ദോഹ: റമദാനിലെ ആദ്യ ദിനങ്ങളിൽ വിവിധ കേസുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചതായി അധികൃതർ. മുൻവർഷത്തെ അപേക്ഷിച്ച്, ആമാശയ സംബന്ധമായ അസ്വസ്ഥതകൾ, റോഡ് അപകടങ്ങൾ, ഹൈപ്ലോ ഗ്ലൈസീമിയ, നിർജലീകരണം എന്നിവ സംബന്ധിച്ച കേസുകളിൽ റമദാനിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയതായി ഹമദ് ജനറൽ ആശുപത്രി എമർജൻസി മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. സാറ മക്കി പറഞ്ഞു. എന്നാൽ, റിപ്പോർട്ട് ചെയ്തവയെല്ലാം നിസ്സാരമായ കേസുകളായിരുന്നുവെന്നും ഇവർ വിശദീകരിച്ചു.
എല്ലാ വർഷങ്ങളിലും റമദാനിലെ രോഗികളുടെ എണ്ണത്തിൽ മാറ്റങ്ങളുണ്ടാവാറുണ്ട്. വൈകീട്ടും രാത്രിയുമാണ് തിരക്ക് അനുഭവപ്പെടുന്നത്. ഏറെയും, തെറ്റായ ഭക്ഷണ രീതികൾ കൊണ്ടുള്ള ആരോഗ്യ പ്രശ്നമാണ്. നിത്യരോഗികൾക്ക് ജീവിതശൈലി മാറുന്നതിന്റെ പ്രയാസങ്ങളും റമദാനിലെ ആദ്യ ദിനങ്ങളിൽ കാണാം. ഗുരുതരമല്ലാത്ത പല കേസുകൾക്കും പ്രൈമറി ഡോക്ടറെക്കണ്ട് ചികിത്സ തേടാതെയാണ് എമർജൻസിയിലെത്തുന്നത്. ഗുരുതരമായ കേസുകൾക്ക് പുറമെയാണ് ഇത്തരം നിസ്സാര പ്രശ്നങ്ങൾ എമർജൻസി വിഭാഗത്തിലെത്തുന്നത്-അവർ പറഞ്ഞു.
അതേസമയം, അടിയന്തര ചികിത്സ ആവശ്യമുള്ള ഗുരുതരമായ കേസുകളുള്ള രോഗികളെ സ്വീകരിക്കാൻ അത്യാഹിത വിഭാഗങ്ങൾ എപ്പോഴും തയാറാണെന്നും ഡോ. സാറ മക്കി പറഞ്ഞു. ഹമദിനു കീഴിലെ എമർജൻസി വിഭാഗങ്ങൾ റമദാനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഓരോ ഷിഫ്റ്റിലും ഹമദിൽ 30-35 വരെ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.
ഗുരുതരമല്ലാത്ത കേസുകൾക്ക് ഹമദ് എമർജൻസിയിൽ എത്തേണ്ട ആവശ്യമില്ല. പനി, നടുവേദന, ചെറിയ പൊള്ളൽ തുടങ്ങി നിസ്സാര കേസുകളിൽ പി.എച്ച്.സി.സികളിൽ ചികിത്സ തേടാം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ അർജന്റ് കെയർ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. റൗദത്തുൽ ഖൈൽ, ഗറാ അൽ റയാൻ, അൽ കഅബാൻ, അൽ ഷെഹാനിയ, അൽ റുവൈസ്, മുഐതർ, അബു ബകർ അൽ സിദ്ദീഖ്, ഉംസലാൽ, അൽ മഷാഫ് എന്നി പി.എച്ച്.സി.സികളിൽ അർജന്റ് കെയർ സെന്ററുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.