്തർ സാക്ഷ്യംവഹിച്ചത്. 3,76,500 സന്ദർശകരും 107,300 വാഹനങ്ങളും അതിർത്തി കടന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അവധി അവസാനിച്ചെങ്കിലും പൗരന്മാർക്കും താമസക്കാർക്കുമുള്ള മെട്രാഷ് രണ്ട് ആപ്ലിക്കേഷനിലും സന്ദർശകർക്കുള്ള ഹയ്യ പ്ലാറ്റ്ഫോമിലും അതിർത്തിയിലെ തിരക്കൊഴിവാക്കുന്നതിനായുള്ള പ്രീ-രജിസ്ട്രേഷൻ സേവനം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഈദ് അവധിക്ക് തൊട്ടുമുമ്പാണ് ഖത്തർ പൗരന്മാർക്കും താമസക്കാർക്കുമായി അബൂസംറ അതിർത്തി കടക്കുന്നതിനുള്ള പ്രീ രജിസ്ട്രേഷൻ സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്. ഇതുവഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മാത്രമായി അനുവദിച്ച ഫാസ്റ്റ് ലൈനിലൂടെ പുറപ്പെടാനും എത്തിച്ചേരാനുമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും.
അതോടൊപ്പം മറ്റു പാതകൾ സാധാരണപോലെ പ്രവർത്തിക്കുകയും ചെയ്യും. ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ച പ്രീ രജിസ്ട്രേഷൻ സേവനം അതിർത്തി കടക്കുന്ന യാത്രക്കാർക്ക് ആവശ്യമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതിയാകും.മെട്രാഷ് രണ്ടിലെ ട്രാവൽ സർവിസ് വിഭാഗത്തിലാണ് പ്രീ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയിട്ടുള്ളത്. രാജ്യത്തെത്തുന്ന സന്ദർശകർക്ക് ഹയ്യ പോർട്ടലിലും ഈ സേവനം ഉപയോഗപ്പെടുത്താം.
അതേസമയം, ഈദ് അവധിക്കാലത്ത് ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരും താമസക്കാരുമുൾപ്പെടെ നിരവധി പേരാണ് ഖത്തറിലെത്തിയത്.ഖത്തറിലെ സൗകര്യങ്ങളെയും പരിപാടികളെയും സന്ദർശകർ അനുഭവിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. പരമ്പരാഗത വിനോദകേന്ദ്രങ്ങളായ സൂഖ് വാഖിഫ്, കതാറ മുതൽ ലുസൈൽ ബൊലെവാഡ്, മിന ഡിസ്ട്രിക്ട് തുടങ്ങിയ പുതിയ ഹോട്ട്സ്പോട്ടുകളിൽ വരെ നിരവധി സന്ദർശകരാണ് ഈദ് അവധിക്കാലത്ത് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.