ബയോേഫ്ലാക്ക് രീതിയിലെ മത്സ്യ ഉൽപാദനം
ദോഹ: മത്സ്യ ഉൽപാദനം വർധിപ്പിക്കുന്നതിന് പരിസ്ഥിതി സൗഹൃദ മത്സ്യകൃഷി രീതിയായ ബയോേഫ്ലാക്ക് രീതി സ്വീകരിച്ച് രാജ്യത്തെ പ്രാദേശിക ഫാമുകൾ. ശുദ്ധമായ ഭക്ഷ്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തത വർധിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് മത്സ്യ ഉൽപാദനത്തിന് പരിസ്ഥിതി സൗഹൃദ പുത്തൻ ആശയങ്ങളുമായി ഫാമുകൾ രംഗത്തുവന്നത്.
പ്രാദേശിക കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിൽ ഇഷ്ടാനുസൃതമാക്കിയുള്ള ബയോേഫ്ലാക്ക് സാങ്കേതികവിദ്യ അഗ്രികോ കമ്പനിയാണ് വികസിപ്പിച്ചത്. ഉൽപാദന വേളയിൽ ഫീഡ് ഇൻപുട്ടുകൾ സംരക്ഷിക്കാനും വെള്ളം ശുദ്ധീകരിക്കാനും കർഷകരെ സഹായിക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത.
വ്യക്തിഗത ഉപയോഗം മുതൽ വലിയ വാണിജ്യ ഫാമുകൾ വരെയുള്ള എല്ലാത്തരം മത്സ്യകൃഷിക്കും അനുയോജ്യമായ സംവിധാനമാണിത്.മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് റാസ് മത്ബഖിലെ അക്വാട്ടിക് റിസർച് സെന്റർ നടത്തുന്ന അഗ്രികോ താമസിയാതെ പുതിയ സംവിധാനം മറ്റു ഫാമുകളിലേക്കും വിതരണം ചെയ്യും.
ഞങ്ങളുടെ ചെമ്മീൻ കൃഷിയിൽ പുതിയ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിച്ചുവരുകയാണെന്നും രാജ്യത്തെ മറ്റു ഫാമുകളിലേക്ക് ഈ സാങ്കേതികവിദ്യ ഉടൻ കൈമാറാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഗ്രികോ ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് ചെയർമാൻ അഹ്മദ് ഹുസൈൻ അൽ ഖലഫ് പറഞ്ഞു.
പ്രാദേശിക കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിൽ ഇൻഡോർ ബയോേഫ്ലാക്കും റീസർക്കുലേറ്ററി അക്വാകൾചർ സിസ്റ്റവും തങ്ങൾ വികസിപ്പിച്ചെടുത്തതായി പ്രാദേശിക ദിനപത്രത്തോട് സംസാരിക്കവെ അൽ ഖലഫ് ചൂണ്ടിക്കാട്ടി.മെക്കാനിക്കൽ, ബയോളജിക്കൽ ഫിൽട്ടറേഷനു ശേഷം, സസ്പെൻഡ് ചെയ്ത പദാർഥങ്ങൾ, മെറ്റാബോളിറ്റുകൾ എന്നിവ നീക്കം ചെയ്ത് വെള്ളം റീസൈക്കിൾ ചെയ്ത് വീണ്ടും ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ആർ.എ.എസ് എന്ന റീസർക്കുലേറ്ററി അക്വാകൾചറൽ സിസ്റ്റമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്നതിലൂടെ മത്സ്യ ഉൽപാദനത്തിന്റെ ഗുണനിലവാരവും അളവും വർധിക്കുന്നുവെന്നും ചെറുകിട ഫാമുകളിൽ കൂടുതൽ മത്സ്യം വളർത്താൻ അനുവദിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം, വ്യക്തിഗത ഉപയോഗത്തിനുപോലും ചെറിയ സൗകര്യങ്ങളിൽ കടലിൽ മത്സ്യം വളർത്താനും ഇത് കർഷകരെ പ്രാപ്തമാക്കുന്നുവെന്നും വ്യക്തമാക്കി.
പ്രാദേശിക മത്സ്യഫാമുകളിലേക്ക് ബയോേഫ്ലാക്ക് സംവിധാനം ഉടൻ ലഭ്യമാക്കുന്നതിന് മന്ത്രാലയവും അഗ്രികോയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. കാർഷികോൽപാദനം, മത്സ്യകൃഷി വ്യവസായം, മൃഗസംരക്ഷണം എന്നിവ ലക്ഷ്യമിട്ട് 2011ലാണ് അഗ്രികോ ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് എന്ന കമ്പനി സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.