ത്യാഗസ്മരണ പുതുക്കി ഖത്തറിൽ ബലിപെരുന്നാൾ ആഘോഷം

ദോഹ: ത്യാഗസ്മരണ പുതുക്കിയും തക്ബീർ ധ്വനികളുയർത്തിയും സൗഹൃദം പങ്കുവെച്ചും ഖത്തറിലെ വിശ്വാസി സമൂഹം ബലിപെരുന്നാൾ ആഘോഷ നിറവിൽ. സ്വദേശികളും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹവും പള്ളികളിലും ഈദ്ഗാഹുകളിലും അതിരാവിലെ തന്നെ പെരുന്നാൾ നമസ്കാരത്തിനായി ഒത്തുചേർന്നു.

മേയ് മാസത്തിലെ കടുത്ത ചൂടിന് അൽപം ശമനം നൽകിയ പ്രഭാതത്തിൽ, വിശ്വാസി സമൂഹം ഈദ് നമസ്കാരത്തിനായി പള്ളികളിലേക്കും ഈദ് നമസ്കാരത്തിനായി സജ്ജമാക്കിയ മൈതാനികളിലേക്കും പുലർച്ചെ തന്നെ പുറപ്പെട്ടു. രാവിലെ നാല് മണി മുതൽ നഗരത്തിലെ റോഡുകളെല്ലാം സജീവമായി. സുരക്ഷയും, ട്രാഫിക് ക്രമീകരണവുമായി അധികൃതറും ജാ​ഗരൂകരമായി. രാവിലെ അഞ്ചിനായിരുന്നു രാജ്യത്തിന്റെ എല്ലായിടങ്ങളിലും ഈദ് നമസ്കാരം നടന്നത്.

4.30ഓടെ തന്നെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെയുള്ളവർ നമസ്കാര സ്ഥലങ്ങളിലേക്ക് ഒഴുകിയെത്തി. മൈതാനങ്ങളും ഹാളുകളും ഉൾപ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഈദ് ഗാഹുകൾ സജ്ജമാക്കിയിരുന്നതിനാൽ ചെറിയ പെരുന്നാളിനെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 733 നമസ്കാര സ്ഥലങ്ങളാണ് സജ്ജീകരിച്ചത്. ദോഹയിലെ വിവിധ ഈദുഗാഹുകൾ, ഇമാം ഇബ്നു അബ്ദുൽവഹാബ് പള്ളി, അലി ബിൻ അലി മസ്ജിദ്, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവടങ്ങളിൽ ആയിരങ്ങൾ ഒത്തുചേർന്നു.

ഇബ്രാഹിം പ്രവാചകന്റെ ത്യാഗോജ്ജ്വലമായ ജീവിതവും ബലിപെരുന്നാളിന്റെ സന്ദേശവും ഉ​ൽബോധിപ്പിച്ച് ഇമാമുമാർ പെരുന്നാൾ ഖുതുബ നിർവഹിച്ചു. ഹജ്ജിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രഭാഷണങ്ങളിൽ ഓർമിപ്പിച്ചു.

ഖത്തറിൽ വിവിധ കേന്ദ്രങ്ങളിൽ ഈദ് ഖുതുബയുടെ മലയാള വിവർത്തനവും നിർവഹിച്ചു. ഖ​ത്ത​ർ ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ​ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫി​ന് കീ​ഴി​ലെ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ആ​ൽ​മ​ഹ്മൂ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്റ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്നാണ് പെ​രു​ന്നാ​ൾ ഖു​തു​ബ​യു​ടെ മ​ല​യാ​ള പ​രി​ഭാ​ഷാ സൗ​ക​ര്യം ഒ​രു​ക്കിയത്.

അ​ൽ ഖോ​ർ ലു​ലു ഈ​ദ് ഗാ​ഹിൽ ജം​ഷീ​ദ് ഇ​ബ്രാ​ഹിം, മ​സ്ജി​ദ് മു​നീ​റ അ​ൽ സു​വൈ​ദിയിൽ ഡോ. ​അ​ബ്ദു​ൽ വാ​സി​അ്, അ​ൽ അ​റ​ബി സ്റ്റേ​ഡി​യം ഈ​ദ് ഗാ​ഹിൽ പി.​പി. അ​ബ്ദു​റ​ഹീം, വ​ക്റ സ്​​പോ​ർ​ട്സ് ക്ല​ബ് ഗ്രൗ​ണ്ടിൽ കെ.​ടി. മു​ബാ​റ​ക്, ജാ​സിം ദ​ർ​വീ​സ് ഈ​ദ് ഗാ​ഹിൽ യാ​സി​ർ അ​റ​ഫാ​ത്ത്, അ​ൽ മെ​സി​ല ആ​യി​ഷ ബി​ൻ​ത് മു​ഹ​മ്മ​ദ് അ​ൽ സു​വൈ​ദി മ​സ്ജി​ദിൽ മു​ജീ​ബ് റ​ഹ്മാ​ൻ മ​ദ​നി, അ​ൽ സ​ദ്ദ് സ്​​പോ​ർ​ട്സ് ക്ല​ബ് സ്റ്റേ​ഡി​യത്തിൽ ഉ​മ​ർ ഫൈ​സി എ​ന്നി​വ​ർ പ​രി​ഭാ​ഷ നി​ർ​വ​ഹി​ച്ചു. നമസ്കാരത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്തും ഈദ് ആശംസകൾ നേർന്നും സൗഹൃദം പുതുക്കിയുമാണ് വിശ്വാസികൾ മടങ്ങിയത്.

Tags:    
News Summary - Eid al-Adha celebrated in Qatar, renewing the memory of sacrifice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.