ദോഹ: രാജ്യത്തെ വിവിധ ഗതാഗത സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'ദർബ്' മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിച്ച് ഖത്തർ ഗതാഗത മന്ത്രാലയം. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയാണ് മന്ത്രാലയം ഈ വിവരം പങ്കുവെച്ചത്. പൊതുജനങ്ങൾക്ക് മന്ത്രാലയത്തിന്റെ സേവനങ്ങൾ കൂടുതൽ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദർബ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.
കടൽ മാർഗമുള്ള ഗതാഗതത്തിനും കര ഗതാഗതത്തിനുമുള്ള വിവിധ സേവനങ്ങൾ ആപ്പിലൂടെ ലഭ്യമാണ്. ഈ പ്ലാറ്റ്ഫോമിലൂടെ, ഉപയോക്താക്കൾക്ക് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വാർത്തകൾ, പ്രഖ്യാപനങ്ങൾ, ഇവന്റുകൾ എന്നിവ അറിയാനും ഗവൺമെന്റ് പോളിസികൾ, നിയന്ത്രണങ്ങൾ, നിലവിലുള്ള സംരംഭങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആക്സസ് ചെയ്യാനും കഴിയും. സമുദ്രഗതാഗത ഉപയോക്താക്കൾക്ക്, ചെറിയ ബോട്ടുകളുടെ രജിസ്ട്രേഷൻ, മാനേജ്മെന്റ് നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ആപ്പിലൂടെ പൂർത്തിയാക്കാം.
വിവിധ സേവനങ്ങൾക്കായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി ട്രാക്ക് ചെയ്യാനും സാധിക്കും. പൊതുജനങ്ങൾക്ക് ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഓഫിസുകൾ സന്ദർശിക്കാതെ തന്നെ സ്മാർട്ട്ഫോൺ വഴി സേവനങ്ങൾ ഉറപ്പാക്കാൻ ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു. നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം അക്കൗണ്ട് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സുരക്ഷിതമായി ആപ്പിൽ ലോഗിൻ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.