ദൗ ബോട്ടുകൾക്കായി നിർമിച്ച ദോഹ കോർണിഷിലെ ഡക്കുകൾ

കടൽസൗന്ദര്യമറിയാൻ 'ദൗ ബോട്ടുകൾ'

ദോഹ: ഫിഫ ലോകകപ്പ് 2022 തയാറെടുപ്പുകളുടെ ഭാഗമായി കോർണിഷിലെ അൽ ബിദ്ദ കാൽനടപ്പാത, ദഫ്ന നടപ്പാത, ഷെറാട്ടൺ പാർക്ക് എന്നിവക്ക് സമീപത്തെ ദൗ ബോട്ട് (പായ് വഞ്ചി) ഡക്കുകളുടെ നിർമാണം പൂർത്തിയായതായി റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവത്കരിക്കുന്നതിനുള്ള മേൽനോട്ട സമിതി അറിയിച്ചു.

ഖത്തർ ടൂറിസം, പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം, ഗതാഗത മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, പ്രൈവറ്റ് എൻജിനീയറിങ് ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. രാജ്യത്തെ വിവിധ സംഘടനകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് ഫിഫ ലോകകപ്പ് ഖത്തർ 2022 വിജയകരമായി സംഘടിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കാൻ സമിതി രൂപവത്കരിച്ചുമുതൽ പ്രതിജ്ഞാബദ്ധമാണെന്ന് പൊതു സ്ഥലങ്ങളും സൗന്ദര്യവത്കരിക്കുന്നതിനുള്ള മേൽനോട്ട സമിതി ഉപാധ്യക്ഷൻ എൻജി. സാറ കഫൂദ് പറഞ്ഞു. മധ്യപൂർവേഷ്യയിൽ ആദ്യമെത്തുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറായിരിക്കെ, പുതിയ സംസ്കാരവും പൈതൃകവും പരിചയപ്പെടുന്നതിനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് പരമ്പരാഗത ബോട്ടുകളുടെ ഡെക്കുകൾ സജ്ജീകരിച്ചത്.

കോർണിഷിലും രാജ്യത്തുമായി നടക്കുന്ന പ്രധാന അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ ഭാഗമായാണ് ദൗ ബോട്ട് ഡക്കുകളുടെ നിർമാണ പദ്ധതിയെന്നും ഖത്തറിലെ ഏറ്റവും പ്രധാനപ്പെട്ടതും സന്ദർശിച്ചിരിക്കേണ്ടതുമായ വിനോദസഞ്ചാര കേന്ദ്രമാണ് ദോഹ കോർണിഷെന്നും സാറ കഫൂദ് ചൂണ്ടിക്കാട്ടി.

വിനോദസഞ്ചാര മേഖലയിൽ ലോകോത്തര കേന്ദ്രമായി ഖത്തറിനെ ഉയർത്തിക്കൊണ്ടുവരുന്നതിൽ ഖത്തർ ടൂറിസം പ്രവർത്തിച്ചുവരുകയാണെന്നും 2030ഓടെ പ്രതിവർഷം ആറ് ദശലക്ഷം സന്ദർശകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നതെന്നും ടൂറിസം പ്രൊഡക്ട് സപ്പോർട്ട് സെക്ഷൻ മേധാവി മർയം സഈദ് പറഞ്ഞു.

രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെറയും നാഗരികതയുടെയും മുഖച്ഛായയാണ് പരമ്പരാഗത പായ്വഞ്ചികളായ ദൗ ബോട്ടുകളെന്നും കോർണിഷിൽ വാട്ടർഫ്രണ്ടിലൂടെ സന്ദർശകർക്ക് ദോഹയെ അടുത്തറിയുന്നതിന് അവ അവസരമൊരുക്കുമെന്നും പ്രോജക്ട് ഡിസൈൻ എൻജി. മർയം അൽ കുവാരി പറഞ്ഞു.

Tags:    
News Summary - Dhow boats to experience the beauty of the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.