ദോഹ: മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ കൂട്ടായ്മ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) സ്പോർട്സ് കാമ്പയിൻ കിക്കോഫ് 2022ന്റെ ഭാഗമായി ഇന്റർസ്കൂൾ ഫുട്ബാൾ സെവൻസ് ടൂർണമെന്റ്, ഇന്റർസ്കൂൾ ഇന്റർനാഷനൽ ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു.
ഫിഫ വേൾഡ് കപ്പ് ആസ്പദമാക്കിയുള്ള ക്വിസിൽ ഖത്തറിലെ വിവിധ കമ്യൂണിറ്റി സ്കൂളുകളും ഇൻഡിപെൻഡൻസ് സ്കൂളുകളും പങ്കെടുക്കും. ക്വിസ് മത്സരങ്ങൾക്ക് പ്രമുഖരായ ക്വിസ് മാസ്റ്റർമാർ നേതൃത്വം നൽകുന്നതാണ്. പങ്കെടുക്കുന്ന മുഴുവൻ ടീമുകളിൽനിന്ന് പ്രഥമ റൗണ്ടിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ആറ് ടീമുകൾ ഫൈനലിൽ മത്സരിക്കും. ക്വിസ് മത്സരം ഈ മാസം 23ന് വൈകീട്ട് അഞ്ചുമുതൽ അൽറയാൻ സ്കൂളിലെ ഇൻഡോർ ഹാളിൽ സംഘടിപ്പിക്കും.
15, 16, 22 തീയതികളിലായി അൽറയാൻ പ്രൈവറ്റ് സ്കൂൾ ഫുട്ബാൾ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഇന്റർസ്കൂൾ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഖത്തറിലെ വിവിധ സ്കൂളുകളിലെ 16 ടീമുകൾ മാറ്റുരക്കും. ഫൈനൽ മത്സരങ്ങൾ അതേ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 23ന് അരങ്ങേറും. വൈകീട്ട് ആറിന് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിയിൽ കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള കലാകാരന്മാർ അണിനിരക്കുന്ന സാംസ്കാരിക സമ്മേളനം ഖത്തർ പ്രവാസി സമൂഹത്തിന്റെ വേൾഡ് കപ്പ് സമർപ്പണം ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫുട്ബാൾ ടൂർണമെന്റ്, ക്വിസ് മത്സരം എന്നിവയിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഡോം ഖത്തർ ഫേസ്ബുക്ക് പേജ് സന്ദർശിക്കുകയോ 33065549, 70970230, 55609982 നമ്പറുകളിലോ info@domqatar.com ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.